സര്‍ക്കാര്‍ ആശുപത്രികളെ ധര്‍മ്മാശുപത്രികള്‍ എന്നും ഡോക്റ്റര്‍മാരെ ആതുരശുശ്രൂഷകര്‍ എന്നും വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഡോക്റ്ററുടെ വാതിലില്‍ ഏതു നട്ടപാതിരക്കും ആര്‍ക്കും മുട്ടിവിളിക്കാമായിരുന്നു.സ്റ്റെതസ്കോപ്പും ബാഗുമായി രോഗിയെ പരിശോധിക്കാന്‍ ഡോക്റ്റര്‍ നാട്ടിന്‍പുറത്തെ വീടുകളിലെത്തുന്ന രംഗം പഴയ മലയാള സിനിമകളില്‍ കണ്ടു അന്തം വിട്ടിരിക്കാനാണ് പുതു തലമുറയുടെ യോഗം.
എന്തുകൊണ്ടെന്നാല്‍,ഡോക്റ്ററാകുക എന്നത് ഏറ്റവുമെളുപ്പം കാശുണ്ടാക്കാനും,സമൂഹത്തിലെ വി ഐ പിയാകാനുമുള്ള പാസ്പോര്‍ട്ടാണെന്നു ബഹുഭൂരിപക്ഷം രക്ഷാകത്താക്കളും കുട്ടികളും വിശ്വസിക്കുന്നു.ഹൈസ്ക്കൂള്‍ തലം മുതല്‍ക്ക് മക്കളെ ഡോക്റ്ററോ എന്‍ജിനിയറോ ആക്കാനുള്ള ശ്രമം ആരംഭിക്കുന്നു.മത്സരപരീക്ഷക്കുള്ള തയ്യാറെടുപ്പിന്റെ പരമപ്ര്ധാനമായ ഘട്ടം തുടങ്ങുന്നത്,അവരെ എല്ലാവിധ പാഠ്യേതരരംഗങ്ങളില്‍ നിന്നും പിന് വലിക്കുന്നതോടെയാണു.കലാസാഹിത്യ പ്രവര്‍ത്തനങ്ങള്,സ്പോറ്ട്സ് തുടങ്ങി പത്രപാരായണം വരെ നിയന്ത്രിക്കപ്പെടുന്നു.എന്റ്രന്‍സിനു ഉപകരിക്കാത്ത യാതൊരു വിധ വായനയും പഠനവും അവര്‍ക്കു അനുവദിക്കപ്പെടുന്നില്ല.ഇംഗ്ലീഷ് പത്രവും ടി വി ചാനലുകളും അവര്‍ ഇഷ്ടപ്പെടുന്നത് ക്രിക്കറ്റും കരിയര്‍ ഗൈഡന്‍സും കാരണമാണ്.അല്ലാതെ, രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങളെക്കുറിച്ച് അറിയാനല്ല.
താമസിക്കുന്ന സ്ഥലത്തെ പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ ഭരണാധികാരികളേയോ,എം എല്‍ ഏയേയോ ,എം പിയേയോ അവര്‍ക്ക് പരിചയമുണ്ടാകാനിടയില്ല.രാജ്യത്ത് എന്തൊക്കെ നടക്കുന്നു എന്നതിനെക്കുറിച്ച് അവര്‍ അജ്ഞരായിരിക്കും.ക്രിക്കറ്റിലും,മത്സരപരീക്ഷകളിലും ,അടിപൊളിസിനിമകളിലും മാത്രമൊതുങ്ങുന്ന ഇവര്‍ പൂര്‍ണ്ണമായും സാമൂഹിക നിരക്ഷരരാണു.
മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടായിട്ടും ഇവരില്‍ നല്ലൊരുശതമാനം പേര് എന്റ്രന്‍സ് പരീക്ഷയില്‍ പിന്നറ്റത്തേക്കു പുറം തള്ളപ്പെടുന്നു.ഇവര്‍ ബുദ്ധിശക്തിയും വൈദഗ്ദ്ധ്യവും കുറഞ്ഞവരും,അതു ആവശ്യമായ ഒരു മേഖലക്കും അനുയോജ്യരുമല്ല.ഇവരാണ് എന്‍ ആര്‍ ഐ –മാനേജ്മെന്റ് ക്വാട്ടകളിലൂടെ സ്വാശ്രയ മെഡിക്കല് കോലേജുകളില്‍ പഠിച്ച് ഡോക്റ്റര്‍മാരാകുന്നതില്‍ ബഹുഭൂരിപക്ഷവും.എന്‍ ആര്‍ ഐ സീറ്റില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്ന ഒരു കുട്ടിയെ എം ഡിക്കാരനാക്കി പുറത്തിറക്കാന്‍ ഇപ്പോഴത്തെ കണക്കനുസ്സരിച്ച് ഒരു കോടിയോളം രൂപ ചെലവു വരും.മാനേജ്മെന്റ് സീറ്റില്‍ ഒരു സ്പെഷ്യലിസ്റ്റ് ഡോക്റ്ററുടെ നിര്‍മാണച്ചെലവ് 60ലക്ഷത്തിലേറെ രൂപയാണു.ജെനറല്‍ മെരിറ്റിലേതല്ലാതുള്ള മെഡിക്കല്‍ പഠനം ഏറെ ചെലവേറിയതാണ്.
ഇങ്ങനെ പഠിച്ചിറങ്ങുന്നവര്‍ 5 വര്‍ഷങ്ങള്‍ക്കപ്പുറം കോട്ടിട്ട് ചികിത്സക്കിറങ്ങുകയാണ്.ഇവര്‍ക്കായി അതിനോടകം നൂറുകണക്കിനു മള്‍ട്ടി-സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉയരും.മെഡിക്കല്‍ ടൂറിസമെന്നോ മറ്റോ പറഞ്ഞ് അധികൃതര്‍ അതിനുവേണ്ട സര്‍വ ഒത്താശകളും ചെയ്തു കൊടുക്കും.അതിനിടയില്‍ അവശേഷിച്ച പൊതുജനാരോഗ്യകേന്ദ്രങ്ങളും ഊര്‍ദ്ധശ്വാസം വലിക്കും.പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന നമ്മുടെ ധര്‍മാശുപത്രികള്‍ ക്രമേണ തകര്‍ന്നടിയും.
ഈകുറിപ്പെഴുതുന്നയാളും,മാധ്യമസമൂഹവും,ഭരണാധികാരികളും,ജനപ്രതിനിധികളും ,ഇടത്തട്ടുകാരും ഈ ധര്‍മ്മാശുപത്രികളില്‍ ഒരിക്കല്‍ പോലും പോകുന്നവരല്ല.കാശുള്ളവര്‍ക്കു സ്വകാര്യമേഖലയിലെ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രികള്‍ മതി.അതിനാല്‍ ഈ ധര്‍മ്മാശുപത്രികള്‍ തകര്‍ന്നടിഞ്ഞാല്‍ നമുക്കെന്തു ചേതം?
പക്ഷേ, ചേതമുണ്ടാകേണ്ടത് ,ഈ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റുകളായെത്തുന്ന ഈ ന്യൂ ജനറേഷന്‍ ഡോക്റ്റര്‍മാരുടെ തനിനിറം അറിയുമ്പോളാണ്.ജീവനില്‍ കൊതിയുള്ളവര്‍ക്ക് അത് അന്വേഷിച്ചേ തീരൂ.സ്വന്തം ആയുസ്സിന്റെ കാര്യമായതിനാല്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ ഇനി ഉപന്യസിക്കേണ്ടതില്ല.
ചോദ്യം വളരെ ലളിതമാണു.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എന്‍ ആര്‍ ഐ –മാനേജ്മെന്റ് സീറ്റുകളില്‍ പഠിച്ചിറങ്ങുന്ന ഡോക്റ്റര്‍മാരുടെ അടുത്ത് എന്തുറപ്പിലാണ് നിങ്ങള്‍ ചികിത്സക്കു പോകുന്നത്?
ഇപ്പൊള്‍ തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണമെടുത്തു പഠിച്ചിറങ്ങിയ ഡോക്റ്റര്‍മാര്‍ തങ്ങളുടെ പ്രാഥമിക കറ്ത്തവ്യങ്ങള്‍ പോലും മറന്നു സമരപാതയിലാണ്.നിറ്ബന്ധിത ഗ്രാമീണ സേവനത്തിനുള്ള നിയമം കാറ്റില്‍ പറത്തി,വന്‍ തുക വാഗ്ദാനം ചെയ്യുന്ന കഴുതറപ്പന്‍ ആശുപത്രികളില്‍ ജോലിചെയ്യാനാണു പുതു ഡോക്റ്റര്‍മാര്‍ക്കു താല്പര്യം.
മെഡിക്കല്‍ സംഘടനാസമ്മേളനത്തിനു കൈഅയച്ച്
സംഭാവനചെയ്തവരെ കൈവിട്ടു സഹയിക്കുന്നതാണു തങ്ങളുടെ കടമയെന്നു വിശ്വസിക്കുന്ന ഡോക്റ്റര്‍മാരുടെ നാടാണിത്.റേഷനരി വാങ്ങാന്‍ പോലും പാങ്ങില്ലാത്തവരുടെ കയ്യില്‍ നിന്ന് കൈക്കൂലി എണ്ണിവാങ്ങുന്ന ഡോക്റ്റര്‍മാരെ വിജിലന്‍സ് പിടികൂടുന്ന വാര്‍ത്തകള്‍ പത്രങ്ങളിലെ സ്ഥിരം പംക്തിയാണിന്ന്.
മെഡിക്കല്‍ കമ്പനിക്കാരുടെ കയ്യില്‍ നിന്നും ടി വി യും ഫ്രിഡ്ജും കാറും മുതല്‍ മക്കളുടെ അഡ്മിഷനുള്ള തലവരിപ്പണം വരെ മനസ്സാക്ഷിക്കുത്തില്ലാതെ വാങ്ങി,അനാവശ്യമരുന്നുകള്‍ അടിച്ചേല്‍പ്പിക്കുന്നവരാണ് നമ്മുടെ ഡോക്റ്റര്‍മാരില്‍ ഭൂരിപക്ഷവും.
അമേരിക്കയില്‍ പോലും അതാണ് സ്ഥിതി. വേണ്ടാത്ത മരുന്നുകള്‍ എഴുതിക്കാന്‍ അവിടെ പ്രതിവര്‍ഷം ഡോക്റ്ററൊന്നിനു 13000 ഡോളര്‍ വീതമാണു മരുന്നുകമ്പനികള്‍ ചെലവഴിക്കുന്നത്.അടുത്തിടെ അമേരിക്കന്‍ സെനറ്റില്‍ ഇതിനു തടയിടുന്ന ഒരു ബില്ല് അവതരിപ്പിക്കപ്പെട്ടു.പ്രതിവര്‍ഷം 10 കോടി ഡോളറിലധികം വിറ്റുവരവുള്ള എല്ലാ മരുന്നു കമ്പനികളും തങ്ങള്‍ ഡോക്റ്റര്‍മാര്‍ക്കു നല്‍കുന്ന പണത്തിന്റെ കണക്ക് പ്രഖ്യാപിക്കണം എന്നാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.
അമേരിക്കയെക്കാള്‍ പരിതാപകരമാണു നമ്മുടെ ഡോക്റ്റര്‍മാരുടെ ധാര്‍മിക നിലവാരം.ഇവരില്‍ ബഹുഭൂരിപക്ഷവും പൊതുജനങ്ങളുടെ പണം ഉപയോഗപ്പെടുത്തി പഠിച്ച് ഡോക്റ്റര്‍മാരായവരാണെന്ന് ഓര്‍ക്കണം.സത്യധര്‍മ്മാദികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയും,സാമൂഹികാന്തരീക്ഷവും ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നു.
എന്നിട്ടും,കൈക്കൂലി എണ്ണി വാങ്ങാനും,കണ്‍സല്‍ട്ടേഷന് സമയം കഴിഞ്ഞും,അവധിദിവസ്സങ്ങളിലും ഫോണ്‍പോലുമെടുക്കാതെ വീടിനകത്തോ ക്ലബ്ബുകളിലോ അടച്ചിരിക്കാനും,അശരണരോടും അഗതികളോടും നിഷ്കരുണം പെരുമാറാനും ഇവര്‍ക്കാകുന്നു.
അപ്പോള്‍ പൂര്‍ണ്ണമായും സാമൂഹികനിരക്ഷരരും,ലക്ഷങ്ങള്‍ മുതലിറക്കി നിര്‍മിച്ചെടുക്കപ്പെട്ടവരുമായ ഈ സ്വാശ്രയകോളേജ് ഡോക്റ്റര്‍മാര്‍ പുറത്തിറങ്ങുമ്പോഴോ?
അവരുടെ ഇരകളാകാന്‍ പോകുന്നത് കേളനും ചാത്തനുമൊന്നുമല്ല. പാവങ്ങള്!അവര്‍ എങ്ങനെയെങ്കിലും ജീവിച്ചോളും.പൊതു മേഖല തകര്‍ന്നടിയുമ്പോള്,ഒരുപക്ഷേ,നാട്ടുവൈദ്യത്തിലേക്കോ,പ്രകൃതിജീവനത്തിലേക്കോ അവര്‍ തിരിച്ചു പോയേക്കും.സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പാരമ്പര്യ ചികിത്സാവിധികള്‍ അവരുടെ ആയുരാരോഗ്യം സംരക്ഷിച്ചുകൊള്ളും.
വിലകൂടിയ ജീവിതം ആസ്വദിച്ച് ജീവിക്കാന്‍ കാംക്ഷിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ഈ കുറിപ്പ്.അവരാണല്ലോ കുഞ്ചികസ്ഥാനങ്ങളില്‍ വിളയാടൂന്നവര്‍.
നിങ്ങളാണ് ഈ പുതു ഡോക്റ്റര്‍മാരുടെ ഇരകള്‍.
ഇത് സ്വയംകൃതാനര്‍ഥം.അനുഭവിച്ചുകൊള്ളുക!.
(2007)
No comments:
Post a Comment