മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ ആരംഭകാലത്തെക്കുറിച്ച് നേർസാക്ഷ്യം പറയാൻ ഇപ്പോൾ ഒരാൾക്ക് മാത്രമേ കഴിയൂ;പി.പി നായർ എന്ന പി.പുരുഷോത്തമൻ .നായർക്ക്.ആകാശവാണി കേരളത്തിലെത്തും മുൻപ്,മദിരാശി നിലയത്തിൽ നിന്നുള്ള നാടകങ്ങളടക്കമുള്ള പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്,അന്ന് അവിടെ നിയമം പഠിക്കാൻ എറണാകുളത്തു നിന്ന് പോയ ഈ നായത്തോടുകാരൻ.
1950ൽ കോഴിക്കോട് നിലയം ആരംഭിച്ചപ്പോൾ, അവിടെ പ്രോഗ്രാം അസിസ്റ്റന്റായി.തുടർന്ന്, തിരുവനന്തപുരം,ഇൻഡോർ,പോർട്ട് ബ്ലയർ,ഗോവ ,ഡൽഹി നിലയങ്ങളിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്,അസിസ്റ്റന്റ് റ്റേഷൻ ഡയറക്ടർ, സ്റ്റേഷൻ ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ 33 വർഷം നീണ്ട സംഭവ ബഹുലമായ ഔദ്യോഗികജീവിതം.കഥാകൃത്തും ഗ്രന്ഥകാരനുമായി എഴുത്തിന്റെ ലോകത്തും മായാത്ത വ്യക്തി മുദ്രപതിപ്പിച്ചു,അദ്ദേഹം.
ഈ 95ആം വയസിലും ഓർമ്മകളെ കാലം കാര്യമായി മായ്ച്ചുകളഞ്ഞിട്ടില്ല. വിവാഹാനന്തരം താമസിക്കുന്ന, കാലടിയ്ക്കടുത്ത മാണിയ്ക്കമംഗലത്തെ വീട്ടിലേക്ക് 2018ലെ പ്രളയജലം ഇരച്ചുകയറി, അമൂല്യമായ മിക്ക ഫോട്ടോകളും ചിത്രങ്ങളും രേഖകളും നശിപ്പിച്ചുവെങ്കിലും, മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ നാൾവഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു.
നായത്തോട് സ്വദേശിയും സ്കൂളിൽ അമ്മയുടെ സഹപാഠിയുമായിരുന്ന മഹാകവി ജി.ശങ്കരക്കുറുപ്പ് മഹാരാജാസ് കോളേജിൽ മലയാളം പണ്ഡിറ്റായി ജോലി നോക്കുമ്പോൾ,അദ്ദേഹത്തോടൊപ്പം നഗരത്തിൽ താമസിച്ചുകൊണ്ടായിരുന്നു,പുരുഷോത്തമൻ നായർ അവിടെ ബിരുദത്തിനു പഠിച്ചത്.പിന്നെ,നിയമം പഠിക്കാൻ മദിരാശിയിലെത്തി.
ജി.പി.എസ് നായർ തുടക്കമിട്ട്,കെ.പത്മനാഭൻ നായരുടെ നേതൃത്വത്തിൽ മുന്നേറിയ മദിരാശി ആകാശവാണി നിലയത്തിലെ മലയാളം പരിപാടികളിൽ പങ്കെടുക്കാൻ പുരുഷോത്തമൻ നായർക്ക് അവസരം ലഭിച്ചു:നാടക രചനയും, അതിൽ ശബ്ദം നൽകലും .ഇത് വലിയ വഴിത്തിരിവായി.നിയമബിരുദം തേടി,കൊച്ചിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുതുടങ്ങിയപ്പോഴായിരുന്നു,കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയത്തിലേക്ക് പ്രോഗ്രാം അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നത്."തിരുവനന്തപുരത്തുവെച്ചായിരുന്നു അഭിമുഖം.കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല.അന്നേ പണ്ഡിതനായി ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ കെ.കുഞ്ചുണ്ണിരാജയെപ്പോലുള്ളവർ ഒപ്പമുണ്ടായിരുന്നു. റേഡിയോ ബന്ധം കാരണമായിരിക്കാം എന്നെ നിയമിച്ചത് ".
കോന്നിയൂർ ആർ.നരേന്ദ്രനാഥ്,ഇ.എം.ജെ.വെണ്ണിയൂർ,കെ.സത്യഭാമ എന്നിവരും നിയമിക്കപ്പെട്ടു.നിലയം തുടങ്ങി,രണ്ടു ദിവസം കഴിഞ്ഞ്,1950 മെയ് 17ന് , പി.പുരുഷോത്തമൻ നായർ ജോലിയിൽ പ്രവേശിച്ചു.കോഴിക്കോട് കടപ്പുറത്ത്,ഒരു ഫ്രഞ്ച് പാതിരിയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടം.നിലയം സ്ഥാപിക്കാൻ നിയോഗിക്കപ്പെട്ടത് പ്രക്ഷേപണരംഗത്തെ കുലപതിയായ ജി.പി.എസ് നായർ തന്നെ.പ്രാഥമികപ്രവർത്തനങ്ങൾ നടത്താനായി കെ.പത്മനാഭൻ നായരെ നേരത്തെ തന്നെ അയച്ചിരുന്നു.മദിരാശിയിലുണ്ടായിരുന്ന പ്രോഗ്രാം അസിസ്റ്റന്റ് കെ.എം.കെ.കുട്ടിയും നിയമിക്കപ്പെട്ടിരുന്നു.സ്ക്രിപ്റ്റ് റൈറ്റർമാരായി പി.ഭാസ്ക്കരൻ,ഉറൂബ്. പിന്നാലെ തിക്കോടിയനും. സർദാർ കെ.എം. പണിക്കരുടെ മകൻ കെ.മധുസൂദനപ്പണിക്കരായിരുന്നു അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ,കോഴിക്കോട്ടുകാരിയായ മീനാക്ഷി പ്രോഗ്രാം എക്സിക്യൂട്ടീവ്.ഡൽഹിയിൽ നിന്ന് സംഗീതജ്ഞൻ കെ.രാഘവനും എത്തിച്ചേർന്നു.
കുട്ടികൾക്കുവേണ്ടിയുള്ള പരിപാടികളുടെ ചുമതലയായിരുന്നു പുരുഷോത്തമൻ നായരെ ഏൽപ്പിച്ചത്.ശനിയാഴ്ച വൈകീട്ട് 'ബാലലോകം',ഞായറാഴ്ച രാവിലെ 8.30ന് 'ബാലരംഗം' .പിന്നെ കവിതാപാരായണം, കഥ, സ്ത്രീകൾക്കായുള്ള 'മഹിളാലയം' പരിപാടികൾ.എല്ലാം തത്സമയമാണ്.ഇടയ്ക്കിടെ രൂപകങ്ങൾ,ചിത്രീകരണങ്ങൾ തുടങ്ങിയവയിലെല്ലാം നിലയാംഗങ്ങൾ പങ്കെടുക്കണം. നാടകപരിപാടികളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.അന്ന് പ്രക്ഷേപണത്തിൽ വലിയ പരീക്ഷണങ്ങൾ നടന്ന കാലമായിരുന്നു.പി.വി.കൃഷ്ണമൂർത്തി അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായിരിക്കേ,നാടകപ്രക്ഷേപണത്തെ സ്റ്റുഡിയോയുടെ പുറത്തേക്ക് കൊണ്ടുപോയി.ടൌൺഹാൾ ഉൾപ്പെയുള്ള പൊതുവേദികളിൽ നാടകം അവതരിപ്പിച്ച്, അവ തത്സമയം പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.
മഹാകവി വൈലോപ്പള്ളിയെക്കൊണ്ടു ഒരു കാവ്യനാടകം എഴുതിച്ചുവാങ്ങി;ഋശ്യശൃംഗൻ.കാടിന്റെ അന്തരീക്ഷം സൃഷ്ടിക്കാനായി,പുറത്ത് കോസ്മോപൊളിറ്റൺ ക്ലബ്ബ് ഹാളിൽ അതിനുള്ള പശ്ചാത്തലമൊരുക്കിയായിരുന്നു നാടകം ശബ്ദലേഖനം ചെയ്തത്.ഒരു കിലോവാട്ട് മാത്രം പ്രസരണശേഷിയേ അന്ന് കോഴിക്കോട് നിലയത്തിനുള്ളൂ.അത് ജില്ലയ്ക്കകത്ത് തന്നെ എല്ലായിടത്തും കിട്ടിയിരുന്നില്ല.തൃശൂർ മുതൽ കാസർകോട് വരെയുള്ളവർക്കുവേണ്ടിയായിരുന്നു നിലയം സ്ഥാപിച്ചത്.എറണാകുളത്ത് താമസിച്ചിരുന്ന വൈലോപ്പിള്ളിക്ക് നാടകം കേൾക്കാൻ കഴിയുമായിരുന്നില്ല.വടകരയിൽ നടന്ന സാഹിത്യപരിഷത്ത് സമ്മേളനം കഴിഞ്ഞ്,കോഴിക്കോട്ടെത്തിയ വൈലോപ്പിള്ളിയെ നിലയത്തിൽ കൊണ്ടുപോയി,പുരുഷോത്തമൻ നായർ ആ നാടകം കേൾപ്പിച്ചു.“എനിക്ക് രോമാഞ്ചം വരുന്നു”,മഹാകവി പറഞ്ഞു.
എൻ.വി.കൃഷ്ണവാര്യരെക്കൊണ്ടും അക്കാലത്ത് ആകാശവാണിയിൽ ഒരു കാവ്യനാടകമെഴുതിച്ചു, പുരുഷോത്തമൻ നായർ. "ഈഡിപ്പസ്'' എന്ന ആ നാടകത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് അന്ന് വയലിനിസ്റ്റായിരുന്ന ബി.എ. ചിദംബരനാഥനായിരുന്നു. എൻ.വി അയൽക്കാരനായിരുന്നു.
“പ്രക്ഷേപണത്തിനു വലിയ ഗ്ലാമറുണ്ടായിരുന്ന കാലമായിരുന്നു,അത്.റേഡിയോ സെറ്റുകൾ തന്നെ വിരളം.അവയ്ക്ക് വലിയ വിലയായിരുന്നു.നഗരങ്ങളിലെ മിക്ക ഹോട്ടലുകളിലും റേഡിയോസെറ്റുകളുണ്ടായിരുന്നു.അവരത് എപ്പോഴും ഉച്ചത്തിൽ വയ്ക്കും.അത് കേൾക്കാൻ ആളുകൾ തടിച്ചുകൂടും.ചിലപ്പോഴൊക്കെ ഗതാഗതതടസമുണ്ടാകും”.
അക്കാലത്ത് ജനങ്ങളെ ഏറെ ആകർഷിച്ച ഒരു ശബ്ദമുണ്ടായിരുന്നു,ആകാശവാണിയിൽ.നാടൻപാട്ടുകലാകാരനും ഗായകനുമൊക്കെയായിരുന്ന സ്റ്റാഫ് ആർട്ടിസ്റ്റ് ബാലകൃഷ്ണമേനോനായിരുന്നു,അത്.’നീലക്കുയിലി‘ൽ ‘കായലരികത്ത്’എന്ന ഗാനരംഗത്ത് അഭിനയിച്ചത് ഇദ്ദേഹമായിരുന്നു.വൈകുന്നേരത്തെ ഗ്രാമീണപരിപാടിയിൽ ഇദ്ദേഹം മമ്മദ്ക്കയായി മിന്നി.”ഏറനാട്ടിലേയും വള്ളുവനാട്ടിലേയും മുസ്ളീങ്ങളുടെ തനതു ഭാഷാശൈലിയിൽ സംസാരിക്കുന്ന ഒരു കഥാപാത്രം.എല്ലാവരുടേയും നന്മ കാംക്ഷിക്കുന്ന ഒരു മനുഷ്യസ്നേഹിയായ വന്ദ്യവയോധികൻ”.ഉറൂബായിരുന്നു,ആ പരിപാടിയുടെ സ്ക്രിപ്റ്റ് എഴുതിയിരുന്നത്.“കായലരികത്ത്' പാട്ട് ബാലകൃഷ്ണമേനോൻ പാടിയിരുന്നെങ്കിൽ, ആ ഗാനത്തിന്റെ പ്രശസ്തി മറ്റൊരു തരത്തിലാകുമായിരുന്നു. ഒരു ടീമിൽ മറ്റുള്ളവർക്കൊപ്പം ഒന്നിച്ചു പ്രവർത്തിക്കാനും , കൃത്യമായി റിഹേഴ്സലുക ളിൽ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല " .
കമ്മ്യൂണിറ്റ് ഭൂതകാലം കാരണം പി.ഭാസ്കരന്റെ കരാർ പുതുക്കി നൽകാതിരുന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.”കോൺട്രാക്റ്റ് നിയമനമായിരുന്നുവെങ്കിലും,പോലീസ് വെരിഫിക്കേഷനുണ്ടായിരുന്നു.അദ്ദേഹത്തിന്റെ കാര്യത്തിൽ സർവ്വീസിലെത്തിയ ശേഷമായിരുന്നു അന്വേഷണം നടത്തിയത്.പ്രതികൂലമായ റിപ്പോർട്ടായിരുന്നു അവർ നൽകിയത്.ജോലി നിലനിർത്താനായി,അന്ന് ലോക്സഭാംഗമായിരുന്ന സ്വാതന്ത്ര്യസമരസേനാനി അമ്മു സ്വാമിനാഥൻ മുഖേന ശ്രമിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല”.(കമ്മ്യൂണിറ്റ് പശ്ചാത്തലമുള്ളവരായിരുന്നു അന്ന് നിയമിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും എന്ന വൈരുദ്ധ്യവുമുണ്ട്).
എല്ലാവരുമായി ഊഷ്മളമായ ബന്ധമുണ്ടായിരുന്നു.തിക്കോടിയൻ ഉറ്റമിത്രമായിരുന്നു.''ആരുടേയും കുറ്റങ്ങളേയും കുറവുകളേയും പറ്റി ഒരു വാക്കുപോലും പറയില്ല.അദ്ദേഹത്തെപ്പോലെ നർമബോധവും ഭാവനാസമ്പത്തുമുള്ള ഒരാൾ സ്ഥിരോത്സാഹികൂടിയായിരുന്നുവെങ്കിൽ,എന്തെന്ത് ഉയരങ്ങളിൽ എത്തിച്ചേരുമയിരുന്നു!“
അവധൂതനായി എത്തുന്ന മഹാകവി.പി.കുഞ്ഞിരാമൻ നായരുമായും അടുത്ത ബന്ധമുണ്ടായി, പുരുഷോത്തമൻ നായർക്ക്. ’കവിയുടെ കാൽപ്പാടുകൾ”എന്ന ആത്മകഥയിൽ മഹാകവി അത് പരാമർശിച്ചിട്ടുണ്ട്.കുത്തഴിഞ്ഞ ജീവിതം നയിച്ച അദ്ദേഹത്തിന്റെ കൈപ്പടയും കുത്തിവരച്ചപോലെയായിരുന്നു.ആകാശവാണിയിൽ അന്ന് സ്വന്തം കവിത അവതരിപ്പിക്കേണ്ടത് 15 മിനിറ്റ് നേരത്തേയ്ക്കാണ്.അതും തൽസമയ പ്രക്ഷേപണം.അവിടെ വന്നിരുന്നു കുത്തിക്കുറിക്കും.''സമയം തികയ്ക്കാൻ ഒരു ഖണ്ഡകാവ്യം തന്നെ വേണ്ടിവരുമെല്ലോ എന്ന് പരിതപിയ്ക്കും.ആകാശവാണിയിൽ വായിച്ച കവിതയുമായി നേരെ എൻ.വി.കൃഷ്ണവാര്യരെ കാണാൻ പോകും.അത് മാതൃഭൂമി അഴ്ചപ്പതിപ്പിൽ അച്ചടിച്ചുവരുന്നത് വായിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്-ദേവന്മാരുടെ ഭാഷയാണ് കവിത എന്നു പറയുന്നത് എത്ര പരമാർത്ഥം”.
ആഴ്ച്ചപ്പതിപ്പിൽ ബാലപംക്തിയുടെ ചുമതല എൻ.വി ഏൽപ്പിച്ചതോടെ 1951 മുതൽ നാലു വർഷത്തോളം പുരുഷോത്തമൻ നായർ ‘കുട്ടേട്ടനാ‘യി.പിൽക്കാലത്ത് കുട്ടേട്ടന്റെ പര്യായമായി മാറിയ കുഞ്ഞുണ്ണിയുടെ ആദ്യ രചന ബാലപംക്തിയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ഇക്കാലത്തായിരുന്നു. പ്രമുഖ പത്രപ്രവർത്തകനായ ടി.വി.ആർ. ഷേണായിയുടെ ആദ്യ രചനയായ ഒരു കവിതയും ഈ പംക്തിയിൽ വന്നത് ഓർക്കുന്നുണ്ട്. ബാലപംക്തിയിലെഴുതിയ കുറിപ്പുകൾ സമാഹരിച്ച് രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്-“കുട്ടികളേ,ഇതിലേ,ഇതിലേ”,“വളരൂ വലിയവരാകൂ”.
എൻ.വി.യായിരുന്നു ആദ്യ പുസ്തകത്തിന്റെ സംശോധന നടത്തിയത്. ആ പുസ്തകം എം.ആർ.ബി വാങ്ങിക്കൊണ്ടുപോയി കറന്റ് ബുക്സിൽ ഏല്പിക്കുകയായിരുന്നു. അദ്ദേഹവുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു.
അൻപതുകളുടെ അവസാനം പി. പുരുഷോത്തമൻ നായരുടെ ഒട്ടേറെ ചെറുകഥകൾ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവ ഇതുവരെയും സമാഹരിക്കപ്പെട്ടിട്ടില്ല.പിന്നീട്,കുട്ടികൾക്കായി “പക്ഷിക്കഥകൾ”,“സോളമൻ കഥകൾ”എന്നീ കൃതികല ളും എഴുതി.”വാസുനമ്പൂതിരിയും കേശുനായരും”എന്ന ഹാസ്യരസപ്രധാനമായ കൃതിയും എഴുതിയിട്ടുണ്ട്.
മഹാകവി വള്ളത്തോളിനെ ഒരു പ്രഭാഷണത്തിന് കൊണ്ടുവന്ന രസകരമായ കഥ ഇന്നും ഓർക്കുന്നുണ്ട്,പുരുഷോത്തമൻ നായർ.1955ലാണത്.ഇന്ത്യയിൽ ആദ്യമായി ‘ഋഗ്വേദം‘പ്രദേശികഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത് മലയാളത്തിലായിരുന്നു.അതെക്കുറിച്ച് ഒരു പ്രഭാഷണത്തിനായി മഹാകവിയെ കൊണ്ടുവരാനുള്ള ചുമതല അദ്ദേഹത്തെയായിരുന്നു ഏൽപ്പിച്ചത്.അന്ന് മദിരാശി നിലയത്തിന്റെ ഡയറക്ടറും മലയാളിയായിരുന്നു;ഡോ.വി.കെ.നാരായണ മേനോൻ.ആ പരിപാടി അവിടെ റിലേചെയ്യുകയും വേണം.
ചെറുതുരുത്തിയിൽ രാവിലെ 7 മണിയ്ക്കെത്തി. വലിയ ചിട്ടവട്ടങ്ങളുള്ളയാളാണ് വള്ളത്തോൾ. വെളുപ്പിനുണർന്ന്,മുകളിലത്തെ നിലയിലിരുന്ന് പരിഭാഷ നടത്തുകയാണ് മഹാകവി.എട്ടരയ്ക്ക് ഇറങ്ങിവരുമ്പോൾ കാണാമെന്ന് മകൻ അറിയിച്ചു. വിനയത്തോടെ കാര്യം പറഞ്ഞു. തനിക്ക് ഒട്ടും സമയം നഷ്ടപ്പെടുത്താനില്ലന്നായിരുന്നു മറുപടി.ഉച്ചയ്ക്കും രാത്രിയും ഉണ്ണാൻ വന്നപ്പോൾ വീണ്ടും സംസാരിച്ചു.അദ്ദേഹം ഉത്തരം ആവർത്തിച്ചു.അടുത്ത ദിവസം രാവിലെ വീണ്ടും സംസാരിക്കാമെന്നു പറഞ്ഞതനുസരിച്ച്,പുരുഷോത്തമൻ നായർ അവിടെ തങ്ങി.പ്രഭാതഭക്ഷണത്തിന് വന്നപ്പോൾ,മഹാകവി പറഞ്ഞു;“ഞാൻ വരാം.നിങ്ങളുടെ വണ്ടി കൊണ്ടുവരണം.കാലത്ത് ആറുമണിയ്ക്ക് പുറപ്പെട്ട്,റെക്കാർഡിങ്ങ് കഴിഞ്ഞ്,ഉച്ച്യ്ക്ക് ഇവിടെ തിരിച്ചെത്തണം.എന്റെ അര ദിവസമേ പോകൂ....എനിക്കേയ്,ഒരു നൂറു രൂപയും തരണം”.
-മഹാകവി വരാമെന്നേറ്റതറിഞ്ഞ് സ്റ്റേഷൻ ഡയറക്ടർ പി.വി.കൃഷ്ണമൂർത്തി തുള്ളിച്ചാടി.മദിരാശിലിലേക്ക് പരിപാടി റിലേ ചെയ്യാനുള്ള ടെലഫോൺ ലൈനും ബുക്ക് ചെയ്തു."തലേന്നു രാത്രി തന്നെ കോഴിക്കോട് നിന്ന് ചുവന്ന ഡേസോർട്ട വാനുമായി ഞാൻ പുറപ്പെട്ട്,അഞ്ചേമുക്കാലിനു തന്നെ അവിടെയെത്തി.മഹാകവിയുടെ മുറിയിൽ ചെറിയ ഒരു വിളക്കു കത്തുന്നതല്ലാതെ ഒരനക്കവുമില്ല.സമയം പൊയ്ക്കൊണ്ടിരുന്നു...ഒൻപതു മണിയായപ്പോൾ മഹാകവി ഇറങ്ങി വന്നു:ഒപ്പം ഭാര്യയും മകനും രണ്ടു പേരക്കുട്ടികളുമുണ്ടായിരുന്നു. പത്തു മണിക്ക് കോഴിക്കോട്ടുള്ള മരുമകന്റെ വീട്ടിലെത്തി, ഊണു കഴിക്കുമെന്ന് അറിയിച്ചിരുന്നു. അവിടെ എത്തിയപ്പോഴേക്കും വൈകി. കാത്തിരുന്ന് കാണാഞ്ഞ് , അവർ എങ്ങോട്ടോ പോവുകയും ചെയ്തു. അപ്പോൾ
മകൻ പറഞ്ഞു; "അച്ഛനെന്തായാലും പന്ത്രണ്ടരയ്ക്കുണ്ണണം.അത് ചിട്ടയാണ്”.
പുരുഷോത്തമൻ നായർ അന്ന് മലബാർ ക്രിസ്ത്യൻ കോളേജിനടുത്തായിരുന്നു താമസിച്ചിരുന്നത്.അവിടെ ഒരു അരി വെയ്പ്പുകാരനുണ്ടായിരുന്നു. മഹാകവിയേയും കുടുംബത്തേയും നേരെ അങ്ങോട്ട് കൊണ്ടുപോയി. തൊട്ടടുത്ത് താമസിക്കുന്ന എൻ.വി.കൃഷ്ണവാര്യരെയും വിവരമറിയിച്ചു."കുറച്ചു സമയത്തിനകം കോഴിക്കോട്ടെ വല്യ സാഹിത്യകാരന്മാരെല്ലാം വീട്ടിലെത്തി.ഊണ് കഴിഞ്ഞപ്പോൾ മകൻ പറഞ്ഞു;അച്ഛനിത്തിരിനേരം കിടക്കണം. കുറേക്കഴിഞ്ഞ് ഉണർന്ന് ,പൂമുഖത്ത് വന്നിരുന്നു. എല്ലാവരും മഹാകവിക്കു ചുറ്റും കൂടി. അതൊരു സാഹിത്യസദസായിരുന്നു".
എല്ലാം കഴിഞ്ഞ്,രാത്രി ഏഴര മണിയ്ക്കായിരുന്നു ആകാശവാണിയിലേക്ക് പുറപ്പെട്ടത്.പ്രഭാഷണം എഴുതിയിട്ടില്ല.മകൻ ഗോവിന്ദക്കുറുപ്പിനു പറഞ്ഞുകൊടുത്ത് എഴുതിച്ചു.അത് തയ്യാറാക്കി വായിച്ച്, ഡിസ്കിൽ റെക്കാർഡ് ചെയ്തുതീർന്നപ്പോൾ രാത്രി പന്ത്രണ്ടര!മഹാകവിയേയും കൊണ്ട് അപ്പോൾ തന്നെ, അതേ വാനിൽ,വീണ്ടും ചെറുതുരുത്തിയിലേക്ക് ..
പ്രക്ഷേപണം ആരംഭിയ്ക്കുമ്പോൾ തന്നെ,രാവിലെ ആറു മണിയ്ക്കുള്ള ഷിഫ്ടിൽ ചിലപ്പോൾ ജോലിചെയ്യണമായിയിരുന്നു,പ്രോഗ്രാം അസിസ്റ്റന്റുമാർക്ക്.അന്ന് മൂന്ന് സ്റ്റുഡിയോകളാണ് ഉണ്ടായിരുന്നത്.അതിലൊന്നിൽ എന്നും ഒരു തമ്പുരുവുമായി ഒരാളിരുന്ന് പ്രാക്ടീസ് ചെയ്യുന്നുണ്ടാകും.വെളുത്ത ജൂബയും തൂവെള്ള മൽമൽ മുണ്ടുമാണ് വേഷം.സൈക്കിളിലാണ് വരവ്.അത് കെ.രാഘവനായിരുന്നു.തിരുച്ചി വെങ്കിടാചലം,വയലിനിസ്റ്റ് ബി.എ.ചിദംബരനാഥ്,ക്ലാർനെറ്റ് വിദഗ്ദ്ധൻ എ.കെ.സി നടരാജൻ തുടങ്ങിയവരും അന്ന് നിലയത്തിലുണ്ടായിരുന്നു.
"ആർട്ടിസ്റ്റുകൾക്ക് ശമ്പളം ഒരുപോലെയായിരുന്നില്ല.നടരാജൻ ശമ്പളം 120 ൽ നിന്ന് 180 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. അത് അനുവദിക്കാത്തതിനാൽ, അദ്ദേഹം ഡൽഹിക്ക് സ്ഥലം മാറ്റം വാങ്ങിപ്പോവുകയായിരുന്നു”
ഇൻഡോർ നിലയം ആരംഭിച്ചപ്പോൾ 1955-ൽ പുരുഷോത്തമൻ നായരെ അവിടേക്കയച്ചു.സംഗീതത്തിനു വലിയ പ്രാധാന്യമുള്ള ആ നിലയത്തിൽ ആദ്യം ഗ്രാമീണ പരിപാടികളിലും, തുടർന്ന് സംഗീതവിഭാഗത്തിലുമായിരുന്നു , അദ്ദേഹത്തെ നിയമിച്ചത്.ഹിന്ദുസ്ഥാനി സംഗീതത്തെ അടുത്തറിയാനും മഹാരഥന്മാരുമായി പരിചയപ്പെടാനും അവിടെ ജോലിചെയ്ത രണ്ടുവർഷം ഉപകരിച്ചു.അംജദ് അലിഖാന്റെ അച്ഛൻ ഉസ്താദ് ഹാഫിസ് അലിഖാൻ,ബിസ്മില്ലാഖാൻ തുടങ്ങിയവരുടെ പരിപാടികൾ അദ്ദേഹം ശബ്ദലേഖനം ചെയ്തു.
1957ൽ തിരുവനന്തപുരം നിലയത്തിൽ എത്തിയ പുരുഷോത്തമൻ നായർക്ക് നാടകം,ബാലലോകം തുടങ്ങിയ പരിപാടികളുടെ ചുമതലയാണ് ആദ്യം ലഭിച്ചത്. പിന്നിട് റേഡിയോ ഗ്രാമരംഗത്തിന്റെ ചുമതലയും കിട്ടി.നാടക വിഭാഗം പ്രോഡ്യൂസറായിരുന്ന പി.കേശവദേവിന്റെ പുറത്താക്കലിനും,കെ.പത്മനാഭൻ നായരുടെ കോഴിക്കോട്ടേയ്ക്കുള്ള സ്ഥലം മാറ്റത്തിനും പിന്നാലെയായിരുന്നു,അത്.അന്ന് മഹാകവി ജി;ശങ്കരക്കുറുപ്പ് സാഹിത്യ,പ്രഭാഷണപരിപാടികളുടെ പ്രൊഡ്യൂസറായി അവിടെയുണ്ട്.
നാടകരംഗത്തെ മഹാരഥന്മാരുമായി ഒന്നിച്ചുപ്രവർത്തിക്കാൻ കഴിഞ്ഞ കാലം.ജഗതി എൻ.കെ.അചാരി എഴുതി,അദ്ദേഹവും പി.കെ.വീരരാഘവൻ നായരും ചേർന്ന് ഗ്രാമീണപരിപാടിയിൽ അവതരിപ്പിച്ചിരുന്ന ‘ഗദ്യവും പദ്യവും’ എന്ന ഹാസ്യരൂപകം കേൾക്കാൻ ജനങ്ങൾ റേഡിയോയ്ക്കു മുന്നിൽ കാതോർത്തിരുന്നു.ഗദ്യം ഗോപാലപിള്ളയും പദ്യം പരമേശ്വരൻ പിള്ളയുമായിരുന്നു കഥാപാത്രങ്ങൾ.
ഗ്രാമീണ പ്രക്ഷേപണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട റേഡിയോ ഗ്രാമരംഗം പരിപാടികൾ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയായിരുന്നു 1959 ൽ തുടങ്ങിയത്. ആകാശവാണിയിൽ കാഷ്വൽ വാർത്താവതാരകനായി പ്രവർത്തിച്ചിരുന്ന കഥാകൃത്ത് ജി. വിവേകാനന്ദൻ അന്ന് സംസ്ഥാന സർക്കാർ സർവീസിലായിരുന്നു. അദ്ദേഹമായിരുന്നു ആ പരിപാടിയുടെ ചീഫ് ഓർഗനൈസർ . പിന്നീട് പി.ആർ. വാര്യരെ ഗ്രാമീണ പരിപാടികളിലും, പുരുഷോത്തമൻ നായരെ ഈ വിഭാഗത്തിന്റെ പ്ലാനിങ്ങ് ആന്റ് പബ്ലിസിറ്റിയിലും അസിസ്റ്റന്റ് പ്രൊഡ്യൂസർമാരായി നിയമിച്ചു. ആദ്യം ചൊവ്വാഴ്ചകളിലായിരുന്നു, പ്രക്ഷേപണം. പിന്നെ അത് ആഴ്ചയിൽ രണ്ടാക്കി. ജനങ്ങളുമായും ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർമാരുമായും നിരന്തരം ബന്ധപ്പെട്ട് , വികസന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ തട്ടിലെത്തിക്കുന്നതിനുള്ള പരിപാടിയായിരുന്നു,അത്.
(പി.ആർ. വാര്യരെ പിന്നീട് പിരിച്ചുവിട്ടു. അത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന ആരോപണം വലിയ കോളിളക്കങ്ങളുണ്ടാക്കി ) .
1963ൽ വിദൂരസ്ഥമായ ആന്തമാൻ-നിക്കോബാർ ദ്വീപസമൂഹങ്ങളിലെ പോർട്ട്ബ്ലയറിൽ ആകാശവാണി നിലയം ആരംഭിച്ചപ്പോൾ പി.പുരുഷോത്തമൻ നായരെ അവിടേക്കയച്ചു. "ജോലി രാജിവെയ്ക്കാനായിരുന്നു വീട്ടുകാരുടേയും സുഹൃത്തുക്കളൂടേയും ഉപദേശം”.കാരണം,അത്രയ്ക്ക് ദുർഘടം പിടിച്ചതായിരുന്നു അവിടേയ്ക്കുള്ള യാത്ര. മദിരാശിയിൽ നിന്നോ കൽക്കത്തയിൽ നിന്നോ കപ്പലിൽ നാലുദിവസം മുതൽ ഒരാഴ്ച്ചവരെ നീണ്ടു നിൽക്കുന്ന യാത്ര കഠിനമായിരുന്നു.എം.വി ആന്തമാൻ,എം.വി.നിക്കോബാർ എന്നീ കപ്പലുകളായിരുന്നു മദിരാശിയിൽ നിന്ന് ഉണ്ടായിരുന്നത്.കൽക്കത്തയിൽ നിന്നായിരുന്നു നിത്യോപയോഗ സാധനങ്ങൾ അയച്ചിരുന്നത്. ചരക്കുകളും യാത്രികരും ഒരേ കപ്പലിൽ .യാത്ര ചെയ്യുന്നവരെല്ലാം കോളറയ്ക്കും വസൂരിയ്ക്കുമുള്ള പ്രതിരോധകുത്തിവെയ്പ്പെടുക്കണം. മോശപ്പെട്ട കാലാവസ്ഥയും യന്ത്രത്തകരാറും കാരണം ചിലപ്പോൾ പോർട്ട്ബ്ലയറിലെത്താൻ ദിവസങ്ങൾ വൈകും. ഒരിക്കൽ,കൽക്കത്തയിൽ നിന്ന് പുറപ്പെട്ട കപ്പലിന്റെ എഞ്ചിൻ നടുക്കടലിൽ വച്ച് നിലച്ചു.അവസാനം,ടഗ് എത്തിച്ച് നാലാം ദിവസം തിരികെ തുറമുഖത്തേക്ക് കൊണ്ടുവന്നു.
1963 ജൂണിലായിരുന്നു പോർട്ട്ബ്ലയർ നിലയം ഉദ്ഘാടനം ചെയ്യപ്പെട്ടത്.ഏപ്രിലിൽ തന്നെ അവിടെയെത്തി.ഒൻപതു വർഷം അവിടെ ജോലിചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി അദ്ദേഹം കരുതുന്നു.മലബാർ കലാപാനന്തരം നാടുകടത്തപ്പെട്ടവരുടേയും ജോലിഅന്വേഷിച്ചെത്തിയവരുടേയും പിൻ തലമുറക്കാരായി ധാരളം മലയാളികളുള്ള ദ്വീപിൽ ബംഗാളികളും തെലുങ്കരും തമിഴരും ഉത്തരേന്ത്യക്കാരുമുണ്ടായിരുന്നു.വിവിധ ഭാഷകളും സംസ്കാരങ്ങളും.അനേകം ഭാഷകളിലും ഭാഷാഭേദങ്ങളിലും പ്രതിദിന പരിപാടികൾ.
മുഖ്യമായും മലയാളം,തെലുങ്ക്,തമിഴ് പരിപാടികളുടെ ചുമതലയായിരുന്നു അദ്ദേഹത്തിനു നൽകിയത്.കോന്നിയൂർ ആർ.നരേന്ദ്രനാഥിനേയും ഇടക്കാലത്ത് അവിടെ നിയമിച്ചു.
1972-ൽ അസിസ്റ്റന്റ് ഡയറക്ടറായി പനാജിയിലും,ഇൻസ്റ്റ്രക്ടറായി ഡൽഹിയിലെ സ്റ്റാഫ് ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലും,ഡയറക്ടറായി തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലും പ്രവർത്തിച്ച ശേഷം,1977ൽ അദ്ദേഹം പോർട്ട് ബ്ലയർ നിലയത്തിൽ തിരിച്ചെത്തി.1983 ജൂണിൽ സെലക്ഷൻ ഗ്രേഡ് സ്റ്റേഷൻ ഡയറക്ടറായാണു അദ്ദേഹം വിരമിയ്ക്കുന്നത്.
മലയാളത്തിൽ റേഡിയോനാടകത്തിന് ആദ്യമായി ആകാശവാണി ദേശീയപുരസ്കാരം ലഭിയ്ക്കുന്നത് അദ്ദേഹം സ്റ്റേഷൻ ഡയറക്ടറായിരുന്ന കാലത്തായിരുന്നു.ജി.ശങ്കരപ്പിള്ളയുടെ ‘‘അക്കരെ‘’എന്ന ആ നാടകം സംവിധാനം ചെയ്തത് അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന എൻ.ആർ.സി നായരും അനൌണറായിരുന്ന മധു മഞ്ജുളാലയവും ചേർന്നായിരുന്നു.നാട്ടിൽ നിന്ന് മുടിയാട്ടുപാട്ട് അടക്കമുള്ള നാടൻപാട്ടുകൾ ശബ്ദലേഖനം ചെയ്തത് വരുത്തി.
”പുതിയ നാടകപരീക്ഷണങ്ങൾ ആകാശവാണിയിൽ ഇല്ലാതിരുന്ന എൺപതുകളിൽ,ശബ്ദസാദ്ധ്യതകൾകൊണ്ടു മികച്ചു നിന്ന നാടകമായിരുന്നു,അത്”,ഡോ.എം.രാജീവ് കുമാർ വിലയിരുത്തുന്നു.ആർട്ടിസ്റ്റുകളോ അനുയോജ്യമായ പശ്ചാത്തലാംഗീതമോ ലഭ്യമല്ലാതിരുന്ന ദ്വീപിൽ നിന്ന് അക്കാലത്ത് ഡോക്യുമെണ്ടറികൾക്കുൾപ്പെടെ ധാരാളം ദേശീയപുരസ്താരങ്ങൾ നിലയത്തിനു ലഭിച്ചിട്ടുണ്ട്.
ആന്തമാനിലേക്ക് നാടുകടത്തപ്പെട്ട സ്വാതന്ത്യസമരസേനാനികളിൽ അവശേഷിച്ചവരെ കണ്ടെത്തി,അവരുടെ ഓർമ്മകൾ ശബ്ദലേഖനം ചെയ്യ്തു സൂക്ഷിച്ചത് പുരുഷോത്തമൻ നായരായിരുന്നുവെന്ന്,പിൽക്കാലത്ത് അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ഡോ.വിജയരാഘവൻ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രക്ഷേപണ ഭാഷയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ നിലപാടുകളുണ്ടായിരുന്നു. റെവവിധ്യപൂർണ്ണമായ
ശബ്ദങ്ങളുടെ ഒരു ശേഖരവും അദ്ദേഹം സൂക്ഷിച്ചു.
ആന്തമാനിലെ പൊതുജീവിതത്തിൽ സജീവസാന്നിദ്ധ്യമായിരുന്ന പി.പി.നായർ സർവ്വീസിൽ നിന്ന് വിരമിച്ചശേഷവും അവിടെ താമസിച്ചു.ഭാര്യ പി.എൽ തങ്കമണി അവിടെ സർക്കാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ദീർഘകാലം ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു.
ദ്വീപ് ജീവിതത്തേയും സംസ്ക്കാരത്തേയും കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള അദ്ദേഹം അതെക്കുറിച്ച് മലയാളം,ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ടു.
മലയാളം റേഡിയോപ്രക്ഷേപണത്തിന്റെ വികാസപരിണാമങ്ങളിൽ ചരിത്രപരമായ പങ്കുവഹിച്ച വരിഷ്ഠപ്രക്ഷേപകനാണ് പി. പുരുഷോത്തമൻ നായർ.
***********
Photo 2
No comments:
Post a Comment