"എന്റെ കവിതയും എന്റെ ആത്മകഥയും ഒന്നുതന്നെയാണ്”എന്ന് പ്രഖ്യാപിച്ച അക്കിത്തം അച്ച്യുതൻ നമ്പൂതിരി 1955ൽ സ്ക്രിപ്റ്റ് റൈറ്ററായി ആകാശവാണി കോഴിക്കോട് നിലയത്തിൽ ഔദ്യോഗികജീവിതം ആരംഭിച്ചു. അതിനു മുൻപ്,ചോരതുടിയ്ക്കുന്ന പ്രായത്തിൽ തന്നെ, തന്റെ രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങളെ പൊളിച്ചെഴുതി.
ഹൃഗ്വേദത്തിലെ അവസാനഭാഗത്തുള്ള ‘സംവാദസൂക്തം”വായിച്ച്,അതിനെ ‘ആദ്യ കമ്മ്യൂണിസ്റ്റ് കൃതി’യായി കണ്ടറിഞ്ഞ തീവ്ര ഇടതുപക്ഷക്കാരനായിരുന്നു, അക്കിത്തം.അക്കാലത്ത് നമ്പൂതിരി സമുദായത്തിൽ വിമോചനത്തിന്റെ തീക്കാറ്റുയർത്തിയ വി.ടി.ഭട്ടതിരിപ്പാടിന്റേയും ഇ.എം.എസിന്റേയും സെക്രട്ടറിയായി പ്രവർത്തിച്ച,നാടകങ്ങളിൽ അഭിനയിച്ച,പാലിയം സത്യഗ്രഹത്തിൽ പങ്കെടുത്ത,അക്കിത്തം തന്നെ തന്നെ വിചാരണ ചെയ്തു.1952ൽ കവിതയായി അത് പുറത്തുവന്നു;ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.
-അതൊരു കുമ്പസാരമായിരുന്നു-വിപ്ലവം തോക്കിൻ കുഴലിലൂടെയല്ല ഉണ്ടാകേണ്ടതെന്ന വലിയ തിരിച്ചറിവായിരുന്നു അത്. ഹിംസയെ നിരാകരിച്ച ജ്ഞാനോദയം . പത്തു വയസുമുതൽ ഖദറിട്ട,ഗാന്ധിജിയെ ആരാധിച്ച,ലളിതജീവിതം നയിച്ച അക്കിത്തത്തിന്റെ 1985 വരെ നീണ്ടുനിന്ന ആകാശവാണി ജീവിതവും കവിതകളും ഈ ആത്മ പരിവർത്തനത്തിന്റെ തുടർച്ചയായിരുന്നു.
പി.വി.കൃഷ്ണമൂർത്തി എന്ന ക്രാന്തദർശിയായ പ്രോഗ്രാം മേധാവിയാണ് അദ്ദേഹത്തിന് ആകാശവാണിയിലേക്കുള്ള വഴിയൊരുക്കിയത്.അവിടെ ഉറൂബുണ്ടായിരുന്നു.പൊന്നാനിക്കളരിക്കാരൻ.1947 മുതൽക്കേ പരിചയമുള്ള സ്നേഹിതൻ.ഗുരുവായ ഇടശ്ശേരിയുടെ സ്വന്തക്കാരൻ.പൊന്നാനി താലൂക്ക് കലാസമിതിയുടെ ‘കൂട്ടുകൃഷി’നാടകം കളിച്ച്, ഉത്തര മലബാർ മുഴുവൻ ചുറ്റിക്കറങ്ങിയവർ.ആദ്യകാലങ്ങളിൽ അതിഭൗതികവാദിയായിരുന്ന തന്നെ തിരികെ കൊണ്ടുവന്ന ജ്യേഷ്ഠൻ എന്നാണ് അക്കിത്തം അദ്ദേഹത്തെ വിശേഷിപ്പിച്ചത്.(പിൽക്കാലത്ത് ആത്യന്തികാത്മീയ വാദത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനും ഉറൂബ് ശ്രമിച്ചുവോ എന്നും അദ്ദേഹം സംശയിച്ചിരുന്നു).
“ഞാനെന്ന ഭാവമിഹ തോന്നായ്കയാണു പരമസത്യം”,“സ്നേഹം,ദൈവം,കവിത ഇവ ഒന്നുതന്നെയാണ്”എന്ന് അക്കിത്തം പിൽക്കാലത്ത് പറഞ്ഞത്,അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരെല്ലാം , അദ്ദേഹത്തിന്റെ കവിതകൾ വായിച്ചവരെല്ലാം അനുഭവിച്ചറിഞ്ഞ സത്യം.
കെ.രാഘവൻ , തിക്കോടിയൻ,എൻ.എൻ.കക്കാട്..പ്രതിഭകളുടെ വൻ നിര തന്നെയുണ്ടായിരുന്നു,അവിടെ. പിന്നാലെ മൌനിയായ കെ.എ.കൊടുങ്ങല്ലൂരെത്തി.തുടർന്ന് വിനയൻ,കരുമല ബാലകൃഷ്ണൻ,ഏതാനും വർഷം യു.എ.ഖാദർ…
അക്കിത്തം, എം.ടി വാസുദേവൻ നായർക്കൊപ്പമായിരുന്നു,കോഴിക്കോട് ആദ്യം താമസിച്ചത്.അവർ ഒരേ സ്കൂളിൽ പഠിച്ചവരായിരുന്നു.അക്കിത്തം കുമരനെല്ലൂർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ , എം.ടി അവിടെ ഫസ്റ്റ്ഫോറത്തിലായിരുന്നു.മനയിലെ പത്തായപ്പുരയിലുള്ള പുസ്തകങ്ങളുമായി പ്രണയത്തിലായി, 'വാസു'.
അക്കിത്തത്തിന്റെ കത്തുമായി പാലക്കാട്ട് പോയി, മൂസത് പാരലൽ കോളേജിൽ അദ്ധ്യാപകനായി,അദ്ദേഹം കോഴിക്കോട്ടെത്തിയിരുന്നു.
ആകാശവാണിയിൽ വിവിധ പരിപാടികൾക്കുള്ള സ്ക്രിപ്റ്റുകൾ എഴുതുക മാത്രമല്ല,അവയ്ക്ക് ശബ്ദം നൽകുകയും അഭിനയിക്കുകയും വേണം. അക്കിത്തത്തിന്റേത് നല്ല മുഴക്കമുള്ള ശബ്ദം.സ്ഫുടമായ ഉച്ചാരണം.’അക്കി-തിക്കു-കൊടു-കക്കു’മാർ ചേർന്ന് അന്ന് എന്നും വൈകിട്ട് ‘നാട്ടിൻപുറം ‘പരിപാടിയിൽ അവതരിപ്പിച്ചിരുന്ന രൂപകം ഏറെ പ്രസിദ്ധമായിരുന്നു.
അക്കാലത്ത് കെ.പി.കേശവമേനോൻ എഴുതിയ “മഹാത്മ“ എന്ന നാടകം വേദിയിൽ അവതരിപ്പിച്ചപ്പോൾ,മോത്തിലാൽ നെഹൃവായി കേശവമേനോൻ തന്നെ വേഷമിട്ടു.നെഹൃവായി ഉറൂബും,മുഹമ്മദലി ജിന്നയായി അക്കിത്തവും അഭിനയിച്ചു. പിന്നെ,എല്ലാ ഞായറാഴ്ചയും ഏതെങ്കിലും വീട്ടിൽ ഒത്തു കൂടി , തീപാറുന്ന സാഹിത്യ ചർച്ചകൾ :'കോലായ' സാഹിത്യ വേദി.ആർ. രാമ ചന്ദ്രൻ , എൻ.പി.മുഹമ്മദ്, ഉറൂബ്, കക്കാട്, എം.ജി.എസ് നാരായണൻ ....
ആർട്ടിസ്റ്റുകളുടെ മുറിയിലോ കാന്റീനിലോ ഇരുന്ന് ,മുറുക്കാൻ ചെല്ലം തുറന്ന് നാലുംകൂട്ടി മുറുക്കുന്ന അക്കിത്തം മിതഭാഷിയായിരുന്നുവെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. ഉറൂബിനും പ്രിയം മുറുക്കായിരുന്നു. മറ്റുള്ളവർക്ക് പുകവലിയും . എന്നും സൌമ്യനും അക്ഷോഭ്യനുമായിരുന്ന അദ്ദേഹം ദീർഘകാലം “ഗാന്ധിമാർഗം”പരിപാടിയും അവതരിപ്പിച്ചു.അതിനായി ഗാന്ധിയൻ സാഹിത്യം കാര്യമായി പഠിച്ചു.ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച്,അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനസംഭവങ്ങളുമായി ബന്ധപ്പെടുത്തി, ഒരു പരമ്പര പ്രക്ഷേപണം ചെയ്യാനുള്ള പദ്ധതി ഉറൂബ് മുൻകൈയെടുത്ത് അംഗീകാരത്തിനായി അധികാരികൾക്കയച്ചു.പക്ഷേ,എന്തുകൊണ്ടോ അതിന് അനുമതി കിട്ടിയില്ല.
അക്കിത്തത്തിന്റെ ‘ഗാന്ധിമാർഗം’പരിപാടിയ്ക്ക് ധാരാളം ശ്രോതാക്കളുണ്ടായി.കേളപ്പനും ഇടശ്ശേരിയുമൊക്കെ ഇത് കേട്ട് ,അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഗാന്ധിജിയെക്കുറിച്ച് മൂല്യവത്തായ കൃതി രചിക്കാൻ അവർ അക്കിത്തത്തെ ഉപദേശിക്കുകയും ചെയ്തു.”ധർമ്മസൂര്യൻ”എന്ന ഖണ്ഡകാവ്യത്തിന്റെ പിറവി അങ്ങനെയായിരുന്നു.ഗാന്ധിജിയുടെ വധത്തെക്കുറിച്ച് മുൻപ് എഴുതിയ കവിത വികസിപ്പിക്കുകയായിരുന്നു.
ആകാശവാണിയിൽ കുട്ടികൾക്കുവേണ്ടിയും അദ്ദേഹം പാട്ടുകൾ എഴുതി.ഒറ്റപ്പാലത്ത് നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തിൽ വെച്ച് കണ്ട പൈങ്കുളം പാറുക്കുട്ടിയമ്മ നിർബന്ധിപ്പിച്ച് അദ്ദേഹത്തെക്കൊണ്ടു കുട്ടിക്കവിതകളെഴുതിച്ചിരുന്നു.”കണ്ടവരുണ്ടോ”,
“അഞ്ചു നാടോടിപ്പാട്ടുകളിലൂടെ“എന്നിവ അങ്ങനെയുണ്ടായതാണ്.ആകാശവാണിക്കാലത്തെഴുതിയ കുട്ടിക്കവിതകൾ സമാഹരിച്ച്,1976ൽ “കടമ്പിൽ പൂത്ത കവിത”എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക ജീവിതത്തിൽ വിരസമായ വിഷയങ്ങളെക്കുറിച്ച് നിരന്തരം എഴുതേണ്ടിവന്നിട്ടുണ്ട്, അക്കിത്തത്തിനും . മുഖ്യമായും കാർഷികപരിപാടികളുടെ സ്ക്രിപ്റ്റുകളായിരുന്നു,അവ.അതെക്കുറിച്ച്,അദ്ദേഹത്തോടൊപ്പം തൃശൂർ നിലയത്തിൽ സബ് എഡിറ്ററായി ജോലിചെയ്ത എസ്.രമേശൻ നായർ പറഞ്ഞതിങ്ങനെ:“ഡൈമക്രോൺ,നുവാക്രോൺ തുടങ്ങിയ കീടനാശിനികൾ പത്ത് ലിറ്റർ കവിതയിൽ കലർത്തി,ചെള്ളിന്റെ ബാധയുള്ള തെങ്ങിൻ മണ്ടകളിൽ തളിയ്ക്കുകയായിരുന്നു,അക്കിത്തം”.
കോഴിക്കോട് നിലയത്തിൽ അദ്ദേഹത്തോടൊപ്പം ജോലിചെയ്ത കവി.പി.പി.ശ്രീധരനുണ്ണി അക്കാലത്തെക്കുറിച്ച് പറയുന്നതിങ്ങനെ;“എപ്പോൾ കാണുമ്പോഴും കവി ഭാവനാലോകത്തിൽ സഞ്ചരിയ്ക്കുകയായിരിക്കും.അതിനിടയിലാണ് റേഡിയോയ്ക്കുവേണ്ടി കൃതികൾ തയ്യാറാക്കുന്നത്.അദ്ദേഹത്തിനതിൽ വേർതിരിവില്ലായിരുന്നു.രണ്ടും സർഗസൃഷ്ടിയാണല്ലോ എന്നായിരിക്കും മറുപടി”.
റേഡിയോയിൽ കനപ്പെട്ടതൊന്നും വരുന്നില്ലെന്ന വിമർശനത്തിനുള്ള മറുപടിയാണ് ,സാഹിത്യപരിപാടിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ട അക്കിത്തത്തിന്റെ കവിത “ബലിദർശനം”.ശ്രീശങ്കരന്റേയും ശ്രീനാരായണഗുരുവിന്റേയും അദ്വൈതദർശനത്തെ ഒന്നായിക്കണ്ട,“ഭ്രാന്തശാലയിൽ വീണ്ടും വേദാന്തസൂര്യനുദിച്ചപ്പോൾ,ശ്രീനാരായണബിംബം തന്നെ ശ്രീശങ്കര ബിംബം”എന്ന ദാർശനികമാനമുള്ള ലളിതഗാനം പിറന്നതും ആകാശവാണിയിൽ തന്നെ.അതെക്കുറിച്ച് ശ്രീധരനുണ്ണി ഓർക്കുന്നതിങ്ങനെ:“ 1970കളിലാന്നത്.അന്ന് ഉറൂബും അക്കിത്തവും സാഹിത്യ,പ്രഭാഷണപരിപാടികളുടെ വിഭാഗത്തിലായിരുന്നു.ഗുരുവിനെക്കുറിച്ച് പാട്ട് വേണമെന്ന നിർദ്ദേശം വന്നപ്പോൾ ഉറൂബ് ഉറപ്പിച്ചു-അക്കിത്തം തന്നെ എഴുതും.മുൻപിലിരിക്കുന്ന കെ.എ.കൊടുങ്ങല്ലൂർ ആദ്യമായി ചിരിച്ചു.രാഘവൻ മാഷ് വന്ന് അക്കിത്തത്തിന്റെ മുൻപിൽ കസേര വലിച്ചിട്ടിരുന്നു.അക്കിത്തം പല്ലവി എഴുതി.അത് വായിച്ച്,രാഘവൻ മാസ്റ്റർ ചോദിച്ചു;മാഷേ,അതിലെ ‘ഹാ’എന്നത് ഒഴിവക്കിയാലോ?.അക്കിത്തം പറഞ്ഞു;“അത് അവിടെ കിടക്കട്ടെ”.
മഹാരഥന്മാരെല്ലാം ഉണ്ടായിരുന്ന കാലം കോഴിക്കോട് ആകാശവാണിയിൽ പ്രക്ഷേപണകലയുടെ സുവർണ്ണകാലമായിരുന്നുവെന്ന് ശ്രീധരനുണ്ണി അനുസ്മരിക്കുന്നു.വൈകുംന്നേരം എല്ലാവരും കൂടി ഒന്നിച്ചാണിറങ്ങുക.തൊട്ടടുത്ത സ്വാമിയുടെ കടയിൽ നിന്ന് ലഘുഭക്ഷണം.പിന്നെ മാനാഞ്ചിറയിലേക്കോ മിഠായിത്തെരുവിലേക്കോ…അക്കാലത്ത് അക്കിത്തം താമസിച്ചിരുന്നത് ഗാന്ധിഗൃഹത്തിലായിരുന്നു.അവിടെ അദ്ദേഹം കമിഴ്ന്നുകിടന്ന്,ഒരു പ്രത്യേകരീതിയിൽ എഴുതുന്നത് പലപ്രാവശ്യം കണ്ടിട്ടുണ്ട് , ശ്രീധരനുണ്ണി .
ഇടിഞ്ഞുപൊളിഞ്ഞ ലോകം,പണ്ടത്തെ മേശാന്തി,തുലാവർഷം,നിത്യമേഘം,വെണ്ണക്കല്ലിന്റെ കഥ തുടങ്ങിയ കൃതികളും പ്രസിദ്ധീകരിക്കപ്പെട്ടത് ആകാശവാണിക്കാലത്തായിരുന്നു.
”എന്റെയല്ലല്ലെന്റെയല്ലീ കൊമ്പനാനകൾ
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ” എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ വരികൾ (പണ്ടത്തെ മേശാന്തി),ആകാശവാണി അനുഭങ്ങളെ മുൻനിർത്തി എഴുതപ്പെട്ടവയാണ്.അതിനു നിദാനമായി മകൻ എ.നാരായണൻ ചൂണ്ടിക്കാണിയ്ക്കുന്നതിതാണ്;“സ്ക്കൂൾ കുട്ടികളേയുംകൊണ്ട് കോഴിക്കോട്ട് വിനോദയാത്രയ്ക്കു പോകുന്നവർ റേഡിയോ നിലയം കാണാൻ,അച്ഛനെയാണ് സമീപിയ്ക്കുക.ആ സന്ദർഭങ്ങളിലൊന്നിൽ മനസിൽ തോന്നിയ വരികളാണിവ”.
വൈദികമന്ത്രോച്ചാരണങ്ങൾ കേട്ട് വളർന്ന അക്കിത്തത്തിന്റെ ജീവിതദർശനം ഈ വരികളിൽ അടങ്ങിയിട്ടുണ്ട്.’ഇദം ന മമ”എന്നതാണത്.ഇക്കാണുന്നതൊന്നും തന്റെയല്ല എന്ന് തിരിച്ചറിഞ്ഞ അനാസക്തനായിരുന്നു,അക്കിത്തം.
എഡിറ്ററായി പ്രൊമോഷൻ ലഭിച്ച്, 1976ൽ അക്കിത്തം തൃശൂർ നിലയത്തിലെത്തി.കേരളത്തിലെ കാർഷികപ്രക്ഷേപണത്തിനു തുടക്കം കുറിച്ച നിലയത്തിൽ,‘വയലും വീടും’വിഭാഗത്തിൽ അദ്ദേഹത്തോടൊപ്പം സബ് എഡിറ്ററായി കവി എസ്.രമേശൻ നയരുമുണ്ടായിരുന്നു. കാഷ്വൽ സ്ക്രിപ്റ്റ് റൈറ്റർമാരായി കുറച്ചുകാലം കോവിലനും മാടമ്പ് കുഞ്ഞിക്കുട്ടനും അവിടെയുണ്ടായിരുന്നു.
“തൃശൂർ നിലയത്തിലെ പത്താം നമ്പർ മുറി ഞങ്ങളുടെ കാലത്ത് സാഹിത്യചർച്ചകളാൽ മുഖരിതമായിരുന്നു.മഹാകവി ജി,വൈലോപ്പിള്ളി,ഓട്ടൂർ,ഒളപ്പമണ്ണ,ഉറൂബ്,എം.ആർ.ബി,പ്രേംജി,മഹാകവി പി,കെ.പി.നാരായണ പിഷാരടി,എം.പി. ശങ്കുണ്ണി നായർ,പവനൻ,പുതുക്കാട് കൃഷ്ണ കുമാർ,ടി.ആർ.നായർ തുടങ്ങി എണ്ണിയാൽ തീരാത്ത ബന്ധങ്ങൾ അങ്ങനെയുണ്ടായി”,അക്കാലത്തെക്കുറിച്ച് എസ്.രമേശൻ നായർക്ക് ഓർക്കാനേറെയുണ്ട്.“അക്കിത്തത്തെ കണ്ടുമുട്ടുന്ന നിമിഷം വരെ,കവിതയിൽ ഒരുതരം താന്തോന്നി തന്നെയായിരുന്നു,ഞാൻ.പുതിയ ബോധങ്ങൾ എനിക്കുണ്ടായിത്തുടങ്ങുന്നതും ഒരു കണ്ണാടിയില്ലാത്ത വിഷമത്തിൽ നിന്ന് എന്റെ കവിതയുടെ മുഖശ്രീ മുക്തമാകുന്നതും അതിനു ശേഷമാണ്”.
അക്കിത്തം ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും,ദേവസ്വം ക്വാർട്ടേഴ്സിലെത്തി, അവിടെ ഒറ്റയ്ക്ക് താമസിക്കുന്ന വൈലോപ്പിള്ളിയെ കാണും.ഒപ്പം രമേശൻ നായരുമുണ്ടാകും.”ഇത്രയും ശുദ്ധനും ലജ്ജാലുവുമായ ഈ കവിയാണോ മലയാളത്തിലെ കരുത്തുറ്റ അനേകം കവിതകളുടെ സ്രഷ്ടാവ്! എനിക്കത്ഭുതം തോന്നി.ചായ സൽക്കാരവും സാഹിത്യ സൽക്കാരവും ഒരുപോലെ മധുരം പകർന്ന ധന്യ സന്ധ്യകൾ“.
പൊതുവേദികളിലൊന്നും പ്രത്യ ക്ഷപ്പെടാത്ത,‘ധിക്കൃതശക്രപരാക്രമി’യായ എം.പി.ശങ്കുണ്ണി നായരെ നിർബന്ധിപ്പിച്ച് ഒരു പ്രഭാഷണത്തിന് റേഡിയോനിലയത്തിൽ കൊണ്ടുവന്നു,അക്കിത്തം.അതുകഴിഞ്ഞ്,അദ്ദേഹത്തിനൊരാഗ്രഹം;വൈലോപ്പിള്ളിയെ കാണണം. 'കണ്ണീർപാട’ത്തിനു പഠനം എഴുതിയിട്ടുണ്ടെങ്കിലും, ആളെ കണ്ടിട്ടില്ല.ക്വാർട്ടേഴ്സിലെത്തിയപ്പോൾ മഹാകവി നടക്കാൻ പോയിരുന്നു.അവിടെ കാത്തിരുന്നു.അവസാനം അദ്ദേഹം എത്തി.”ആരാ അത്?”
“ശങ്കുണ്ണി നായർ” എന്ന ഘനഗംഭീരമായ മറുപടി.പിന്നെ ഒന്നും പറയാതെ മടക്കം.”കാണണമെന്നു തോന്നി.കണ്ടു”.
രമേശൻ നായർ അതെക്കുറിച്ച് രേഖപ്പെടുത്തിയത് ഇങ്ങനെ;“കൂട്ടി എഴുന്നള്ളിക്കാൻ കഴിയാത്ത രണ്ടു മദയാനകൾ.അവർക്കത്രയേ വേണ്ടൂ”.
അക്കിത്തവുമായി വളരെഅടുത്ത സൌഹൃമായിരുന്നു,രമേശൻ നായർക്ക്.അതെക്കുറിച്ച് പ്രൊഫ.എം.ലീലാവതി പറഞ്ഞതിങ്ങനെ;“ഔദ്യോഗികരംഗത്ത് തൊട്ടുതൊട്ടിരിക്കുന്നവരാണ്.തുടർപ്പുല്ലിട്ട് കൂട്ടിച്ചേർത്ത രണ്ടാവണപ്പലകമേലാണിരിക്കുന്നത്”.“കടമ്പിൽ പൂത്ത കവിത”യ്ക്ക് അക്കിത്തം അവതാരിക എഴുതിപ്പിച്ചത് രമേശൻ നായരെക്കൊണ്ടായിരുന്നു.
മഹാകവി പി.കുഞ്ഞിരാമൻ നായർ തൃശൂർ നിലയത്തിലുമെത്തുമായിരുന്നു.“പി എപ്പോഴാണ് കയറിവരുന്നതെന്നും അദ്ദേഹത്തിന്റെയുള്ളിൽ എപ്പോഴാണു കവിത നിറഞ്ഞുകവിയുന്നതെന്നും ദൈവത്തിനു മാത്രമേ അറിയൂ.ഒരിക്കൽ കവിത തോന്നിയത് പുലർച്ചെ നാലു മണിയ്ക്കാണ്.പക്ഷേ,എഴുതാൻ കഴിയുന്നില്ല.വലംകൈയ്യിലെ ചൂണ്ടുവിരൽ മടങ്ങുന്നില്ല.കവിത പോകും മുൻപ് പിടിച്ചെടുക്കണം;റേഡിയോയിൽ ചൊല്ലുകയും വേണം.ചെക്കു കിട്ടേണ്ട അത്യാവശ്യങ്ങൾ വേറെയും..പി.മറ്റൊന്നുമാലോചിച്ചില്ല.ജൂബയെടുത്തിട്ട്,ഷാളും ചുറ്റി ഒറ്റ നടത്തം,നേരെ രാമവർമപുരത്തേയ്ക്ക്…അക്കിത്തവും രമേശൻ നായരും അവിടെയുണ്ടല്ലോ.അവരെക്കൊണ്ട് കവിത എഴുതിയെടുപ്പിക്കാം.അതായിരുന്നു വിശ്വാസം”.
രാവിലെ തന്നെ ഗേറ്റിൽ ഹജരായ മഹാകവിയെ സെക്യൂരിറ്റി സ്റ്റാഫിനു മനസിലായില്ല.അവർ കയറ്റി വിട്ടില്ല."നിന്ന് മുഷിഞ്ഞ്,എഴുതിയെടുക്കപ്പെടാത്ത കവിതക്കിളിയെ മനസിന്റെ കൂട്ടിൽ ഭ്രദ്രമായി അടച്ചുപൂട്ടി,പി.അടുത്തുള്ള ഒരു ഓലപ്പീടികയിൽ കയറിയിരുപ്പായി”.
ഏറെ സമയം കഴിഞ്ഞാണ് അക്കിത്തവും രമേശൻ നായരുമെത്തിയത്.”നിങ്ങളൊക്കെയുണ്ടല്ലോ എന്നു കരുതിയാണു ഞാൻ വന്നത്”.അതിനു അക്കിത്തം ശാന്തമായി മറുപടി നൽകി;“അതിനു ഞങ്ങളുടെ താമസം ഇവിടെയല്ലല്ലോ!“
സർവവ്യാപിയായിരുന്നു,
മഹാകവി പി. ഒരിക്കൽ ഗുരുവായൂർ ഏകാദശി പരിപാടികൾ ശബ്ദലേഖനംചെയ്യാൻ പോയപ്പോൾ,‘കൊടിമരം പോലെ അവിടെ നിൽക്കുന്നു,പി’.ആ ഏകാദശിക്കായിരുന്നു,ഗുരുവായൂർ കേശവൻ ചരിഞ്ഞത്.
വേദ പണ്ഡിതന്മാരെക്കൊണ്ട് പരമ്പരാഗത രീതിയിൽ വേദങ്ങളുടേയും ഉപനിഷത്തുകളുടേയും ആലാപനം ശബ്ദലേഖനംചെയ്ത് , ഡൽഹിയ്ക്കയയ്ക്കാൻ അക്കിത്തം മുൻ കൈയെടുത്തു.വിലപ്പെട്ട അത്തരം ശബ്ദലേഖനങ്ങൾ ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടുന്നില്ലെന്ന ദുഖം അദ്ദേഹം പങ്കുവെച്ചിരുന്നു.
കരാർ വ്യവസ്ഥയിൽ ജോലിചെയ്തിരുന്ന ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റുകളുടെ അവകാശസംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട അസോസിയേഷന്റെ തൃശൂർ യൂണിറ്റ് പ്രസിഡന്റു കൂടിയായിരുന്നു, അക്കിത്തം.
അക്കാലത്ത് അവർ കോഴിക്കോട് നടത്തിയ സമരത്തിൽ അദ്ദേഹം കുറച്ചുദിവസം നിരാഹാരമിരുന്നു.അന്ന് അദ്ദേഹം അവിടെ നടത്തിയ ഹൃദയസ്പൃക്കായ പ്രസംഗം ഉറൂബിന്റെ മകൻ ഇ.സുധാകരൻ ഓർക്കുന്നുണ്ട്.അത് വലിയ പ്രാധാന്യത്തോടെ അന്ന് പത്രങ്ങൾ പ്രസിദ്ധീകരിച്ചു:“..തൂപ്പുകാരി സ്റ്റുഡിയോ അടിച്ചുവാരി പുറത്തുകൊണ്ടിടുമ്പോൾ,അതിലൊരു ചത്ത ഈച്ചയുമുണ്ടാകും.ഓ,അതൊരു സ്റ്റാഫ് ആർട്ടിസ്റ്റാണെന്ന് അധികൃതർ മനസിലാക്കുകയും ചെയ്യും.എന്നാൽ അറിഞ്ഞഭാവം നടിക്കില്ല”.
No comments:
Post a Comment