കാല്‍ നൂറ്റാണ്ടിനു മുന്‍പ് വിദ്യാര്‍ത്ഥിയായിരിക്കെ, മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലും, പിന്നീട് ചങ്ങനനാശ്ശേരി എസ് .ബി കോളേജിലും പ്രാര്‍ത്ഥനാസമയത്ത് അതില്‍ പങ്കെടുക്കാതെ ഒറ്റക്ക് ബഞ്ചില്‍ ഇരുന്നു പ്രതിഷേധിച്ചത് ഓര്‍മ്മ വരുന്നു. രണ്ടിടത്തും പ്രിന്‍സിപ്പലുമാര്‍ ളോഹയിട്ട പുരോഹിതര്‍.അദ്ധ്യാപകരില്‍ ചിലരും പുരോഹിതര്‍.എസ് .ബി യിലെ ഇംഗ്ലീഷ് ഡിപ്പാറ്ട്മെന്റില്‍ ളോഹ ധരിക്കാത്തവര്‍ നാമമാത്രം.സഹപാഠികളിലുമുണ്ട് വൈദികനും,മുന്‍ വൈദികവിദ്യാര്‍ത്ഥികളും സെമിനാരിക്കാരും.
എന്നിട്ടും, ഈ പ്രാര്‍ത്ഥനാബഹിഷ്കരണം തങ്ങളുടെ നേരെയുള്ള കടന്നാക്രമണമായി ആര്‍ക്കും തോന്നിയില്ല.മതന്യൂനപക്ഷ വിദ്യാലയത്തില്‍ കടന്നു കയറിയ നാസ്തികനെന്നു മുദ്രകുത്തി ഒരാളും ഒറ്റപ്പെടുത്തിയില്ല.ആരും നികൃഷ്ടനെന്ന് അക്ഷേപിച്ചില്ല.
കുര്‍ബാനയുടെ വിദൂരഛായയുള്ള ആ പ്രാര്‍ത്ഥന വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലായതിനാല്‍ ഞാന്‍ ബഹിഷ്കരിച്ചു.അത് ആര്‍ക്കും അസന്തുഷ്ടിയോ,വിഷമമോ ഉണ്ടാക്കിയില്ല.സത്യത്തില്‍ അത് ഒരു ചര്‍ച്ചാവിഷയമേ ആയിരുന്നില്ല….
ഇപ്പോള്‍ കേരളത്തിലെ ഏതെങ്കിലും കാമ്പസില്‍ ഇതിനു തുടര്‍ച്ച ഉണ്ടോ എന്നറിയില്ല.മതേതരത്വത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും പേരില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി മതഛായയുള്ള ഇത്തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാതിരിക്കാന്‍ തീരുമാനിക്കുമെന്ന് തോന്നുന്നില്ല.അങ്ങനെ ആരെങ്കിലും ധൈര്യപ്പെടുന്നപക്ഷം അതു അംഗീകരിച്ചുകൊടുക്കാന്‍ തക്ക ജനാധിപത്യബോധവും സഹിഷ്ണുതയും ഉള്ളവര്‍ ഉണ്ടാകാനിടയില്ല. എന്തുകൊണ്ടെന്നാല്‍,കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ നമ്മുടെ സാമൂഹികപരിതസ്ഥിതികളില്‍ നാമറിയാത്ത ഒട്ടേറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു.അതില്‍ പ്രധാനം സ്വകാര്യവിദ്യാലയങ്ങള്‍ എന്ന പൊതു ഇടങ്ങളില്‍ നിന്ന് മതേതരമൂല്യങ്ങള്‍ തീര്‍ത്തും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണു.വിവിധ മത-ജാതി സംഘടനകളും വ്യക്തികളും നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങളില്‍ ആപത്കരമായ ഈ ഗതിമാറ്റം പ്രകടമാണു.
താന്താങ്ങളുടെ മത-ജാതി വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായ പ്രാര്‍ഥനകളാണു മിക്കയിടത്തും ചൊല്ലുന്നത്.തങ്ങളുടെ ദൈവങ്ങളും മതചിഹ്ന്നങ്ങളും മാത്രം കാമ്പസില്‍ നിറചു വെക്കും.അവതാരപുരുഷരുടേയും ദിവ്യരുടേയും സ്ഥാപനങ്ങളില്‍ ഇത് പച്ചയായി തന്നെ ചെയ്യുന്നു.ക്ലാസ് മുറികളില്‍ പോലും അവതാരങ്ങളുടെ പടം വെച്ച് പൂജിക്കുന്നു.അവതാരങ്ങള്‍ എഴുന്നള്ളുമ്പോള്‍ താലപ്പൊലിയേന്താനും,വെന്‍ച്ചാമരം വീശാനുമൊക്കെ നാനാജാതിമതസ്ഥരായ കുട്ടികളെ ഇവര്‍ നിര്‍ബന്ധിച്ച് കൊണ്ടു പോകാറുണ്ടു.
‘’ഞങ്ങള്‍ ഞങ്ങളുടെ സ്കൂളുകളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും.നിങ്ങള്‍ നിങ്ങളുടെ സ്കൂളുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തോ ,’‘ എന്നതാണു പൊതു ന്യായം.അതു കൊണ്ടു തന്നെ കടുത്ത മതവിശ്വാസികള്‍ പോലും നഗ്നമായ ഇത്തരം മതസ്വാതന്ത്ര്യലംഘനങ്ങള്‍ക്ക് നേരേ പ്രതികരിക്കില്ല.സര്‍ക്കാരോ ,മാധ്യമങ്ങളോ ഇക്കാര്യം കണ്ടതായിപ്പോലും ഗൌനിക്കുന്നില്ല.
ഇങ്ങനെ,താന്താങ്ങളുടെ ജാതി-മത പരിവൃത്തത്തിനകത്ത് മാത്രം വിഹരിക്കുന്നവരുടെ ഒരു തലമുറ വളര്‍ന്ന് വരുന്നത് സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങളെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അതെന്തായാലും,കൃസ്ത്യാനികള്‍ തങ്ങളുടെ മക്കളെ കൃസ്ത്യന്‍ സ്കൂളുകളില്‍ മാത്രം പഠിപ്പിക്കണമെന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസെഫ് പൌവത്തിലിന്റെ പ്രകോപനപരമായ പ്രസ്താവന ഈ മതവല്‍ക്കരണത്തിന്റെ അനിവാര്യ ദുരന്തമാണു.വിദ്യാലയങ്ങള്‍ തങ്ങളുടെ മതവും സംസ്കാരവും പാരമ്പര്യവും മാത്രം പ്രചരിപ്പിക്കാനുള്ള സ്ഥാപനങ്ങളാണു എന്ന ധാര്‍ഷ്ട്യത്തില്‍ നിന്നാണു പൌവ്വത്തില്‍ തിരുമേനിയുടെ ജല്‍പ്പനങ്ങള്‍ ഉണ്‍ടായിടുള്ളത്.സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നടത്തുന്ന തങ്ങളുടെ സ്ഥാപനങ്ങളില്‍ തങ്ങളുടെ ആള്‍ക്കാരെ മാത്രമെ കയറ്റൂ എന്നും ,പി .എസ്. സി തെരഞ്ഞെടുക്കുന്നവര്‍ നിരീശ്വരവാദികളും മദ്യപാനികളും ആണെന്നുള്ള തിരുമേനിയുടെ അധിക്ഷേപം ജനാധിപത്യവിശ്വാസികളുടെ ആത്മാഭിമാനത്തിനു മേലുള്ള ക്രിമിനല്‍ കൈയ്യേറ്റമാണു.(മദ്യപരുടെ കണക്കെടുത്താല്‍ ഏതു സമുദായക്കാരിലാണു ആനുപാതികമായി കൂടുതല്‍ കുടിയരും മദ്യമുതലാളിമാരുമുണ്ടാകുക!?)
ഇന്റര്‍–ചര്‍ച്ച്കൌണ്‍സിലിനും ബിഷപ്പിന്റെ തന്നെ അഭിപ്രായമാണുള്ളതെങ്കില്‍ സാമാന്യമര്യാദയനുസ്സരിച്ച് ഇനി ചെയ്യാവുന്നത് ഇത്രമാത്രം-തങ്ങളുടെ ആളുകള്‍ പഠിക്കുന്ന,തങ്ങള്‍ നിയമിച്ച തങ്ങളുടെ മതക്കാര്‍ (മാത്രം) പഠിപ്പിക്കുന്ന ,തങ്ങളുടെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ നടത്തുന്ന ഈ സ്കൂളുകള്‍ മറ്റു മതസ്ഥരും ,നാസ്തികരും കൂടി അടങ്ങുന്ന പൊതുസമൂഹം നല്‍കുന്ന നികുതിപ്പണത്തില്‍ നിന്ന് ഒരു നയാപൈസ പോലും കൈപ്പറ്റരുത്.“ഞങ്ങളുടെ സ്കൂള്‍ ഞങ്ങള്‍ നടത്തിക്കോളാം.ശമ്പളവും ഞങ്ങള്‍ കൊടുത്തോളാം”,എന്നു ഇവര്‍ പ്രഖ്യാപിക്കുമെങ്കില്‍ ഈ ചര്‍ച്ച നമുക്കവസാനിപ്പിക്കാം,എന്താ?
മതത്തെ താങ്ങി നിര്‍ത്താന്‍ സര്‍ക്കാരിന്റെ പണം എന്തിനാണു,തിരുമേനിമാരേ?
(2007 December 8)
No comments:
Post a Comment