Sunday, 28 October 2007
ജോഷിയുടെ ചിത്രമായ നസ്രാണിയിലെ നായകന്‍ മമ്മൂട്ടിയാണു.പറന്നു നടന്ന് പ്രേമിക്കുകയും,എതിരാളികളെ പറന്നടിച്ച് പപ്പടമാക്കുകയും,ഉന്നതര്‍ക്ക് അടിച്ച് പൂക്കുറ്റിയാകാനും അല്പസ്വല്പം നേരമ്പോക്കുകള്‍ക്കുമായി ഉണ്ടാക്കിയ ക്ലബ്ബിന്റെ സെക്രട്ടറിയായി വിലസുകയും ചെയ്യുന്ന ഡി .കെ എന്ന ഒന്നാംതരം കോട്ടയം നസ്രാണിയുടെ വീര-ശൂരപരാക്രമങ്ങളാണു ഇതിവൃത്തം. റബ്ബറിനു മരുന്നടിക്കുന്ന ഹെലികോപ്റ്റര്‍ വിമന്‍സ് കോളേജിന്റെ ഗ്രൌണ്ടിലിറക്കി അദ്ധ്യാപികയായ കാമുകിയേയും കൊണ്ടു അയാള്‍ പറന്നോട്ടെ.തല്‍ക്കാലം നമുക്കു കണ്ടു രസിക്കാം:അസൂയപ്പെടാം.അല്ലാതെ ഹെലികോപ്റ്റര്‍ഗ്രൌണ്ടിലിറക്കാന്‍ അനുമതിയെവിടെ എന്നു തലപുണ്ണാക്കേണ്ട കാര്യമില്ല.
പക്ഷേ ,കൊലപാതകകുറ്റം അരോപിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മോചനത്തിനായി അയാള്‍ ജില്ലാ ജഡ്ജിയെ ഭീഷണിപ്പെടുത്തുംപോള്‍ തലയാട്ടി രസിച്ചിരിക്കാന്‍ കഴിയുവതെങ്ങനെ?
ഇന്ത്യന്‍ ജുഡീഷ്യറിയുടെ മേലുള്ള നഗ്നമായ കടന്നുകയറ്റമാണിത്.ഗുണ്ടായിസത്തിനു മുന്നില്‍ നീതിന്യായസംവിധാനം വഴങ്ങുമെന്നും,ജുഡ്ജിയെ വിരട്ടി ഇഷ്ടകാര്യങ്ങള്‍ സാധിക്കാമെന്നുമുള്ള വളരെ അപകടകരമായ സന്ദേശമാണു ചിത്രം നല്‍കുന്നത്.നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ കടയ്കല്‍ കത്തിവെക്കുന്ന സിനിമാക്കാരുടെ ഈ കുറ്റകൃത്യത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണം.
സുപ്പര്‍ സ്റ്റാറിനു കൊട്ടിരസിക്കാനുള്ള തകരചെണ്ടയല്ല ഇന്ത്യന്‍ ജുഡിഷ്യറി.നീതിന്യായവ്യവസ്ഥയുടെ വിലയിടിച്ചുകാട്ടുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എങ്ങിനെ സെന്‍സര്‍ ബോര്‍ഡ് അനുമതി കൊടുത്തു?അവരും സൂ പ്പര്‍ സ്റ്റാറിന്റെ ഈ നസ്രാണീവേഷത്തില്‍ വീണുപോയോ?
No comments:
Post a Comment