Sunday, 12 September 2010
കാലം എത്ര പെട്ടെന്നാണു മാറുന്നത്!
ഈ ആത്മഗതം വാർദ്ധക്യത്തിന്റെ വരവ് വിളംബരം ചെയ്യുന്നുവെന്ന് കണ്ടെത്തിയ സുഹൃത്തിനു നമോവാകം.
ഈ നിരീക്ഷണത്തിൽ ഉപഹാസത്തിന്റേയും,ആത്മവിമർശത്തിന്റേയും അംശമുണ്ടു.പോയകാലത്തിന്റെ മനോഹാരിതയെക്കുറിച്ചുമാത്രം സംസാരിക്കുന്ന,അതിൽ മാത്രം അഭിരമിക്കുന്ന ശീലമുള്ളവരുണ്ടു.അവരുടെ ഇഷ്ട നൊസ്റ്റാൾജിയ റേഡിയോ ആണു.കാരണം, അന്ന് മറ്റ് വിനോദോപാധികളൊന്നും അധികം ഉണ്ടായിരുന്നില്ല.വാർത്തകൾ ആദ്യം അറിയിച്ചിരുന്നതും,ഹൃദയഹാരിയായ മലയാളം,ഹിന്ദി ഗാനങ്ങൾ ആദ്യം കേൾപ്പിച്ചിരുന്നതും റേഡിയോ ആയിരുന്നു.കാണാമറയത്തിരുന്നുകൊണ്ടു ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ഒരുകൂട്ടം പേർ നിത്യവും സംസാരിച്ചുകൊണ്ടിരുന്നു. അവരുടെ വാക്കുകളാൽ തീർക്കപ്പെട്ടൊരു വിസ്മയലോകത്തിൽ, അതിരുകളില്ലാതെ പാറിപ്പറന്നു നടന്നൊരു ബാല്യ കൌമാരം ഈ ലേഖകനുമുണ്ടായിരുന്നു.സ്വീകരണമുറിയിലെ മർഫി റേഡിയോയ്ക്ക് മുന്നിൽ കുടുംബം ഒന്നിച്ചിരുന്ന് നിത്യവും പ്രക്ഷേപണം കേട്ടിരുന്നൊരു കാലം.ഓണപ്പകലുകളെ ധന്യമാക്കിക്കൊണ്ട് സാംബശിവൻ കഥപറയുന്നു.കവിയരങ്ങിലതാ ഒ.എൻ.വി കുറുപ്പ് ആർദ്രമയ ശബ്ദത്തിൽ ‘ഭൂമിക്കൊരു ചരമഗീതം‘ ചൊല്ലുന്നു:സുഗതകുമാരി ‘കൃഷ്ണാ നീയെന്നെയറിയില്ല” എന്ന് ഇടനെഞ്ചു പൊട്ടി കേഴുന്നു.എം.പി മന്മഥന്റെ ഘനഗംഭീരമായ ശബ്ദം മുഴങ്ങുന്നു.റേഡിയോ അമ്മാവൻ കുട്ടികളുമായി അതാ വർത്തമാനം പറഞ്ഞിരിക്കുന്നു.“കണ്ടതും കേട്ടതും” പരിപാടിയിൽ എസ്.രാമൻ കുട്ടി നായരും ടി.പി.രാധാമണിയും,പി.ഗംഗാധരൻ നായരും അരങ്ങുതകർക്കുന്നു...
റേഡിയോ നാടകോത്സവങ്ങൾ ഉത്സവകാലമായിരുന്നു.നേരത്തെ തന്നെ ഊണും പണികളും തീർത്ത് എല്ലാവരും നിശബ്ദരായി റേഡിയോയ്ക്ക് ചുറ്റുമിരിക്കും.അങ്ങനെ, അവസാനം ഒന്നിച്ചിരുന്നു കേട്ട നാടകം എസ്.രമേശൻ നായരുടെ “ശതാഭിഷേകം” ആയിരുന്നു.വിവാദക്കൊടുങ്കാറ്റുയർത്തിയ ഒന്നാംതരം അക്ഷേപഹാസ്യമായിരുന്നു,അത്.പതിനേഴ് വർഷങ്ങൾക്കിപ്പുറവും കിങ്ങിണിക്കുട്ടൻ മനസിൽ നിറഞ്ഞുനിൽക്കുന്നു.വിഡ്ഡിച്ചിരി ചിരിക്കുന്നു.വിരുദ്ധോക്തിയുടെ ശക്തിയും സൌന്ദര്യവും സ്ഫുരിക്കുന്ന നാടകങ്ങൾ പിന്നേയും ഉണ്ടായി.
പക്ഷേ,സ്വീകരണമുറി ടെലിവിഷൻ എന്ന പുതുമാദ്ധ്യമം കയ്യടക്കുകയും റേഡിയോ പിന്നാമ്പുറത്തേക്ക് മാറ്റപ്പെടുകയും ചെയ്തതോടെ കുടുംബസദസിൽ നിന്ന് റേഡിയോ പിൻവാങ്ങി.ആ ശ്രവ്യാനുഭവങ്ങൾ ഓരോരുത്തരുടേയും സ്വകാര്യതയുടെ പരിവൃത്തത്തിലേക്ക് ക്രമേണ ചുരുങ്ങി.അത് അങ്ങനെ കാതോട് കാതോരം,അരുമയോടെ,സ്നേഹത്തോടെ സംസാരിക്കുന്ന ഉത്തമസുഹൃത്തും വഴികാട്ടിയും സന്തതസഹചാരിയുമായി.പ്രക്ഷേപകൻ ഇപ്പോൾ സംസാരിക്കുന്നത് ജനക്കൂട്ടത്തോടല്ല.വലിയ സദസിനോടല്ല.തൊട്ടടുത്തുള്ള ഉറ്റ ചങ്ങാതിയോടാണു.അതിനു അച്ചടിഭാഷ ആവശ്യമില്ല.അക്ഷരം അറിയാത്ത അവസാനത്തെയാളിനും മനസിലാകുന്നതായിരിക്കണം അത്.അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതായിരിക്കണം വിഷയം.അല്ലെങ്കിലോ?
ഇന്ന് റേഡിയോ എന്നാൽ ആകാശവാണി മാത്രമല്ല.ഇലക്ട്രോണിക് മാദ്ധ്യമരംഗത്ത് ചാനലുകളുടെ പ്രളയമാണു.വൈവിദ്ധ്യത്തിന്റെ പിറകെ എപ്പോഴും പായുക മനുഷ്യപ്രകൃതം.തെരഞ്ഞെടുക്കാൻ അസംഖ്യം ചാനലുകളാണു വിരൽതുമ്പിൽ.റേഡിയോയ്ക്ക് മുന്നിൽ കണ്ണുംപൂട്ടി,ചെവി കൂർപ്പിച്ച് ധ്യാനത്തിലെന്നപോലെ ഇരിക്കാനാവുന്ന ചുറ്റുപാടല്ല.ഏതുനിമിഷവും എവിടെ നിന്നെങ്കിലും ഫോൺ വരാം.ടി.വിയോ മൊബൈലോ കമ്പ്യൂട്ടറോ ശ്രദ്ധ വഴിതിരിച്ചുവിടാം.തങ്ങൾക്ക് അന്യമായ റേഡിയോയ്ക്ക് നേരെ കുട്ടികൾ എപ്പോഴും ശത്രുവിനെപ്പോലെ ചീറിയടുത്തേക്കാം.ഇങ്ങനെയുള്ള അനേകം വൈതരണികൾ കടന്നുവേണം ശ്രോതാവിനോട് ചങ്ങാത്തം കൂടാൻ.പുതുകാലത്തെ പ്രക്ഷേപകർക്ക് മുന്നിൽ മറ്റൊരു മാദ്ധ്യമവും അഭിമുഖീകരിക്കാത്ത ഇത്തരം വെല്ലുവിളികളുണ്ടു.
ട്രാൻസിറ്ററി മീഡിയം അഥവാ നൈമിഷികമാദ്ധ്യമമാണു റേഡിയോ എന്ന് പറയാറുണ്ടു.ഒരു ചെവിയിൽകൂടി കടന്ന് മറ്റേ ചെവിയിലൂടെ പുറത്തെത്തി അനന്തവിഹായസിൽ ലയിക്കുന്നവയാണു റേഡിയോ പ്രക്ഷേപണം.അതിനു അൽപ്പമാത്രമായ ആയുസ്സേയുള്ളൂ.അപൂർവ്വം ചില പരിപാടികൾ ഒന്നോ രണ്ടോ തവണ ആവർത്തിച്ചേക്കാം.മറ്റുള്ളവയെല്ലാം പ്രക്ഷേപണത്തോടെ ആയുസ്സറ്റ് വിസ്മൃതിയിലാഴുന്നു.അവയിൽ കാലത്തെ അതിജീവിക്കുന്നത് ചില ലളിതഗാനങ്ങളും,അച്ചടിമഷി പുരളുന്ന ചുരുക്കം ചില കവിതകളും കഥകളും മാത്രം.ബാക്കിയെല്ലാം എന്നന്നേക്കുമായി വിസ്മൃതിയിലായി എന്ന് ഇതിനു അർഥമില്ല.അവ ജീവിക്കുന്നത് കേൾവിക്കാരുടെ മനസിലാണു.വർഷങ്ങൾക്ക് മുൻപ് എന്നോ കേട്ട ഒരു സുഭാഷിതമോ,റേഡിയോ നാടകത്തിലെ സംഭാഷണശകലമോ,അഭിമുഖത്തിലെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്യങ്ങളോ ഏകാന്തനിമിഷങ്ങളിൽ പുനർജ്ജനിച്ചേക്കാം.പ്രതിസന്ധികളിൽ സാന്ത്വനശ്പർശമായേക്കാം.വാർദ്ധക്യത്തിൽ വഴികാട്ടിയായേക്കാം.അരൂപികളായി ഇരുന്നുകൊണ്ടു കേൾവിക്കാരുടെ ജീവിതത്തെ മരണക്കിടക്കവരെ പിന്തുടരുന്നവയാണു അവരുടെ ആ ശബ്ദങ്ങൾ.
അന്തരീക്ഷത്തിലൂടെ റേഡിയോസെറ്റിലേക്ക് വരുന്ന ഈ അശരീരികൾ ഓരോരുത്തരിലും സൃഷ്ടിക്കുന്ന വാങ്മയചിത്രങ്ങൾ വ്യത്യസ്തങ്ങളാണു.എന്റെ മനസിലെ കിങ്ങിണിക്കുട്ടനല്ല നിങ്ങളുടേത്.സുഗതകുമാരിയുടെ കൃഷ്ണനല്ല അനുവാചകരുടേത്.സഞ്ചിതസ്മരണകളിലൂടെ,തലമുറകളിലൂടെ കൈമാറി ലഭിക്കുന്ന എന്തൊക്കെയോ ഘടകങ്ങളാണു വ്യത്യസ്തവും വ്യതിരിക്തവുമായ ദൃശ്യ,ശ്രവ്യ അനുഭവങ്ങൾക്ക് നിദാനം.
റേഡിയോയിൽ ഏറ്റവും വിപുലവും വിസ്തൃതവുമായ ശ്ബ്ദചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത് നാടകങ്ങളിലാണു. ശബ്ദങ്ങളിലൂടെ മാത്രം ജീവിക്കുന്ന കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും ശ്രോതാവിന്റെ മനസിൽ രൂപപ്പെടുത്തുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യരുടെ ലോകമാണു.അവിടെ അരൂപികളില്ല.അശരീരികളില്ല.ശബ്ദങ്ങൾക്കനുസൃതമായി നിയതമായ രൂപങ്ങൾ ജനിക്കുന്നത് അവർക്ക് പരിചിതരായവരുടെ മുഖച്ഛായയിലാണു.‘അസ്സോസിയേഷൻ ഒഫ് ഐയിഡിയാസ്”എന്ന് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്ന ഈ പ്രക്രിയയിൽ ‘പ്രോക്സിമിറ്റി’എന്നൊരു പ്രധാനപ്പെട്ട ഘടകമുണ്ടു.ഞാൻ കിങ്ങ് ലിയറിന്റേയും ഒഥല്ലോയുടേയും ശബ്ദം റേഡിയോ നാടകത്തിൽ കേൾക്കുന്നത് എനിക്ക് പരിചിതമായ ഒരു പരിസരം സങ്കൽപ്പിച്ചുകൊണ്ടാണു.ഇത്തരം അസംഖ്യം വ്യക്തിപരവും സ്വകാര്യവുമായ പ്രതീകങ്ങളും ബിംബങ്ങളും സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണു റേഡിയോ പ്രക്ഷേപണത്തിന്റെ സവിശേഷത.
പ്രക്ഷേപണ സമയത്തിനും കാലത്തിനും സാഹചര്യത്തിനുമപ്പുറത്തേക്ക് ഭൌതികകരൂപത്തിൽ (പണ്ടു ടേപ്പുകളായി,ഇന്ന് സി.ഡികളായി), നാമമാത്രമായവയേ അവശേഷിക്കുകയുള്ളുവെങ്കിലും,ഒരോ പ്രക്ഷേപണവും ശ്രോതാക്കളിൽ നിശബ്ദമായി പതിപ്പിക്കുന്ന മായാത്ത കൈയ്യൊപ്പുകളുണ്ടു.ജീവിതത്തിന്റെ ഊഷരതകൾക്കു മീത അമരത്വത്തോടെ അവ നിലനിൽക്കും.മൃതിയിൽ പോലും ജീവിച്ചിടും.
പക്ഷേ,എല്ലാകാലത്തും പ്രക്ഷേപണം ഒരേപോലെയല്ല.നോക്കുക:ആദ്യകാലങ്ങളിൽ റെക്കാർഡിങ്ങ് സംവിധാനം പരിമിതമായിരുന്നു.ടേപ്പുകൾ കിട്ടാനേയുണ്ടായിരുന്നില്ല.അതിനാൽ സിനിമാപാട്ടുകളൊഴികെ മിക്കവയും ലൈവായിരുന്നു!റേഡിയോ നാടകങ്ങൾ പോലും തത്സമയ പ്രക്ഷേപണമായിരുന്നു.അസാധാരണപ്രതിഭകൾക്കേ അത് വിജയകരമാക്കാൻ കഴിയുമായിരുന്നുള്ളൂ.1960തുകളുടെ ആദ്യം ശബ്ദലേഖനം വ്യാപകമായി.സാഹിത്യത്തിലെ മൌലികപ്രതിഭകൾ റേഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റുകൾ എഴുതിക്കൂട്ടി.ജീവിതഗന്ധിയായ ഇതിവൃത്തമുള്ള നൂറുകണക്കിനു നാടകങ്ങൾ ശ്രോതാക്കളിലേക്കെത്തി.മലയാളത്തിലെ മാത്രമല്ല മറ്റ് ഭാഷകളിലേയും സാഹിത്യകൃതികളുടെ റേഡിയോ രൂപാന്തരം ഉണ്ടായി.നാടകങ്ങൾ റേഡിയോയുടെ അവിഭാജ്യഘടകമായി.
പിൽക്കാലത്ത് ചെറുനാടകങ്ങളുടെ സ്വഭാവമുള്ളതും,ഏതാനും കഥാപാത്രങ്ങൾ മാത്രമുള്ളതും കാലികമായൊരു വിഷയത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതുമായ സ്കിറ്റുകൾ അഥവാ രൂപകങ്ങൾ രൂപമെടുത്തു.തിരുവനന്തപുരം നിലയത്തിൽ “കണ്ടതും കേട്ടതും”,“കലികാലം”, കോഴിക്കോട്ട് “കിഞ്ചനവർത്തമാനം”,തൃശൂരിൽ “പലരും പലതും”,ഏറ്റവും ഒടുവിൽ കൊച്ചി എഫ്.എമ്മിൽ“ശനിദശ”.
ജീവിതത്തിൽ മുൻപ് ഒരിക്കൽ പോലും ഒരു വരി ഹാസ്യം എഴുതിയ പരിചയമില്ലാത്ത ഈ ലേഖകൻ 2004ൽ കോഴിക്കോട്ടെ കിഞ്ചനവർത്തമാനത്തിന്റെ രചയിതാവായത് വളരെ യാദൃച്ഛികമായായിരുന്നു.ഖാൻ കാവിൽ,ഇരവി ഗോപാലൻ,കെ.ഏ മുരളീധരൻ,ആർ.വിമലസേനന്നായർ തുടങ്ങിയ പ്രതിഭാധനന്മാർ എഴുതിയും തകർത്തഭിനയിച്ചും എൺപതുകളിൽ മലബാറിലെ ജനലക്ഷങ്ങളെ ആകർഷിച്ച ഈ പരിപാടി,പക്ഷേ, അവരുടെ പിൻഗാമികളുടെ കൈയ്യിൽ പ്രഭമങ്ങികൊണ്ടിരുന്നു.ചാട്ടുളി പോലുള്ള സംഭാഷണങ്ങളാൽ സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ ആഞ്ഞടിക്കുന്ന,നിശബ്ദഭൂരിപക്ഷത്തിന്റെ രോഷത്തിന്റേയും അമർഷത്തിന്റേയുമൊക്കെ പ്രതിഫലനമാകേണ്ട ഈ ആക്ഷേപഹാസ്യപരിപാടി ഓരോ ആഴ്ചയിലും ഊഴംവെച്ച് ഓരോരുത്തരെക്കൊണ്ട് നിർബന്ധിപ്പിച്ച് എഴുതിക്കുകയായിരുന്നു.2004 ആദ്യം, ആ ആഴ്ചത്തെ സ്ക്രിപ്റ്റ് എഴുതേണ്ടിയിരുന്ന സഹപ്രവർത്തകയ്ക്ക് അതിനു കഴിഞ്ഞില്ല.പഴയത് ആവർത്തിക്കാനാണെങ്കിൽ അതിനു യോഗ്യമായത് ഒറ്റഒരെണ്ണം പോലും ഇല്ല.ഈ മുഹൂർത്തത്തിലാണു ഒരു കൈ നോക്കാൻ തീരുമാനിച്ചത്.തെങ്ങല്ല,പ്ലാവാണു സാക്ഷാൽ കല്പവൃക്‌ഷം.അതിനാൽ വേലയും കൂലിയുമില്ലാതെ നടക്കുന്ന എല്ലാ യുവാക്കളും റോഡരുകിൽ പ്ലാവ് നടട്ടെ.ഓരോ യുവാവിനും കൊടുക്ക്,ഓരോ ചക്കക്കുരു!എന്ന ആഹ്വാനത്തോടെ അവസാനിക്കുന്ന ആ രചന ഏറ്റു!അന്നുമുതൽ ഓരോ ആഴ്ചയും സ്ക്രിപ്റ്റ്ഴുതേണ്ട ചുമതല കിട്ടി. പത്രങ്ങൾ പരതി ചൂടുള്ള വിഷയങ്ങൾ കണ്ടെടുത്ത് എഴുതിത്തുടങ്ങി.അവ സി.കൃഷ്ണ കുമാറും,ഈ.കെ.ഇസ്മയിലും,ബോബി.സി മാത്യുവും,കെ.വി.ശബരിമണിയും എം.പുഷ്പകുമാരിയും മറ്റും ചേർന്ന് അതീവ ഹൃദ്യമായി അവതരിപ്പിച്ചു.അതിനു സ്പോൺസർമാരുണ്ടായി.പിന്നാലെ എഫ്.എമ്മിലും കിഞ്ചനവർത്തമാനം അരങ്ങുകൈയ്യടക്കി.അധികം വളച്ചുകെട്ടൊന്നുമില്ലാതെ കാര്യങ്ങൽ പച്ചയായി,ഹാസ്യാത്മകമായി അവതരിപ്പിക്കുക എന്ന ശൈലിയാണു സ്വീകരിച്ചത്.അതിനായി തിരുവനന്തപുരത്തേയും തൃശൂരേയും കോഴിക്കോട്ടേയും പ്രാദേശികഭാഷാ വകഭേദങ്ങൾ ഉപയോഗിച്ചു.
വയനാട്ടിലെ കർഷക ആത്മഹത്യഹത്യകൾക്കെതിരായി സർക്കാർ നടത്തിയ സാംസ്കാരികകൂട്ടായ്മയെ വിഷയമാക്കിയത് ഇപ്രകാരമായിരുന്നു:ആത്മഹത്യചെയ്ത കർഷകന്റെ കുഴിമാടത്തിനരികെ കവിയരങ്ങ് നടത്താൻ അങ്ങാടിയിൽ വന്നിറങ്ങുന്ന ഒരു വണ്ടിനിറയെ ചെറുതും വലുതുമായ കവികളുടെ വിക്രിയകൾ കണ്ടു കാർക്കിച്ചുതുപ്പുകയാണു അങ്ങാടിയിലുള്ളവർ.ഇവന്റെയൊക്കെയൊരു സാംസ്കാരിക പൊറാട്ടുനാടകം!
പത്ത് കുട്ടികളുടെ പിതാവായ തോമ തന്റെ ആത്മകഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമയി സമുദായനേതാവിന്റെ മുന്നിലെത്തുന്നത്,തങ്ങൾ നടത്തുന്ന സ്കൂളുകളിൽ മാത്രമേ തങ്ങളുടെ കുട്ടികളെ ചേർക്കാവൂ എന്ന മതമേലദ്ധ്യക്ഷന്റെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.അത് അവസാനിക്കുന്നത് ഈ വാചകത്തോടെയായിരുന്നു;പാഠം ഒന്ന്:മഹാത്മാ പിള്ളേരു തോമ!
ജനകീയപ്രശ്നങ്ങൾ നേരിട്ടറിയാൻ യുവനേതാവു ദളിത് ഭവനങ്ങളിൽ അന്തിയുറങ്ങുന്ന വാർത്തയിൽ നിന്ന് ഇങ്ങനെ ഒരു “കിഞ്ചനം”ഉത്ഭവിച്ചു.ഓണംകേറാമൂലപഞ്ചായത്തിലെ കോരന്റെ കുടിലിൽ അന്തിയുറങ്ങാൻ യുനേതാവ് എത്തുന്നതിനു മുന്നോടിയായി കരിമ്പൂച്ചകളുടെ അകമ്പടിയോടെ ഹെലികോപ്റ്ററിറങ്ങി അതാ വരുന്നു ഒരു പശുവും കിടാവും!നാളെ നേതാവു സ്വന്തം പശുവിന്റെ പാൽ കറന്നു കുടിക്കും.ചാണകം കോരനു ഫ്രീയായി കൊടുക്കും!എന്തൊരു എളിമ!
ജനസംഖ്യാക്കുറവ് മൂലം പ്രതിസന്ധിനേരിടുന്ന റഷ്യയിലേക്ക് ഇന്ത്യൻ വരന്മാരെ സ്വാഗതം ചെയ്യുന്നുവെന്ന പത്രവാർത്ത രൂപകമായി പരിണമിച്ചത് ഇങ്ങനെയായിരുന്നു:കല്യാണതട്ടിപ്പ് വീരൻ കല്യാണം കമലൻ പഞ്ചായത്ത് പ്രസിഡന്റിനെ ഒരു സർട്ടിഫിക്കേറ്റിനു സമീപിക്കുകയാണു. കുറേയേറെ കല്യാണങ്ങളിലായി പത്ത്മുപ്പത് പിള്ളാരെങ്കിലുമുണ്ടെന്ന് സാർ ലെറ്റർപാഡിൽ എഴുതിത്തരണം.റഷ്യക്ക് പോവാണാണു.അവിടെയിപ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് വൻ ഡിമാന്റാണു!ഞാൻ കല്യാണം കമലോസ്കിയായിട്ട് അവിടെചെന്ന് സാറിനൊറു വിസാ അയച്ചുതരാം!
വൃദ്ധജനപരിപാലനത്തിനു അമേരിക്കയിൽ വൻ തുക ചിലവാകുന്നത് കൊണ്ടു ഇന്ത്യയിലേക്ക് അവരെ അയക്കുന്നതാണു ലാഭകരം എന്ന പത്രവാർത്തയുമായി കുന്നംകുളത്തുകാരൻ കുറ്റിച്ചാക്ക് ലോന കുന്നിൻപുറത്തുള്ള സ്കൂളിനു വിലപറയാനെത്തുകയാണു.പ്രകൃതിരമണീയമായ ഈ സ്ഥലത്ത് അയാൽ ഒരു പുതിയ വ്യവസായപദ്ധതി ആരംഭിക്കാനൊരുങ്ങുകയാണു:ചാക്കാല ട്യ്യൂറിസം!!മരിക്കാൻ പ്രായമായ ഒരു ലോഡ് സായിപ്പന്മാരെ നെടുമ്പാശ്ശേരിക്ക് കയറ്റിവിടാനുള്ള ഓഡർ കൊടുത്തിട്ടാ ഞാൻ വരുന്നത്,എന്റെ സാറേ!
...ഇങ്ങനെ പത്രവാർത്തകളിൽ നിന്നും സമകാലികപ്രശ്നങ്ങളിൽ നിന്നും രൂപപ്പെടുത്തുന്ന,നാലോ അഞ്ചോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള, ഇത്തരം രൂപകങ്ങൾ പത്രങ്ങളിലെ പോക്കറ്റ് കാർട്ടൂണുകളുടേയും പത്രാധിപർക്കുള്ള കത്തുകളുടേയും ധർമ്മമാണു ഒന്നിച്ച് അനുഷ്ഠിക്കുന്നത്.ഒരു തരം കാവുതീണ്ടലാണത്.
എപ്പോഴുംജനപക്ഷത്ത് നിന്നുകൊണ്ട് അധികാരസ്ഥാനങ്ങൾക്ക് മേൽ ഒളിഞ്ഞും തെളിഞ്ഞും കടുത്ത വിമർശനശരങ്ങൾ തൊടുത്തുവിടുന്നതിനാൽ അവ എപ്പോഴും ജനപ്രിയമായിരിക്കും.അതുകൊണ്ടു തന്നെ അത് ആവിഷ്കാരസ്വാതന്ത്യം അരക്കിട്ടുറപ്പിക്കുന്നു.രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടു നമ്മുടെ ജനാധിപത്യാവകാശങ്ങളെ ശക്തിപ്പെടുത്തുന്നു. മാദ്ധ്യമപ്രളയത്തിൽ റേഡിയോയുടെ വ്യതിരിക്തത അടയാളപ്പെടുത്തുന്ന,ഈ മാദ്ധ്യമത്തിന്റെ ശക്തിയും ചൈതന്യവും വെളിപ്പെടുത്തുന്ന ജനപ്രിയപരിപാടികളിൽ ഒന്നായിരിക്കും റേഡിയോ സ്കിറ്റുകൾ എന്ന ഈ ആക്ഷേപഹാസ്യ രൂപകങ്ങൾ.
പരസ്യദാതാക്കൾ മാദ്ധ്യമങ്ങളുടെ ഉള്ളടക്കവും അജണ്ടയും നിശ്ചയിക്കുന്ന ഒരു ആസുരകാലത്ത് ,റേഡിയോ അധികാരികൾക്കുവേണ്ടി,പരസ്യക്കാർക്കുവേണ്ടി, കുഴലൂത്ത്നടത്തുന്ന മാദ്ധ്യമമല്ലായിരുന്നുവെന്ന് വരും തലമുറ ഗൃഹാതുരതയോടെ ഓർക്കും.
അവർ ആത്മഗതം ചെയ്തേക്കും:കാലം എത്ര പെട്ടെന്നാണു മാറിയത്.റേഡിയോയിൽ സ്കിറ്റുകൾ പ്രക്ഷേപണം ചെയ്ത ഒരു കാലം ഇവിടെയുണ്ടായിരുന്നുവെന്നോ!

No comments:
Post a Comment