പ്രമുഖ മാദ്ധ്യമപ്രവർത്തകർ തങ്ങളുടെ അനുഭവങ്ങളും വീക്ഷണങ്ങളും നിരീക്ഷണങ്ങളും പങ്കുവക്കുന്ന 'ചരിത്ര സാക്ഷികൾ' പരമ്പര 44 ആം ഭാഗത്തോടെ 2023 ഒക്ടോബർ 28 ശനിയാഴ്ച രാത്രി സമാപിച്ചു.മുൻ അദ്ധ്യായങ്ങളിൽ പങ്കെടുത്ത മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ, അതിഥികളായി പി.രാജനും (മുൻ അസിസ്റ്റന്റ് എഡിറ്റർ, മാതൃഭൂമി) അമ്മു ജോസഫും(മുൻ അസി. എഡിറ്റർ ;ഈവ്സ് വീക്ക്ലി, മുൻ മാഗസിൻ എഡിറ്റർ,ഇന്ത്യ പോസ്റ്റ്)പങ്കെടുത്തു .
രാഷ്ട്രീയ പ്രവർത്തനമാണ് തന്നെ മാദ്ധ്യമപ്രവർത്തകനാക്കിയതെന്ന് പി.രാജൻ പറഞ്ഞു.ഇന്റർ മീഡിയറ്റിന് പഠിക്കുമ്പോൾ തന്നെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി. ലോ കോളേജിലും രാഷ്ട്രീയ പ്രവർത്തനം തുടർന്നു.
1958-ൽ ദേവികുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പ് കവർ ചെയ്തതാണ് ആദ്യത്തെ മാദ്ധ്യമപ്രവർത്തനം . ദീനബന്ധു പത്രാധിപനായിരുന്ന പെരുന്ന കെ.എൻ നായരുടെ സഹായിയായി സാഹിത്യ പരിഷത്തിന്റെ കൊച്ചിയിൽ നടന്ന സമ്മേളനവും റിപ്പോർട്ട് ചെയ്തു.പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പങ്കെടുത്ത കണ്ണൂരിൽ നടന്ന കോൺഗ്രസ് സമ്മേളനം ഒരു ന്യൂസ് ഏജൻസിക്ക് വേണ്ടി റിപ്പോർട്ട് ചെയ്തു.
എൽ.എൽ.ബി കഴിഞ്ഞ് വരുമാനം ഒന്നുമില്ലാതെ വീട്ടിൽ വെറുതെ ഇരുന്ന കാലത്താണ് കോൺഗ്രസ് നേതാവും മാതൃഭൂമിയുടെ റസിഡൻറ് എഡിറ്ററുമായിരുന്ന എ.പി ഉദയഭാനു തന്നെ മുഴുവൻ സമയ പത്രപ്രവർത്തകനാക്കിയതെന്ന് പി. രാജൻ അനുസ്മരിച്ചു .1962 ൽ മാതൃഭൂമിയിൽ റിപ്പോർട്ടറായി ചേർന്നു. കൊച്ചി യൂണിറ്റ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി ബ്യൂറോ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു അത്. അന്ന് എറണാകുളം ശിവക്ഷേത്രത്തിന് അടുത്തായിരുന്നു ന്യൂസ് ബ്യൂറോ.ചൊവ്വര പരമേശ്വരന്റെ മകനായ കെ.രാമചന്ദ്രനായിരുന്നു ചീഫ് . അദ്ദേഹത്തിന്റെ അസിസ്റ്റന്റായാണ് തുടക്കം. "അന്ന് കോളേജ് അദ്ധ്യാപകരെക്കാൾ കൂടുതൽ ശമ്പളം ലഭിച്ചിരുന്നു. ആറുമാസം കഴിഞ്ഞപ്പോൾ ശമ്പള വർദ്ധനവ് ഉണ്ടായി. പത്രപ്രവർത്തനം ഒരു ലഹരി പോലെ എന്നെ ആകർഷിച്ചു .അത് പുതിയ മേഖലകൾ തുറന്നു നൽകി".
അക്കാലത്ത് മാനേജ്മെൻറ് ഒരു കാര്യങ്ങളിലും ഇടപെടാറില്ലായിരുന്നു.പത്രപ്രവർത്തകർക്ക് വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വി.എം നായർ മാനേജിംഗ് ഡയറക്ടറും വി.പി രാമചന്ദ്രൻ പത്രാധിപരുമായ കാലത്താണ് മാതൃഭൂമിക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടായത്.
കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യാനായി ലീഗൽ കറസ്പോണ്ടന്റായി നിയമിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ പത്രപ്രവർത്തകനാണ്. അങ്ങനെ ഒരു തസ്തിക വേജ് ബോർഡിന്റെ ശുപാർശയിൽ ഉണ്ടായിരുന്നില്ല.അന്ന് ചീഫ് റിപ്പോർട്ടറായിരുന്നു. ലീഗൽ കറസ്പോൺഡന്റ് തസ്തിക അതിന് തുല്യമാക്കി പ്രമോഷൻ നൽകിയാൽ ഒഴിവ് വരുന്ന തസ്തികയിൽ മറ്റൊരാൾക്ക് കൂടി പ്രമോഷൻ ലഭിക്കുമെന്നതിനാൽ പത്രപ്രവർത്തക യൂണിയൻ അതിന് സമ്മതിച്ചു.
കോടതി വാർത്തകൾ മാത്രമല്ല, പൊതു വാർത്തകളും റിപ്പോർട്ട് ചെയ്തു.എസ്.എസ്.എൽ.സി റാങ്ക് ജേതാക്കളുമായുള്ള അഭിമുഖങ്ങൾ ആദ്യമായി കൊടുത്തത് അക്കാലത്താണ് .പിന്നീട് എല്ലാ മാദ്ധ്യമങ്ങളും അത് പിൻതുടർന്നു.ജൂൺ മാസത്തിലെ സ്കൂൾ തുറക്കൽ വലിയ വാർത്തയാക്കിയതും അന്നാണ്.''പക്ഷേ ഇപ്പോൾ അവയെല്ലാം വലിയ ആചാരമായി മാറിയിരിക്കുന്നു".
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട പത്രപ്രവർത്തകനാണ്.1975 ജൂലൈ 21നായിരുന്നു അത്. രാജ്യ സുരക്ഷാനിയമപ്രകാരമായിരുന്നു അറസ്റ്റ് .കോൺഗ്രസ് പരിവർത്തനവാദികളുടെ മുഖപത്രമായ നിർണയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട 'ഇന്ദിരയുടെ അടിയന്തിരം' എന്ന ലഘുലേഖയായിരുന്നു അറസ്റ്റിനു കാരണം.
" ഓഫീസ് റെയ്ഡ് നടത്തിയ പൊലീസ് എന്റെ കൈപ്പടയിലുള്ള ലേഖനത്തിന്റെ കോപ്പി കണ്ടെടുത്തിരുന്നു". അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ മൂന്നാം ദിവസമായിരുന്നു ആ ലഘുലേഖ പുറത്തിറങ്ങിയത്.പാർട്ടിയുടെ മൂന്ന് ഭാരവാഹികളെയും കൂടി അറസ്റ്റ് ചെയ്തു.
"മട്ടാഞ്ചേരി സബ് ജയിലിലാണ് ഞങ്ങളെ തടവിൽ പാർപ്പിച്ചത്. ഒരു ദിവസം അവിടെ നിന്ന് ബസ്സിൽ കയറ്റി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൈവിലങ്ങ് വച്ചാണ് നടത്തിച്ചത്.വഴിക്ക് പരിചയക്കാരെ കണ്ടപ്പോൾ വിലങ്ങുവെച്ച കൈകൾ ഞാൻ ഉയർത്തിക്കാട്ടി.അന്ന് എലിസബത്ത് കുരുവിളയായിരുന്നു മജിസ്ട്രേട്ട്.ഏറെ കോളിളക്കം സൃഷ്ടിച്ച , എം.കെ.കെ നായർക്കെതിരായ അഴിമതിക്കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തയാക്കിയ ധീരയായ മജിസ്ട്രേട്ടായിരുന്നു,അവർ".എന്തായാലും കോടതിയിൽ നിന്ന് തിരിച്ചു കൊണ്ടുപോകുമ്പോൾ വിലങ്ങ് വച്ചില്ല.രണ്ടുമാസമാണ് ജയിലിൽ കിടന്നത്.അടിയന്തരാവസ്ഥയിലെ നിയമഭേദഗതിയുടെ ചട്ടങ്ങൾ നിലവിൽ വന്നത് ജൂലൈ 31നായിരുന്നു. അതിന് മുമ്പ് നടന്ന അറസ്റ്റിന് നിയമസാധുതയില്ലെന്ന് , ജയിലിൽ വച്ച് വായിച്ച് മനസിലാക്കിയിരുന്നു. ആ വാദം അംഗീകരിച്ച കോടതി എല്ലാവരെയും രണ്ട് മാസത്തിനു ശേഷം വെറുതെ വിട്ടു. പൊലീസ് പറയുന്ന ആളുകളെ ശിക്ഷിക്കുന്ന കാലമായിരുന്നു അത്.
"പക്ഷേ, ഈ കേസിന്റെ പേരിൽ എന്നെ മാതൃഭൂമിയിൽ നിന്ന് പിരിച്ചുവിടാനുള്ള രാഷ്ട്രീയ നീക്കം ഉണ്ടായി.ഇതേക്കുറിച്ച് വി.കെ മാധവൻകുട്ടിയും ടി.വി.ആർ ഷേണായിയും ചേർന്ന് കലാകൗമുദിയിൽ എഴുതിയ ഒരു ലേഖന പരമ്പരയിൽ പറഞ്ഞിട്ടുണ്ട്. മാനേജിങ് ഡയറക്ടർ വി.എം നായരുടെ ശക്തമായ നിലപാട് കാരണമാണ് അത് സംഭവിക്കാതിരുന്നത്.അടിയന്തരാവസ്ഥയെ എതിർത്ത് ജയിലിൽ പോയതിൽ എനിക്ക് അഭിമാനമുണ്ട്".
എൽ.കെ അദ്വാനി പറഞ്ഞതുപോലെ, അടിയന്തരാവസ്ഥക്കാലത്ത്,കുനിയാൻ പറഞ്ഞപ്പോൾ പലരും മുട്ടിൽ ഇഴയുകയായിരുന്നു. പിൽക്കാലത്ത് പത്രപ്രവർത്തക വിദ്യാർത്ഥികളോട്, അടിയന്തരാവസ്ഥയെ എതിർത്തതിന് ഏതെങ്കിലും പത്രവർത്തകൻ ജയിലിൽ പോയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ,' ഇല്ല' എന്നായിരുന്നു മറുപടി."അത് ഞാനാണന്ന് പറഞ്ഞില്ല. അത് അറിയണമെന്ന താല്പര്യം പോലും അവർക്കുണ്ടായിരുന്നില്ല".
അടിയന്തരാവസ്ഥയ്ക്കു ശേഷം തിരുവനന്തപുരത്താണ് പ്രവർത്തിച്ചത്. വി.പി രാമചന്ദ്രൻ പത്രാധിപരായിരിക്കെ,ന്യൂസ് എഡിറ്റർ ടി. വേണുഗോപാലക്കുറുപ്പ് നിർദ്ദേശിച്ചതനുസരിച്ച്,
സ്പെഷ്യൽ സ്റ്റോറികളുടെ ചുമതല കിട്ടി. കേരളത്തിലെ ഭൂപരിഷ്കരണ നിയമം ഉണ്ടാക്കിയ അനന്തരഫലങ്ങളെക്കുറിച്ചുള്ള അന്വേഷണാത്മക പരമ്പര ചെയ്തത് തൃപ്തി നൽകിയ ഒന്നാണ്. ആ നിയമം പൊതുവിൽ പരാജയമായിരുന്നു എന്നായിരുന്നു കണ്ടെത്തിയത്. വരമ്പത്ത് നടക്കുന്ന മാനേജർമാരെ അത് മുതലാളിമാരാക്കി. മണ്ണിൽ പണിയെടുത്ത് ജീവിക്കുന്നവർക്ക് അതിന്റെ ഗുണമൊന്നും കിട്ടിയില്ല.കൃഷി ഭൂമി തുണ്ടം തുണ്ടമായി വിഭജിക്കപ്പെട്ടു; കാർഷികോല്പാദനം വർദ്ധിച്ചില്ല എന്നു തുടങ്ങിയ ആ പരമ്പരയിലെ കണ്ടെത്തലുകൾ ശരിയായിരുന്നുവെന്ന് പിന്നീട് നടന്ന പല പഠനങ്ങളും വ്യക്തമാക്കി.
സംസ്ഥാനത്തെ ജയിലുകളിലെ അവസ്ഥയെക്കുറിച്ച് എഴുതിയ പരമ്പരയാണ് മറ്റൊന്ന്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെക്കാൾ മെച്ചപ്പെട്ടവയാണ് കേരളത്തിലെ ജയിലുകൾ എന്ന് മനസിലായി. അങ്ങനെ ജയിലർമാരുടെ ഒരു യോഗത്തിൽ പ്രസംഗിച്ചപ്പോൾ, ജയിൽ പരിഷ്കരണം സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് പി. സുബ്രഹ്മണ്യൻ പോറ്റി പങ്കെടുക്കുന്ന യോഗത്തിലേക്കും സംസാരിക്കാൻ ക്ഷണം കിട്ടിയെങ്കിലും പോയില്ല.
എം.ഡി നാലപ്പാട് പത്രാധിപരായ കാലത്ത് തിരുവനന്തപുരത്ത് അസിസ്റ്റൻറ് എഡിറ്ററായിരുന്നു. "അദ്ദേഹം പത്രപ്രവർത്തകർക്ക് വലിയ സ്വാതന്ത്ര്യം നൽകി. ഏറെ കാലത്തിനു ശേഷം മാതൃഭൂമി,അഗ്രസീവ് ജേണലിസത്തിലൂടെ, വളർച്ചാനിരക്കിൽ മനോരമയ്ക്ക് മുന്നിലെത്തി".അക്കാലത്തെ അന്വേഷണാത്മക പരമ്പരകളുടെ മാർഗ്ഗ നിർദ്ദേശക ചുമതല വഹിച്ചു.ന്യൂസ് കോ ഓർഡിനേറ്റർ എൻ.എൻ.സത്യവ്രതനായിരുന്നു. യുവാക്കളായ പത്രപ്രവർത്തകർ അഴിമതികൾക്കെതിരെ ധാരാളം റിപ്പോർട്ടുകൾ എഴുതി. "അന്ന് പത്രാധിപർക്കുള്ള കത്തുകളുടെ ചുമതലയും എനിക്കായിരുന്നു. വിമാനത്താവളങ്ങളിൽ നടക്കുന്ന അഴിമതികളെക്കുറിച്ചും കള്ളക്കടത്തിനെക്കുറിച്ചും വായനക്കാർ പരാതിപ്പെട്ടിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കാൻ ജി.ശേഖരൻ നായരെ മാലിദ്വീപിലേക്ക് അയച്ചത് അന്നായിരുന്നു". അതിനെക്കുറിച്ചെഴുതിയ പരമ്പരയ്ക്ക് ഗൾഫ് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത കിട്ടി.ആ റിപ്പോർട്ടിൽ ഉപയോഗിച്ച 'ഡിങ്കോൾഫി' എന്ന വാക്ക് പിന്നീട് നമ്മുടെ ശൈലിയുടെ ഭാഗമായി.
1980 ജൂൺ 20 മാതൃഭൂമിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു.അതിലേക്ക് നയിച്ച ഒട്ടേറെ സംഭവവികാസങ്ങളുണ്ട്."പത്രാധിപ സമിതിയുടെ അധികാരങ്ങൾ ഒരു ഡയറക്ടറെ ഏൽപ്പിച്ചതിന് എതിരെ ഞാൻ പ്രതികരിച്ചു. അത് പത്രസ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
ഇതിനെതിരെ പ്രസ് കൗൺസിലിൽ കേസ് കൊടുക്കും എന്ന് മാനേജ്മെന്റിനെ അറിയിച്ചു.വക്കീലിനെ നിയോഗിക്കാൻ കാശ് ഇല്ലാത്തതിനാൽ അതിന് ഒരു മാസത്തെ അവകാശഅവധിയും ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടു പോയാൽ നടപടി എടുക്കുമെന്ന് താക്കീത് കിട്ടി.
ആ കേസിന്റ വിധിയിലാണ് പത്രാധിപൻമാരുടെയും മാനേജ്മെന്റിന്റെയും അവകാശങ്ങൾ വ്യവച്ഛേദിച്ചുകൊണ്ടുള്ള ചരിത്ര പ്രാധാന്യമുള്ള വിധി വന്നത്. പത്രപ്രവർത്തകരുടെ പ്രൊമോഷൻ, സ്ഥലംമാറ്റം, പത്രത്തിന്റെ ഉള്ളടക്കം , പരസ്യം ഇവയിലെല്ലാം പത്രാധിപർക്കാണ് അധികാരം എന്നായിരുന്നു വിധി".
പക്ഷേ,ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. അതിനെതിരെ ലേബർ കോടതി മുതൽ സുപ്രീം കോടതി വരെ നടത്തിയ സുദീർഘമായ നിയമയുദ്ധം പരാജയപ്പെട്ടു. ഹൈക്കോടതി തന്നോട് നീതി കാണിച്ചില്ലെന്ന് അദ്ദേഹം വിശദീകരിച്ചു .ചില ജഡ്ജിമാർ സ്വാധീനങ്ങൾക്ക് വഴങ്ങുന്നുണ്ടെന്നാണ് സ്വന്തം അനുഭവം വ്യക്തമാക്കുന്നത്. ഗ്രാറ്റുവിറ്റി പോലും കിട്ടിയില്ല.
ഇന്ന് 'മാദ്ധ്യമം' എന്നാൽ മാദ്ധ്യമഉടമകൾ എന്നാണ് അർത്ഥമെന്ന് പി. രാജൻ പറഞ്ഞു.മുൻപ് വി.കെ കൃഷ്ണമേനോൻ 'ജൂട്ട് പ്രസ് ' എന്നാണ് കച്ചവട താല്പര്യമുള്ള ചില ഇംഗ്ലീഷ് മാധ്യമങ്ങളെ വിളിച്ചിരുന്നത്. വ്യവസായികൾ നടത്തുന്ന മാദ്ധ്യമങ്ങൾക്കാണ് ഇന്നും ഭൂരിപക്ഷം. രണ്ടാം പ്രസ് കമ്മീഷൻ വ്യവസായികളിൽ നിന്ന് മാദ്ധ്യമങ്ങളെ മോചിപ്പിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു.പക്ഷേ, കേരളത്തിലെ മാദ്ധ്യമങ്ങൾ താരതമ്യേന സ്വതന്ത്രമാണ്.
പൗരാവകാശങ്ങൾ എടുത്ത് കളയപ്പെട്ട അടിയന്തരാവസ്ഥയുമായി ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യങ്ങളെ താരതമ്യപ്പെടുത്താൻ ആവില്ലന്ന് പി.രാജൻ പറഞ്ഞു. ഭയം കാരണം മാദ്ധ്യമങ്ങൾ പലതും മറച്ചുവയ്ക്കുണ്ടാകാം. കേരളത്തിലെ മാദ്ധ്യമപ്രവർത്തകർക്ക് പിണറായി വിജയനെയും പാർട്ടി പ്രവർത്തകരെയും ഭയമുണ്ട്."ഇന്നത്തെ മാദ്ധ്യമപ്രവർത്തകർ പ്രൊഫഷണൽ
ജേണലിസ്റ്റുകളല്ല. അവരെല്ലാം കരിയറിസ്റ്റുകളാണ്".
പുതിയ തലമുറ പത്രങ്ങൾ വായിക്കുന്നില്ല.അവർക്ക് ചരിത്രബോധവും കുറവാണ്. മാദ്ധ്യമങ്ങൾക്കിത് ദുർബലമായ കാലം. ഒരു അന്തരാള കാലഘട്ടമാണിത്. അവയുടെ ഭാവി പ്രവചിക്കാനാവില്ല.അച്ചടി മാദ്ധ്യമങ്ങൾ ഈ രൂപത്തിൽഏറെക്കാലം ഇനി നിലനിൽക്കുമെന്ന് തോന്നുന്നില്ല.
സമൂഹത്തിന്റെ കാവൽ പട്ടികൾ -വാച്ച് ഡോഗ്സ് - എന്ന ചുമതല മാദ്ധ്യമങ്ങൾ ഇപ്പോൾ നിർവഹിക്കുന്നില്ല. അവർ അറിഞ്ഞുകൊണ്ടുതന്നെ അസത്യം പ്രചരിപ്പിക്കുകയാണ്.
കോടതികൾക്ക് മാദ്ധ്യമങ്ങൾ അമിത പ്രചാരം കൊടുക്കുകയാണ്. ആദിവാസി ഭൂമി കയ്യേറിയ പത്രം ഉടമസ്ഥനെ സംരക്ഷിക്കാൻ എക്സിക്യൂട്ടീവും ജുഡീഷ്യറിയും മാദ്ധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ ഒരു പ്രമുഖ പത്രം മുൻപ് നിരോധിക്കപ്പെട്ടതിനെ കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു.കേസിൽ പ്രതിയായ വൈദികനെ ന്യായീകരിക്കാൻ മറ്റൊരു പത്രം മുന്നിട്ടിറങ്ങിയ ചരിത്രവുമുണ്ട്.
ഇ.എം.എസ് വ്യക്തിപരമായി സംശുദ്ധ ജീവിതം നയിച്ച ആളാണന്ന് പി.രാജൻ പറഞ്ഞു."എങ്കിലും, അദ്ദേഹം ഒരു പാർട്ടി അടിമയായിരുന്നു . ഗ്രാംഷിയെപോലെയോ അംബേദ്കറെപോലെയോ സ്വന്തമായി ഒരു ചിന്താപദ്ധതി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നും പി. രാജൻ പറഞ്ഞു.
ആറാം വയസ്സിൽ ഇന്ത്യ വിടുകയും ബിരുദത്തിന് മുൻപ് വരെ വിദേശ രാജ്യങ്ങളിൽ പഠിക്കുകയും ചെയ്ത മുതിർന്ന മാദ്ധ്യമപ്രവർത്തക അമ്മു ജോസഫ് ഇംഗ്ലീഷിലാണ് സംസാരിച്ചത്.തൊടുപുഴ സ്വദേശികളായ ഫാദർ കെ.സി ജോസഫിന്റെയും അന്ന ജോസഫിന്റെയും മകളായ അമ്മു മാതാപിതാക്കൾക്കൊപ്പം എത്യോപ്യയിലും ജനീവയിലുമാണ് പഠിച്ചത്. ആദ്യം ആലുവ യു.സി കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു അച്ഛൻ. അമ്മ അവിടെ സ്ഥാപിക്കപ്പെട്ട ക്രൈസ്തവ മഹിളാലയം സ്കൂളിലെ അദ്ധ്യാപികയും .
"ആഡിസ്അബാബയിൽ ഞങ്ങൾ ഏഴുവർഷം താമസിച്ചു.കേരളത്തിൽ നിന്നുള്ള സിറിയൻ ക്രിസ്ത്യൻ അദ്ധ്യാപകർ ധാരാളമുണ്ടായിരുന്നു, അവിടെ . അവരുടെ മക്കളും സഹപാഠികളായിരുന്നു. നോവലിസ്റ്റായ എബ്രഹാം വർഗ്ഗീസ് ബാല്യകാല സുഹൃത്താണ്". ജനീവ ഇന്റർനാഷൽ സ്ക്കൂളിലായിരുന്നു , ഹൈസ്ക്കൂൾ വിദ്യാഭ്യാസം. 1970ൽ ഇന്ത്യയിൽ തിരിച്ചെത്തി, ചെന്നൈയിലെ വിമൻസ് ക്രിസ്ത്യൻ കോളേജിൽ ബി.എ കോഴ്സിന് ചേർന്നു. മൂത്ത ചേച്ചിയും അന്ന് അവിടെ പഠിച്ചിരുന്നു.
"എന്റെ മാദ്ധ്യമപ്രവർത്തനത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. അവസാന വർഷം ഞാൻ കോളേജ് മാഗസിൻ എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു".
1974 ൽ മുംബൈയിലെ ബി.കെ സമാനി പോളിടെക്നിക് കോളേജിൽ സോഷ്യൽ കമ്യൂണിക്കേഷൻ ഇൻ മീഡിയയിൽ ഒരു വർഷത്തെ കോഴ്സിന് ചേർന്നു. അതിന്റെ ഒരു മാസത്തെ ഇന്റേൺഷിപ്പ് ഈവ്സ് വീക്കിലിയിൽ ആയിരുന്നു.അതിന്റെ പത്രാധിപ അവിടെ ജോലി വാഗ്ദാനം ചെയ്തു. മാനേജിങ്ങ് ഡയറക്ടർ ജെ.സി ജയിൻ തന്ത്രജ്ഞനായിരുന്നു. അവിടെയും സ്റ്റാർ ആന്റ് സ്റ്റൈലിലും കൂടി സബ് എഡിറ്റർ കം റിപ്പോർട്ടർ ആയാണ് നിയമിച്ചത്."അദ്യത്തെ ആറു മാസം മുഴുവൻ സ്റ്റാർ ആൻഡ് സ്റ്റൈലിനു വേണ്ടി ഹിന്ദി സിനിമാ താരങ്ങളെ ഇന്റർവ്യൂ നടത്തി റിപ്പോർട്ടുകളും ഫീച്ചറുകളും ലേഖനങ്ങളും എഴുതുയായിരുന്നു ജോലി. 520 രൂപ ശമ്പളം.അതൊരു കോൺ ജോബ്(con job) ആയിരുന്നു".
അക്കാലത്തെ പ്രശസ്തരും പുതുമുഖങ്ങളുമടക്കം ഒട്ടേറെ താരങ്ങളെ കണ്ടു.
"ഇംഗ്ലീഷ് അറിയാവുന്നവരെ മാത്രമാണ് ഇന്റർവ്യൂ ചെയ്തത്". ശർമ്മിള ടാഗോർ, ഷമ്മി കപൂർ, ഷബാന ആസ്മി, സ്മിത പാട്ടീൽ, ശേഖർ കപൂർ, വിനോദ് ഖന്ന, നീതു സിങ്ങ് ..... ഇവരിൽ രാജേഷ് ഖന്നയുമായി നടത്തിയ അഭിമുഖമാണ് മനസ്സിൽ ഇന്നും തങ്ങിനിൽക്കുന്നത്.
അടിയന്തിരാവസ്ഥ പ്രഖ്യാപനം വലിയ പ്രതിസന്ധികൾ ഉണ്ടാക്കിയില്ലെങ്കിലും സെൻസർഷിപ്പുണ്ടായിരുന്നു.മീഡിയ അദ്ധ്യാപകനായ വിനോദ് റാവു ആയിരുന്നു അന്നത്തെ ചീഫ് സെൻസറിംഗ് ഓഫീസർ . ദേവയാനി ചൗബാലിന്റെ സിനിമാ ഗോസിപ്പ് കോളത്തിൽ (Frankly speaking) പ്രസിദ്ധീകരിക്കാനുള്ള മാറ്ററുമായി അദ്ദേഹത്തെ പോയി കണ്ടത് മറ്റൊരു അനുഭവമാണ്.
" ഞാൻ അദ്ദേഹത്തോട് പറഞ്ഞു -ഇങ്ങനൊരു സാഹചര്യത്തിൽ നമ്മൾ വീണ്ടും കണ്ടുമുട്ടുമെന്ന് വിചാരിച്ചില്ല".
1977 ജനുവരിയിൽ പബ്ലിക് കമ്മ്യൂണിക്കേഷനിൽ പഠനത്തിന് അമേരിക്കയിലേക്ക് പോയി. മാഗസിൻ ജേണലിസത്തിലായിരുന്നു സ്പെഷ്യലൈസേഷൻ.''ഫെമനിസം എന്ന ആശയവുമായി പരിചയപ്പെടുന്നത് അന്നാണ്. ലിംഗപദവി സംബന്ധിച്ചും സ്ത്രീ പ്രശ്നങ്ങളെക്കുറിച്ചും പഠിച്ചു. കണ്ണു തുറപ്പിക്കുന്നതായിരുന്നു, അത്. പുതിയ ഉൾക്കാഴ്ചയോടെ സ്ത്രീ പ്രശ്നങ്ങളെ സമീപിക്കാൻ തുടങ്ങിയത് ആ പഠനകാലത്താണ്" . പഠനത്തിന്റെ ഭാഗമായി മിസ് മാഗസിൻ എന്ന അവിടുത്തെ ശ്രദ്ധേയമായ വനിതാപ്രസിദ്ധീകരണത്തിൽ ഒരാഴ്ച ചെലവഴിച്ച്, പത്രാധിപയെ ഇന്റർവ്യൂ ചെയ്ത് റിപ്പോർട്ട് തയ്യാറാക്കിയതും വഴിത്തിരിവായി.
കോഴ്സ് പൂർത്തിയാക്കി തിരിച്ചത്തിയപ്പോൾ , ഈവ്സ് വീക്ക്ലി പത്രാധിപ ക്ഷണിച്ചു. അങ്ങനെ, അവിടെ അസിസ്റ്റൻറ് എഡിറ്ററായി.1981 വരെ അവിടെ തുടർന്നു."പരമ്പരാഗത ശൈലിയിലുള്ള പ്രസിദ്ധീകരണത്തെ, സ്ത്രീകളുടെ താല്പര്യങ്ങളും ആശങ്കകളു പുതിയ ആശയങ്ങളും മറ്റും ഉൾക്കൊള്ളുന്ന രീതിയിൽ ഉടച്ചുവാർക്കാനായി . അത് പുതിയ ആകാശങ്ങൾ തുറന്നു".ജ്യോതി പുൻവാനി, റതു കംലാനി തുടങ്ങിയ മുതിർന്ന സഹപ്രവർത്തകർ വലിയ പിന്തുണ നൽകി.
കുട്ടി ഉണ്ടാകുകയും ഒറ്റ അമ്മ ആകുകയും ചെയ്തതോടെ പ്രവർത്തന സമയത്തിൽ ക്രമീകരണം നടത്തണ്ടത് ആവശ്യമായി വന്നു.വീട്ടിലും ഓഫീസിലും ഇരുന്ന് ജോലി പൂർത്തീകരിക്കാനുള്ള ആവശ്യം (flexy timing) പക്ഷേ, മാനേജിങ്ങ് ഡയറക്ടർക്ക് സമ്മതമല്ലായിരുന്നു.അതോടെ ജോലി.വിട്ടു .പിന്നീട് മൂന്നുവർഷം പോളിടെക്നിക് കോളേജിൽ അദ്ധ്യാപികയായി .
അക്കാലത്ത് അപ്ഡേറ്റ് ബിസിനസ് മാഗസിൻ,വിമൻ ടുഡേ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതി. മുംബൈയിൽ നിന്ന് ഇറങ്ങിയിരുന്ന സബർബൻ എന്ന ഗ്രാമീണ പത്രത്തിന്റെ കൺസൾട്ടിങ്ങ് എഡിറ്ററുമായി .പിന്നീട് ഇന്ത്യ പോസ്റ്റിൽ മാഗസിൻ എഡിറ്ററായി ചേർന്നു. അന്ന് അതിന്റെ പത്രാധിപർ എസ്. നിഹാൽ സിംഗ് ആയിരുന്നു.വനിതകളുടെ പ്രശ്നങ്ങൾക്കും കാലിക സംഭവങ്ങൾക്കും മുൻതൂക്കം നൽകിയുള്ള ലേഖനങ്ങളാണ് അതിൽ കൊടുത്തിരുന്നത്. പക്ഷേ, പുതിയ പത്രാധിപർ വന്നതോടെ വിനോദം,പാചകം,സിനിമ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിത്തുടങ്ങി."ആഗോളവൽക്കരണം മാദ്ധ്യമരംഗത്ത് ആദ്യം ലക്ഷ്യം വെച്ചത് ഫീച്ചറിനെയാണ് .ഗൗരവതരമായ വിഷയങ്ങൾ പകരം വളരെ ലൈറ്റ് ആയ കാര്യങ്ങൾ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചതോടെ ഔദ്യോഗിക മാദ്ധ്യമപ്രവർത്തനം ഞാൻ അവസാനിപ്പിച്ചു".
അന്നുമുതൽ സ്വതന്ത്ര മാദ്ധ്യമപ്രവർത്തകയും ഗവേഷകയുമാണ്.ദ ഹിന്ദു ,ഡെക്കാൻ ഹെറാൾഡ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളും കോളങ്ങളും എഴുതാൻ ആരംഭിച്ചു.ദ ഹിന്ദുവിന്റെ യങ്ങ് വേൾഡിൽ , രുഗ്മ എന്ന തൂലിക നാമത്തിൽ എട്ട് വർഷം കോളം എഴുതി .അതിൽ നിന്ന് തെരഞ്ഞെടുത്ത ലേഖനങ്ങൾ അടുത്തുതന്നെ പുസ്തകമായി പ്രസിദ്ധീകൃതമാകുന്നുണ്ട്.
ധാരാളം ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയൽ കൺസൾട്ടന്റായും പ്രവർത്തിക്കുന്നുണ്ട്.ദക്ഷിണേന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളുടെ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ പഠനം അനിത നായരുടെയും എം.എ ഉമ്മന്റെയും ഗവേഷണ പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്.ദക്ഷിണേന്ത്യൻ സിനിമാരംഗത്തെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഡബ്ലിയു.സി.സി 2020 ൽ തയ്യാറാക്കിയ റിപ്പോർട്ടിലേക്ക് നയിച്ച പഠനത്തിലും പ്രധാന പങ്ക് വഹിച്ചു.
നമ്മുടെ പ്രധാന പത്രങ്ങളുടെ ഗുണനിലവാരം ഇപ്പോൾ തകർന്നിട്ടുണ്ടെന്ന് അമ്മു ജോസഫ് നിരീക്ഷിച്ചു."വാർത്തയ്ക്കും കച്ചവടത്തിനും ഇടയിലെ രേഖ മാഞ്ഞു പോയിരിക്കുന്നു മുൻപ് ടൈംസ് ഓഫ് ഇന്ത്യ ഒരു മാർക്കറ്റിംഗ് മാനേജരെ അസിസ്റ്റൻറ് എഡിറ്ററായി നിയമിക്കുക പോലും ഉണ്ടായി. പത്രങ്ങളിലുള്ള വിശ്വാസം എക്കാലത്തെയും വലിയ തകർച്ച നേരിടുകയാണ് ഇപ്പോൾ .
സമൂഹമാദ്ധ്യമങ്ങളാണ് ഇപ്പോൾ ഉള്ളടക്കം നിശ്ചയിക്കുന്നത്. പത്രങ്ങളും ടെലിവിഷൻ ചാനലുകളും ഇവയിൽ നിന്ന് കിട്ടുന്ന സൂചനകളാണ്(cues) വാർത്താഉറവിടമാക്കുന്നത്".
മാദ്ധ്യമപ്രവർത്തകർ കടുത്ത വെല്ലുവിളികളും പ്രതിസന്ധികളും ഇന്ത്യയിൽ നേരിടുന്നുണ്ട് .അവരുടെ ഉപകരണങ്ങൾ പോലും അധികാരികൾ പിടിച്ചെടുക്കുന്നു.അവ തിരിച്ചു കിട്ടുക ദൈർഘ്യമേറിയ നടപടിക്രമങ്ങൾക്ക് ശേഷമാണ്. മാനേജ്മെന്റ് പോലും നിയമനടപടികളിൽ അവർക്ക് ഒപ്പം നിൽക്കാറില്ല. അവരെ സംരക്ഷിക്കേണ്ട യൂണിയനുകളും മിക്കപ്പോഴും ഒപ്പം ചേരുന്നില്ല.പത്ര മാനേജ്മെന്റുകൾക്ക് ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ പേടിയാണ്.
നമ്മുടെ പ്രമുഖ ദേശീയ വാർത്ത ചാനലുകൾ യഥാർത്ഥ അർത്ഥത്തിൽ അത്തരം ചാനലുകൾ അല്ലെന്നും അമ്മു ജോസഫ് പറഞ്ഞു .അവർ പോലും നിലനിൽപ്പിനായി പൊരുതുന്ന ഇക്കാലത്ത് വെബ്മാദ്ധ്യമങ്ങളും പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുകയാണ്.വാർത്താശേഖരണത്തിനും നിലനിൽപ്പിനുമുള്ള സാമ്പത്തിക സ്രോതസ്സ് അവർക്ക് ഇല്ല .പുതിയ തലമുറ യാദൃശ്‌ചികമായി മാത്രമാണ് വെബ്, ഡിജിറ്റൽ മാദ്ധ്യമങ്ങളിലെ ഉള്ളടക്കം വായിക്കുന്നത് എന്ന് അഭിപ്രായമില്ലന്നും അമ്മു ജോസഫ് പറഞ്ഞു.
ചർച്ചയിൽ പി.ജെ മാത്യു,ജോർജ് കള്ളിവയലിൽ ,രാജേന്ദ്രൻ പുതിയേടത്ത്,ജോസ്കുട്ടി പനയ്ക്കൽ,എം.ഷെരീഫ്,ഷഹീൻ സിദ്ദിഖ്,സുരേഷ് നെല്ലിക്കോട് എന്നിവർ പങ്കെടുത്തു.
ഈ പരമ്പരയുടെ മുൻ അദ്ധ്യായങ്ങളിൽ പങ്കെടുത്ത മറ്റ് മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എൻ. ബാലകൃഷ്ണൻ , എൻ.പി രാജേന്ദ്രൻ ,എം.ജി രാധാകൃഷ്ണൻ , പി.എസ് നിർമ്മല, പി.പി മാത്യു, ടി.ശശി മോഹൻ, പി.പ്രേംചന്ദ്, പി.എസ് ജോസഫ്,പി.കെ ശ്രീനിവാസൻ , ചെറുകര സണ്ണി ലൂക്കോസ്,പി.വി ഹരികൃഷ്ണൻ എന്നിവരും കെ.രാജഗോപാൽ, പി. മുസ്തഫ അടക്കമുള്ളവരും ഈ പരമ്പരയുടെ സമാപന അദ്ധ്യായത്തിൽ പങ്കെടുത്തു.
ഡി.പ്രദീപ്കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ ' പരമ്പരയുടെ അവസാനഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട് .
https://youtu.be/QJoxudx2XOc?feature=shared
No comments:
Post a Comment