സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പരിഷ്ക്കർത്താവും പത്രാധിപരുമായിരുന്ന അച്ഛൻ
എ.കെ ഭാസ്കർ മകനിട്ട പേര് ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ .അദ്ദേഹം കൊല്ലത്ത് നിന്ന് ഇറക്കിയിയിരുന്ന
'നവഭാരതം' ദിനപത്രത്തിൽ, പിൽക്കാലത്ത് മലയാള പത്രലോകത്ത്
പ്രശസ്തരായിത്തീർന്ന എൻ. രാമചന്ദ്രൻ, കെ. വിജയരാഘവൻ എന്നിവരും സി.എൻ ശ്രീകണ്ഠൻ നായരും ഉണ്ടായിരുന്നു. പത്രാധിപർ ബാപ്പുറാവു. അദ്ദേഹമായിരുന്നു ഗുരു;അതായിരുന്നു കളരി . തൂലികാനാമത്തിൽ ആ പത്രത്തിൻ ലേഖനങ്ങളെഴുതിയാണ് തുടക്കം. അച്ഛൻ, പക്ഷേ, മകനെ സർക്കാർ ഉദ്യോഗസ്ഥനാക്കാനാണ് ആഗ്രഹിച്ചത്." എന്നാൽ, എനിക്കൊരിക്കലും സർക്കാരുദ്യോഗത്തിൽ താല്പര്യം തോന്നിയില്ല".
കൊല്ലം എസ്.എൻ കോളേജിൽ ബിരുദത്തിന് പഠിച്ചത് ഗണിതശാസ്ത്രം. അദ്ധ്യാപകനായ പ്രൊഫ.ബാലകൃഷ്ണ ശർമ്മ, ഇന്ത്യാവിഭജനത്തിന് മുൻപ് സിന്ധിൽ എ.പി.ഐയുടെ പാർട്ട് ടൈം കറസ്പോണ്ടൻ്റായിരുന്നു. "പത്രപ്രവർത്തകനാകാനാണ് ആഗ്രഹമെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു; കണക്ക് പഠിക്കുന്നത് നല്ലതാണ്. ഗണിതശാസ്ത്രത്തിലും പത്രപ്രവർത്തനത്തിലും വേണ്ടത് ചുരുക്കിപ്പറയലാണ്".
പ്രാദേശിക പത്രപ്രവർത്തനത്തിനപ്പുറത്തേയ്ക്കായിരുന്നു കണ്ണ്. മുൻപ് ദി ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ചിരുന്ന പ്രമുഖ ഗാന്ധിയൻ ജി. രാമചന്ദ്രനെ പരിചയമുണ്ടായിരുന്നു.
"പത്രത്തിൽ ചേരാനായി അദ്ദേഹവുമായി ഞാൻ ബന്ധപ്പെടുന്നെന്ന് അറിഞ്ഞ അച്ഛൻ, ഇംഗ്ലീഷ് പത്രങ്ങളിൽ തന്നെ പ്രവർത്തിക്കാനാണ് താല്പര്യമെങ്കിൽ, ദ ഹിന്ദുവാണ് ഏറ്റവും നല്ലതെന്ന് പറഞ്ഞു. അദ്ദേഹത്തിന് പത്രാധിപർ കസ്തൂരി ശ്രീനിവാസനെ അറിയാമായിരുന്നു.അദ്ദേവുമായി സംസാരിക്കാമെന്നും ഏറ്റു".
1952-ൽ ദ ഹിന്ദുവിൽ ട്രെയ്നിയായി ചേർന്നു. അന്നത്തെ മദിരാശി മുഖ്യമന്ത്രി സി. രാജഗോപാലാചാരിയുടെ മകൻ സി.ആർ കൃഷ്ണസ്വാമിയായിരുന്നു അന്ന് പത്രാധിപസമിതിയിലെ ഏറ്റവും സീനിയറായ ബാച്ച് ലീഡർ (ഇന്നത്തെ ചീഫ് സബ് എഡിറ്റർ). അദ്ദേഹം പിന്നീട് ന്യൂസ് എഡിറ്ററായി. ആദ്യ ദിവസങ്ങളിൽ, പകൽ മുഴുവൻ ഡസ്കിലിരുന്ന്, അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടു പഠിക്കാനായിരുന്നു നിർദ്ദേശം. വാർത്തകളുടെ വിശ്വാസ്യതയ്ക്കും കൃത്യതയ്ക്കും പേരുകേട്ട പത്രം. എഡിറ്റിങ്ങിനു ശേഷം, കമ്പോസ് ചെയ്യുന്ന ഓരോ വാർത്തയും പത്രാധിപ സമിതി അംഗങ്ങൾ മൂന്ന് തവണ പ്രൂഫ് വായിക്കും.
ഒരു മാസത്തിനു ശേഷം, ഡെസ്ക്കിൻ്റെ ചുമതലയുള്ള പി.കെ ബാലസുബ്രഹ്മണ്യത്തോട് ചോദിച്ചു: എനിക്കെന്തെങ്കിലും പണി തരുമോ ? കൊളംബോ ലേഖകൻ അയച്ച ഒരു കമ്പി സന്ദേശം അദ്ദേഹം എടുത്ത് നൽകി. സിലോണിൻ്റെ (ശ്രീലങ്ക) ആദ്യ പ്രധാനമന്ത്രി ഡൺ സ്റ്റീഫൻ സേനായകെ തലേ ദിവസം കുതിരപ്പുറത്ത് നിന്ന് വീണ് അബോധാവസ്ഥയിലാണ്;അദ്ദേഹം ഏതു നിമിഷവും മരിക്കാം. അദ്ദേഹത്തെക്കുറിച്ച് മുൻകൂട്ടി എഴുതിയ ചരമക്കുറിപ്പാണ് ആദ്യമായി എഡിറ്റ് ചെയ്തത്. അത് വായിച്ച്, ചീഫ് സബിന് ഇഷ്ടപ്പെട്ടുവെന്ന് തോന്നി.സിലോൺ പ്രധാനമന്ത്രിയുടെ സ്ഥിതി കുറച്ചു മെച്ചപ്പെട്ടുവെന്ന ഏജൻസി വാർത്ത വായിച്ചാണ് വൈകീട്ട് മടങ്ങിച്ചത്. രാവിലത്തെ പത്രം നോക്കുമ്പോൾ, അദ്ദേഹത്തിൻ്റെ ചരമ വാർത്തയും ആ കുറിപ്പുമുണ്ട്. രാത്രി അദ്ദേഹം മരിച്ചിരുന്നു.
ബി.ആർ.പി ഭാസ്കർ എന്ന ആദ്യ ബൈലൈൻ അച്ചടിച്ചുവരുന്നത് അക്കാലത്താണ്. പക്ഷേ, അത് , ദ ഇന്ത്യൻ എക്സ്പ്രസിലായിരുന്നു;ദ ഹിന്ദുവിലല്ല.പത്രപ്രവർത്തകർ ഐ.എഫ്.ഡബ്ലിയു.ജെ എന്ന പേരിൽ തൊഴിലാളി സംഘടന രൂപീകരിച്ചത് അക്കാലത്താണ്. അതിൽ അംഗമായി. ലക്നൗവിൽ നടന്ന ദേശീയ സമ്മേളനത്തിന് പ്രതിനിധിയായി പോകുമ്പോൾ, ഭോപ്പാലിൽ ഇറങ്ങി. അവിടെ നിന്ന് നൂറു കിലോമീറ്റർ അകലെയുള്ള സുൽത്താൻപൂർ സന്ദർശിക്കുകയായിരുന്നു, ലക്ഷ്യം. മലയാളികളായ മുന്നൂറ് കർഷക കുടുംബങ്ങൾ അവിടെയുണ്ടായിരുന്നു. അതെക്കുറിച്ച് അറിഞ്ഞിരുന്നു. ഭക്ഷ്യക്ഷാമം അതിരൂക്ഷമായ കാലം. സുൽത്താൻപൂരിനടുത്ത വനപ്രദേശത്ത് സർക്കാർ ഒരു കൂട്ടുകൃഷി ഫാം തുടങ്ങി പക്ഷേ, അത് വിജയിച്ചില്ല. അവിടേയ്ക്ക്, തിരു-കൊച്ചിയിൽ നിന്ന്, ജലസേചന സൗകര്യമുള്ള 5 ഏക്കർ ഉൾപ്പെടെ 15 ഏക്കർ ഭൂമിയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് കർഷകരെ കൊണ്ടുവന്ന് താമസിപ്പിച്ചതാണ്.സർക്കാർ തെരഞ്ഞെടുത്ത് അയച്ച അവർ മൂന്ന് കോളനികളിലായിരുന്നു. അവർ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നുവെന്നറിഞ്ഞാണ് എത്തിയത്.
അവസാന ബസ് സ്റ്റോപ്പിൽ നിന്ന് ഗ്രാമത്തിലേക്ക് വിജനമായ ഒരു കാട്ടുവഴി മാത്രം .അതിലൂടെ അഞ്ച് കിലോമീറ്റർ നടന്ന് ,അവശനായാണ് എത്തിയത്. സർക്കാർ നിയമിച്ച ഒരു ലെയ്സൺ ഓഫീസർ അവിടെയുണ്ടായിരുന്നു. അദ്ദേഹവുമായി സാസാരിച്ചിരുന്നപ്പോൾ പുറത്ത് ജനങ്ങൾ തടിച്ചു കൂടി .രാത്രി വരെ അവരുടെ പരാതികൾ കേട്ടു. അവിടെ എത്തിയവരിൽ ചിലർ കർഷകരായിരുന്നില്ല. 15 ഏക്കർ കിട്ടുമെന്ന പ്രലോഭനത്തിൽ ഇറങ്ങിത്തിരിച്ചവരായിരുന്നു കുറച്ചു പേർ. കാളകളെ വാങ്ങാൻ നൽകിയ 750 രൂപയിൽ ഒരു ഭാഗം മറ്റാവശ്യങ്ങൾക്ക് ചെലവാക്കി, ആരോഗ്യമില്ലാത്തവയെ വാങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു .ഗോതമ്പ് കൃഷി ചെയ്യാനാണ് സർക്കാർ പറഞ്ഞിരുന്നതെങ്കിലും നെൽകൃഷി ചെയ്ത് നഷ്ടം വന്നവരെയും കണ്ടു. തദ്ദേശീയരുമായി ചന്തകളിൽ വച്ച് വഴക്കുണ്ടാകുന്നതും അവിടെ പതിവായിരുന്നു. മറ്റുള്ളവരിൽ നിന്ന് അകന്ന്, കോളനികളിൽ ജീവിക്കുന്നതും ആശാസ്യമായി തോന്നിയില്ല.
കൊച്ചുമകൾ സാവേരി ബാലാജിയ്ക്കൊപ്പം.
ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രമായ ഒരു റിപ്പോർട്ട് എഴുതി. അത് സ്വന്തം പത്രത്തിന് നൽകിയിട്ട് പ്രയോജനമുണ്ടെന്ന് തോന്നിയില്ല. സുൽത്താൻപൂരിൽ ദ ഹിന്ദു വിതരണം ചെയ്തിരുന്നില്ല. കേരളത്തിലും ഡൽഹിയിലും മദ്ധ്യപ്രദേശിലും കിട്ടുന്ന പത്രം ദ ഇന്ത്യൻ എക്സ്പ്രസായിരുന്നു . അതിൽ കൊടുത്താലോ? ന്യൂസ് എഡിറ്റർ സി.ആർ കൃഷ്ണസ്വാമിയോട് ചോദിച്ചു. എഡിറ്റർക്ക് ഒരു കത്ത് നൽകാൻ അദ്ദേഹം പറഞ്ഞു. അതിന് അനുമതി കിട്ടി. അവർ ഞായറാഴ്ചപ്പതിപ്പായ 'സൺഡേ സ്റ്റാൻഡേർഡി'ൽ അത് പ്രസിദ്ധീകരിച്ചു.
അതിന് ഫലമുണ്ടായി. മലയാളി കർഷകരുടെ കോളനികൾ പഞ്ചായത്തുകളിൽ ലയിപ്പിച്ചു. പിൽക്കാലത്ത് അവിടെ ഒരു മലയാളി, പഞ്ചായത്തിൻ്റെ പ്രസിഡൻ്റുണ്ടായി. ഭൂമി മാത്രം മോഹിച്ച് വന്ന കുടിയേറ്റക്കാരിൽ ചിലർ നാട്ടിലേക്ക് മടങ്ങിപ്പോയി. സുൽത്താൻപൂരിലെ ഗ്രാമത്തിൽ ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുണ്ടായി. നാട്ടുകാരുമായി ഇഴുകിച്ചേർന്നാണ് എല്ലാവരും കഴിയുന്നത് എന്നറിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.
കോളേജ് പഠനകാലത്ത് വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകനായിരുന്ന ബി. ആർ. പി ഭാസ്കർ പത്രപ്രവർത്തനകാലത്തിൻ്റെ ആരംഭം മുതൽ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമായി വ്യാപൃതനായി. അതിനു വഴിവച്ചത്, സിങ്കപ്പൂരിലേക്ക് തിരിച്ചുപോകുന്നതിനുള്ള ക്ലിയറൻസ് സർട്ടിഫിക്കേറ്റ് വാങ്ങാൻ ചെന്നൈയിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻ്റ്സ് ഓഫീസിൽ എത്തിയ തിരുവനന്തപുരത്തുകാരനായ യുവാവ്, അവിടെ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവമായിരുന്നു. എ.പി. കുഞ്ഞിക്കണ്ണൻ എന്ന സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനാണ് അക്കാര്യം അറിയിച്ചത്. അക്കാലത്ത് സിങ്കപ്പൂർ, മലേഷ്യ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് മലയാളികൾ ജോലി തേടിപ്പോയിരുന്നു. എന്നാൽ കുടിയേറ്റം അവസാനിപ്പിക്കുന്നതിന് തീരുമാനിച്ച രണ്ട് സർക്കാരും അതിന് ഒരു അന്തിമ തീയതി പ്രഖ്യാപിച്ചു. അതോടെ, എമിഗ്രേഷൻ ക്ലിയറൻസ് രേഖകൾക്കായി ഓഫീസിൽ വലിയ തിരക്കായി. അവർ 500 രൂപ വരെ (അക്കാലത്തെ വലിയ തുക) കൈക്കൂലി വാങ്ങി.
അവധി കഴിഞ്ഞ് തിരിച്ചു പോകാൻ ക്ലിയറൻസ് രേഖയ്ക്കായി ഓഫീസിലെത്തിയ യുവാവ് അസ്വസ്ഥനായി, ബഹളമുണ്ടാക്കി. അയാളെ ജീവനക്കാർ മർദ്ദിച്ച്, പൊലീസിൽ ഏല്പിച്ചു. ആ രാത്രിയിൽ അയാൾ കസ്റ്റഡിയിൽ മരിച്ചു. എന്നാൽ, ആർസനിക് വിഷം അകത്തു ചെന്നതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ് മാർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്."ഞാനും കുഞ്ഞിക്കണ്ണനും കൂടി അന്ന് ഓഫീസിലുണ്ടായിരുന്നവരുമായി സംസാരിച്ച്, നിജസ്ഥിതി മനസ്സിലാക്കി. പക്ഷേ, ദ ഹിന്ദുവിന് ഈ കസ്റ്റഡി മരണത്തിൽ ഒരു താല്പര്യവുമുണ്ടായില്ല. അതെത്തുടർന്ന് ,ഈ മനുഷ്യാവകാശ പ്രശ്നം ഞങ്ങൾ ഏറ്റെടുത്തു".
മരിച്ചയാളുടെ ബന്ധുക്കൾക്ക് കത്തെഴുതി. അയാളുടെ ഭാര്യയും മകനും ചെന്നൈയിലെത്തി. കുഞ്ഞിക്കണ്ണൻ ഏർപ്പാടാക്കിത്തന്ന അഭിഭാഷകൻ മുഖേന പ്രൊട്ടക്ടർ ഓഫ് എമിഗ്രൻ്റ്സിന് എതിരെ മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു. പക്ഷേ, അത് വിജയിച്ചില്ല. എതിർഭാഗത്തിനു വേണ്ടി പ്രമുഖ ക്രിമിനൽ വക്കീൽ വി.എൽ എത്തിതരാജായിരുന്നു വാദിച്ചത്.
ഈ പ്രശ്നം തമിഴ്നാട്ടിലെയും കേരളത്തിലെയും എം.പി മാരുടെ ശ്രദ്ധയിൽ പെടുത്തി. പ്രധാനമന്ത്രി നെഹ്റു ഇടപെട്ടു. അന്വേഷണം നടത്തി, ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു.
ഈ ഇടപെടൽ കാരണം, ബി. ആർ.പി തമിഴ്നാട് പൊലീസിൻ്റെ നോട്ടപ്പുള്ളിയായി. അവർ ആവശ്യപ്പെട്ടതനുസരിച്ച് തൻ്റെ പശ്ചാത്തലം കേരളത്തിലെ വിജിലൻസ് അന്വേഷിച്ചതായി , അവധിക്ക് നാട്ടിൽ വന്നപ്പോൾ, പൊലീസിൽ ജോലി ചെയ്യുന്ന മുൻ സഹപാഠി പറഞ്ഞ് ബി.ആർ പി അറിഞ്ഞു. തിരികെ ഓഫീസിലെത്തിയപ്പോൾ, ന്യൂസ് എഡിറ്റർ സി.ആർ കൃഷ്ണമൂർത്തി കാൻ്റീനിൽ വിളിച്ചു കൊണ്ടുപോയി ആ രഹസ്യം പറഞ്ഞു: താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി കാശ് പിരിച്ച് രസീത് ഒപ്പിട്ട് നൽകുന്നുണ്ടെന്ന ഇൻ്റലിലൻസ് റിപ്പോർട്ട് അച്ഛന് (അന്നത്തെ മുഖ്യമന്ത്രി സി. രാജഗോപാലാചാരി) കിട്ടിയിട്ടുണ്ട്. 'ഞാനത് വിശ്വസിക്കുന്നില്ല. അയാൾ കമ്യൂണിസ്റ്റാണെങ്കിൽ കസ്തൂരി ശ്രീനിവാസൻ അയാൾക്ക് ജോലി കൊടുക്കില്ലായിരുന്നു' എന്ന് അദ്ദേഹം ഫയലിൽ എഴുതിയത്രേ.
അന്ന് വലിയ ബിസിനസ് സ്ഥാപനങ്ങളായിരുന്നു , ദ ഹിന്ദു ഒഴികെയുള്ള ഇംഗ്ലീഷ് പത്രങ്ങളുടെ ഉടമസ്ഥർ. അവർക്കാർക്കും പത്രപ്രവർത്തകർ ട്രേഡ് യൂണിയനുണ്ടാക്കി സംഘടിക്കുന്നത് ഇഷ്ടമായില്ല. പക്ഷേ, സംഘനയുണ്ടായി. ബി.ആർ.പിയും അതിൽ സജീവമായി.മദ്രാസ് യൂണിയൻ ഓഫ് വർക്കിങ്ങ് ജേർണ്ണലിസ്റ്റ് സംഘടനയായിരുന്നു തമിഴ്നാട്ടിലുണ്ടായിരുന്നത്. ദേശീയ തലത്തിലുള്ള ഐ.എഫ്.ഡബ്ലിയു.ജെയുടെ ഘടകമായിരുന്നു അത്. ബി.ആർ.പിയുടെ സഹപ്രവർത്തകനും സീനിയർ സബ് എഡിറ്റുമായിരുന്ന ആർ.നരസിംഹനായിരുന്നു അതിൻ്റെ ജനറൽ സെക്രട്ടറി. മാനേജ്മെൻ്റിന് അത് ഇഷ്ടക്കേടുണ്ടാക്കി. ചെറിയ തെറ്റുകൾക്കുപോലും മെമ്മോ നൽകി, അവർ അവസാനം അദ്ദേഹത്തെ പുറത്താക്കി. ഇത് പ്രതികാര നടപടിയാണെന്നും ലേബർ കോടതിയെ സമീപിക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ യൂണിയന് കത്തയച്ചു. ഇതറിഞ്ഞ് പത്രാധിപർ കസ്തൂരി ശ്രീനിവാസൻ സബ്ബ് എഡിറ്റർമാരുടെ ഒരു യോഗം വിളിച്ചു. എല്ലാവരെയും താൻ മക്കളെപ്പോലെയാണ് കരുതുന്നതെന്നും ആർക്കുമെതിരെ പ്രതികാരനടപടി എടുക്കില്ലെന്നും പറഞ്ഞു.
യോഗത്തിനു ശേഷം, കമ്പനി വക്കീൽ തയ്യാറാക്കിയ ഒരു കത്തിൽ ഒപ്പിടാൻ എല്ലാവരോടും പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണ് യൂണിയന് നൽകിയ കത്തിൽ ഒപ്പിട്ടതെന്നും ആർ. നരസിംഹത്തിൻ്റെ പുറത്താക്കൽ പ്രതികാര നടപടിയായി കരുതുന്നില്ലെന്നുമായിരുന്നു കത്ത്."ഞാനൊഴികെ എല്ലാവരും ആ കത്തിൽ ഒപ്പിട്ടു".
തൊഴിലാളി യൂണിയൻ്റെ കേസ് വാദിച്ചിരുന്നത് പ്രഗത്ഭരായ രണ്ട് രാഷ്ട്രീയ നേതാക്കളായിരുന്നു -ആർ. വെങ്കിട്ടരാമനും (പിന്നീട് രാഷ്ട്രപതി) മോഹൻ കുമാര മംഗലവും ." പത്രാധിപർ വിളിച്ചു കൂട്ടിയ യോഗത്തെക്കുറിച്ച് കോടതിയിലെത്തി മൊഴി നൽകാമോ എന്ന് കുമാരമംഗലം എന്നോട് ചോദിച്ചു. ഞാൻ സമ്മതിച്ചു. സമ്മർദ്ദം കാരണമാണ് മറ്റ് അംഗങ്ങൾ പിൻവാങ്ങിയതെന്ന യൂണിയൻ്റെ വാദം കോടതി അംഗീകരിച്ചു". അദ്ദേഹത്തെ തിരിച്ചെടുക്കാൻ കോടതി പിന്നീട് ഉത്തരവിട്ടു. 'അതിനെതിരെ മാനേജ്മെൻ്റ് ഹൈക്കോടതിയിൽ പോയെങ്കിലും വിജയിച്ചില്ല. അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകി, കോടതിക്ക് പുറത്ത് വച്ച് കേസ് അവസാനം ഒത്തുതീരുകയായിരുന്നു.
''ദ ഹിന്ദുവിലെ അന്തരീക്ഷം അസ്വാസ്ഥ്യജനകമായി''.അക്കാലത്താണ് ഫിലിപ്പീൻസ് സർവകലാശാല നൽകുന്ന രമൺ മഗ്സസെ സ്കോളർഷിപ്പിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. ഡൽഹിയിൽ നടത്തിയ അഭിമുഖത്തിൽ ബി.ആർ.പി ഭാസ്കർ തെരഞ്ഞെടുക്കപ്പെട്ടു .ഒന്നര വർഷം അവധി വേണം.''വേതനമില്ലാഅവധിക്ക് ഞാൻ അപേക്ഷ നൽകി. അർഹതപ്പെട്ട അവധി എടുക്കാം. അതിനു ശേഷം ഡ്യൂട്ടിക്ക് ചേരണം എന്ന് മാനേജ്മെൻ്റ് അറിയിച്ചു. അതിനാൽ രാജിവച്ചു".
1958-ൽ ഫിലിപ്പീൻസിലേക്ക് പോകും മുൻപ് പത്രാധിപർ കസ്തൂരി ശ്രീനിവാസനെ കണ്ടു;"തിരിച്ചു വരുമ്പോൾ ഇവിടേക്കു തന്നെ വരണം". ഉപരിപഠനത്തിന് പോയതിന് പിന്നാലെ പത്രാധിപർ അന്തരിച്ചതായി അറിഞ്ഞു.
ഇംഗ്ലീഷിലും താരതമ്യസാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടി ഇന്ത്യയിലേക്ക് മടങ്ങിയ ബി.ആർ. പി ഭാസ്കർ , 1959-ൽ ഡൽഹിയിലെ ദ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ സഹപത്രാധിപരായി ചേർന്നു. ബ്രിട്ടീഷുകാർ സ്ഥാപിച്ച പത്രത്തിൻ്റെ പ്രധാന സ്ഥാനങ്ങളിലെല്ലാം അപ്പോഴും വിദേശികളായിരുന്നു. മനുഷ്യദുരിതങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് സ്വാതന്ത്ര്യ പൂർവകാലത്ത് ഏറെ പ്രാധാന്യം നൽകിയ പത്രമാണത്. മുപ്പതു ലക്ഷത്തിലധികം പേർ മരിച്ചു വീണ ബംഗാൾ ക്ഷാമത്തിൻ്റെ ഭീകരത ലോകത്തെ അറിയിച്ചത് ദ സ്റ്റേറ്റ്സ്മാനായിരുന്നു.
അക്കാലത്ത് ബി.ആർ.പിക്ക് യാദൃച്ഛികമായി വലിയൊരു വാർത്ത വീണു കിട്ടി.1961 ഡിസംബറിൽ ഒരു സുഹൃത്തിനെ യാത്രയയയ്ക്കാൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പോയ ബി. ആർ.പി ഒരു പ്ലാറ്റ്ഫോമിലെ ട്രെയിനിലേക്ക് സൈനികരുടെ പടക്കോപ്പുകളും സാധനസാമഗ്രികളും ധൃതഗതിയിൽ കയറ്റുന്നത് കണ്ടു. പുറത്ത് സൈനിക വാഹനങ്ങൾ . ഒരു അന്വേഷണം നടത്തി നോക്കി. മഹാരാഷ്ട്ര - ഗോവ അതിർത്തിക്കടുത്തുള്ള ഒരു സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായിരുന്നു അവ. പോർച്ചുഗീസ് ആധിപത്യത്തിനെതിരെ ഗോവയിൽ നടന്നു വന്ന വിമോചന സമരം ശക്തി പ്രാപിച്ച സമയം.ഇന്ത്യൻ സൈന്യം ഇടപെടണമെന്ന ആവശ്യമുയർന്നിരുന്നു. ആ സാഹചര്യത്തിൽ ,അടുത്തു തന്നെ സൈനിക നീക്കമുണ്ടാകുമെന്ന് അദ്ദേഹത്തിന് മനസിലായി.
സൈനിക നീക്കങ്ങളെക്കുറിച്ച് വാർത്തകൾ കൊടുക്കാൻ പാടില്ലെന്നാണ് നിയമം . ദ സ്റ്റേറ്റ്സ്മാനിൽ എന്തായാലും ആ വാർത്ത കൊടുക്കാനാവില്ല. പക്ഷേ, ആ വാർത്ത വന്നു. അത് കേരളകൗമുദിയിലായിരുന്നു. എം.എസ് മണിയായിരുന്നു അന്ന് ഡൽഹി ലേഖകൻ. അദ്ദേഹത്തെ കാര്യങ്ങൾ അറിയിച്ചു. സൈനിക സാമഗ്രികളുമായി ട്രെയിൻ പുറപ്പെട്ടുവെന്ന കാര്യം ഒഴിവാക്കി, ഗോവയിൽ സൈനിക ഇടപെടൽ ഉടൻ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടിൽ എഴുതിയത്."ഇത് കണ്ട പത്രാധിപർ കെ. സുകുമാരൻ ,അതിൻ്റെ ഉറവിടം മണിയോട് അന്വേഷിച്ച ശേഷമാണ് കൊടുത്തത്".
ആദ്യം കോൺഗ്രസിലും പിന്നെ സി.പി.ഐയിലും പ്രവർത്തിച്ച അരുണ അസഫ് അലി ചെയർമാനും എടത്തട്ട നാരായണൻ പത്രാധിപരുമായിട്ടാണ് 1963ൽ പേട്രിയട്ട് ആരംഭിച്ചത്. ഇടതുപക്ഷ സഹയാത്രികർ ബി.ആർ. പി ഭാസ്കറെയും ക്ഷണിച്ചു. ഭാസ്കറിനൊപ്പം മെയിൻസ്ട്രീം വാരികയുടെ എഡിറ്ററും സ്നേഹിതനനുമായിരുന്ന സി.എൻ ചിത്തരഞ്ജൻ, ലിങ്കിലെ അസിസ്റ്റൻ്റ് എഡിറ്റർമാരായിരുന്ന വി.വിശ്വനാഥ് , ഒ .പി സംഗാൾ എന്നിവരും അവിടെ അസിസ്റ്റൻ്റ് എഡിറ്റർമാരായി ചേർന്നു.സ്റ്റേറ്റ്സ്മാനിലെ സഹപ്രവർത്തകൻ എം. വേണുഗോപാൽ റാവു ന്യൂസ് എഡിറ്ററായി."ഒരു പുതിയ പത്രം രൂപപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് ഞങ്ങൾ ഏറ്റെടുത്തത്. സാധാരണക്കാർക്ക് വാങ്ങാവുന്ന വിലയായ 10 പൈസക്ക് 8 പേജ് ഇംഗ്ലീഷ് ദിനപത്രം".
സാധാരണക്കാർക്കു പോലും മനസിലാക്കാവുന്ന ലളിതമായ ഭാഷയാണ് ഉപയോഗിച്ചത്. അതിനായി സ്റ്റൈൽ ബുക്ക് തയ്യാറാക്കി. ഉള്ളടക്കം പ്രതിഫലിക്കുന്ന ജീവനുള്ള തലക്കട്ടുകൾ പത്രാധിപർക്കുള്ള കത്തുകൾ കോളത്തിന് വരെ നൽകി. രൂപകല്പനയിൽ വൈദഗ്ദ്ധ്യമേറെയുള്ള വേണുഗോപാൽ റാവു തയ്യാറാക്കിയ പത്രം മറ്റുള്ളവയിൽ നിന്ന് വേറിട്ടു നിന്നു.
1964 മെയ് 27 ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു അന്തരിച്ചു. അത് അപ്രതീക്ഷിതമായിരുന്നില്ല. ആറു മാസം മുൻപ് ഭുവനേശ്വറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കവേ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. സമ്മേളനം റിപ്പോർട്ട് ചെയ്ത് തിരിച്ചെത്തിയ രാഷ്ട്രീയ ലേഖകൻ ഗിരീഷ് മാത്തൂരിനോട് നെഹ്രുവിൻ്റെ ജീവചരിത്രക്കുറിപ്പ് എഴുതാൻ ആവശ്യപ്പെട്ടു. പല പ്രാവശ്യം ഓർമ്മപ്പെടുത്തിയിട്ടും അദ്ദേഹം അത് ചെയ്തില്ല.'നെഹ്റുവിനെക്കുറിച്ച് പാസ്റ്റ് ടെൻസിൽ എഴുതാൻ എനിക്ക് കഴിയില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.'നിങ്ങൾ പ്രസൻ്റ് ടെൻസിൽ എഴുതിയാൽ മതി. ആവശ്യം വരുമ്പോൾ മാറ്റാം' എന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും അത് എഴുതിയില്ല.
"മരണവാർത്തയറിഞ്ഞയുടൻ ലൈബ്രറിയിൽ തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. അന്ന് ഡെസ്കിലുണ്ടായിരുന്നവർ ഉൾപ്പെടെ 22 പേർ നെഹ്രുവിനെക്കുറിച്ച് എഴുതണമെന്ന് തീരുമാനിച്ചു. പക്ഷേ,ജോലിത്തിരക്ക് കാരണം എനിക്കും വിശ്വനാഥിനും എഴുതാൻ കഴിഞ്ഞില്ല. മറ്റെല്ലാ ലേഖനങ്ങളും ചിത്രങ്ങളും ചേർത്തു. അപ്പോഴാണ്,നെഹ്രു തന്നെ തൻ്റെ ശവകുടീരത്തിൽ എഴുതിവയ്ക്കേണ്ട സ്മാരകലേഖം (എപ്പറ്റാഫ്) പറഞ്ഞിട്ടുള്ളത് മൈക്കൽ ബ്രച്ചേറിൻ്റെ ' നെഹ്രു :എ പൊളിറ്റിക്കൽ ബയോഗ്രഫി' എന്ന പുസ്തകത്തിലുണ്ടെന്ന് അറിയുന്നത്.
അത് ഒന്നാം പേജിൽ,പത്രത്തിൻ്റെ പേരിന് മീത നൽകി. മുഖ്യവാർത്തയ്ക്കൊപ്പം, ദേശീയ ദുഃഖാചരണത്തിൻ്റെ ഭാഗമായി ലോക്സഭാമന്ദിരത്തിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയതിൻ്റെ ചിത്രവും നൽകി. ദുഃഖാചരണം തീരും വരെ ഈ ചിത്രം ഒന്നാം പേജിൽ തുടർന്നു.
ഒരു ശില്പശാലയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പ്രശസ്തനായ ഒരു ബ്രിട്ടീഷ് പത്രലേഖകൻ അന്ന് ഇറങ്ങിയ തലസ്ഥാനത്തെ പത്രങ്ങളെല്ലാം കണ്ട ശേഷം, ഏറ്റവും നല്ല പത്രം പേട്രിയട്ടാണെന്ന് പറഞ്ഞത് ബി.ആർ. പി ഭാസ്കർ ഇന്നുമോർക്കുന്നു.
"പത്രാധിപർ എടത്തട്ട നാരായണൻ കടുത്ത നെഹ്രു പക്ഷക്കാരനായിരുന്നു.അദ്ദേഹത്തിന് പത്രപ്രവർത്തനവും രാഷ്ട്രീയവും ഒന്നായിരുന്നു". വലതുപക്ഷക്കാരെന്ന് അദ്ദേഹം വിശ്വസിക്കുന്നവർക്കെതിരായി എഡിറ്റോറിയലിലൂടെ അദ്ദേഹം നിരന്തരം ആഞ്ഞടിച്ചു. 'ഫിഫ്ത്ത് കോളം ' എന്ന തൻ്റെ ഹാസ്യപംക്തിയിലൂടെ അവരെ വിമർശിച്ചു. തനിക്ക് ഇഷ്ടമല്ലാത്ത തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് രാഷ്ട്രീയ പക്ഷപാതം പ്രകടിപ്പിക്കുന്ന തലക്കെട്ടുകൾ വരെ നൽകി. പലപ്പോഴും എതിരഭിപ്രായം പ്രകടിപ്പിച്ചുവെങ്കിലും, അദ്ദേഹം വഴങ്ങിയില്ല.
ഏറെക്കാലം തുടർന്ന ആത്മസംഘർഷങ്ങൾക്കിടയിൽ ബി.ആർ.പി പേട്രിയട്ട് വിട്ടു. പിന്നെ, നീണ്ട 18 വർഷം (1964-1984) യു .എൻ.ഐയിൽ പ്രവർത്തിച്ചു .അക്കാലത്ത് ഇന്ത്യയുടെയും ലോകത്തിൻ്റെയും ചരിത്രം മാറ്റിക്കുറിച്ച എത്രയെത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു !
അന്ന് കുൽദീപ് നയ്യാരായിരുന്നു ജനറൽ മാനേജർ. ഡെസ്കിലിരുന്ന് മടുത്തിരുന്നതിനാൽ ബ്യൂറോ ചോദിച്ചു വാങ്ങി.അങ്ങനെ, അഹമ്മദാബാദ് ലേഖകനായി. ഉപപ്രധാനമന്ത്രി മൊറാർജി ദേശായി, മുഖ്യമന്ത്രി ഹിതേന്ദ്ര ദേശായി തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി .
ഭാഭ അറ്റോമിക് റിസർച്ച് സെൻ്റർ ചെയർമാനും ഇന്ത്യൻ നാഷണൽ കമ്മറ്റി ഫോർ സ്പേസ് റിസർച്ചിൻ്റെ ചെയർമാനുമായിരുന്ന വിക്രം സാരാഭായിയെ പരിചയപ്പെട്ടത് അവിസ്മരണീയമായ അനുഭവങ്ങളിലൊന്ന് .. അദ്ദേഹത്തിൻ്റെ കുടുംബത്തിലുള്ളവർ തുണി വ്യവസായികളായിരുന്നു. മറ്റ് ധാരാളം വ്യവസായങ്ങളും അവർക്കുണ്ടായിരുന്നു. അവരിൽ നിന്നൊക്കെ ധാരാളം വാർത്തകൾ കിട്ടിയിരുന്നു.
"പക്ഷേ, ശാസ്ത്രമേഖലയിൽ നിന്നുള്ള എക്സ്ക്ലൂസീവ് വാർത്ത തേടി ഞാൻ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലാബിൽ പോയി. അതിൻ്റെ ചുമതല വഹിച്ചിരുന്ന ശാസ്ത്രജ്ഞൻ കെ. ആർ സ്വാമിനാഥൻ ചോദിച്ചു: നിങ്ങൾ ഡോ. വിക്രം സാരാഭായിയുടെ അനുവാദം വാങ്ങിയിട്ടുണ്ടോ?"
ബി.ആർ.പി,സാരാഭായിയെ ചെന്നു കണ്ടു. തങ്ങൾ പറയുന്ന കാര്യങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്ത ദുരനുഭവങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ശാസ്ത്രകാര്യങ്ങൾ അല്പസ്വല്പം അറിയാം. റിപ്പോർട്ട് എഴുതും മുൻപ് അധികൃതരെ കാണിക്കുകയും ചെയ്യാം എന്ന് അദ്ദേഹത്തോട് പറഞ്ഞു. " രണ്ട് ദിവസത്തിന് ശേഷം ,സാരാഭായി ഫിസിക്കൽ റിസർച്ച് ലാബിൻ്റെ ഡയറക്ടർക്കും എല്ലാ വകുപ്പ് തലവൻമാർക്കുമയച്ച ഒരു സർക്കുലറിൻ്റെ കോപ്പി എനിക്ക് കിട്ടി. അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് എന്നോട് സംസാരിക്കാം എന്ന് നിർദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു അത്".
കുറേ ദിവസം കഴിഞ്ഞ് സാരാഭായി അദ്ദേഹത്തെ വിളിച്ചു വരുത്തി."ഇന്ത്യയുടെ ഭാവി ബഹിരാകാര ദൗത്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിക്കാൻ തുടങ്ങി. ഞാൻ പേന എടുത്തിരുന്നില്ല. വലിയ സ്കൂപ്പാണ് ഞാൻ കേൾക്കുന്നത്. അതിൻ്റെ ആവേശത്തിലായിരുന്നു, ഞാൻ . പക്ഷേ, അത് അധികം നീണ്ടുനിന്നില്ല. അദ്ദേഹം പറഞ്ഞു : ഇതെക്കുറിച്ചൊന്നും ഇപ്പോൾ എഴുതരുത്. എല്ലാം ആശയതലത്തിൽ മാത്രമാണിപ്പോൾ ". സർക്കാരിന് സമർപ്പിക്കാൻ തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ സാരാംശമായിരുന്നു സാരാഭായി പറഞ്ഞത് അദ്ദേഹത്തിൻ്റെ സ്വപ്ന പദ്ധതികൾ . ഫിസിക്കൽ ലാബിലെ ചില ശാസ്ത്രജ്ഞരും ആ റിപ്പോർട്ട് തയ്യാറാക്കിയ സംഘത്തിലുണ്ട്. അവർ തന്നാലും കൊടുക്കരുതെന്നും സാരാഭായി നിർദ്ദേശിച്ചു.
വീട്ടിൽ മടങ്ങിയെത്തിയ ഉടൻ ഓർമ്മയിൽ നിന്ന് അതിൻ്റെ ഒരു ചെറിയ റിപ്പോർട്ട് എഴുതിയ ശേഷം സാരാഭായിയെ വിളിച്ച് വായിച്ചു കേൾപ്പിച്ചു. നമ്മുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ഒരു ധാരണ കൊടുക്കുന്നത് ഉചിതമല്ലേ എന്ന് അദ്ദേഹത്തോട് ചോദിച്ചു." നിങ്ങൾ എഴുതിയിരിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും അത് കൊടുക്കരുത്. ഉപഗ്രഹ വിക്ഷേപണത്തിന് നമുക്ക് ഇപ്പോൾ കഴിവില്ല. അതിന് ആര് സഹായിക്കുമെന്ന് നിശ്ചയവുമില്ല. അതെക്കുറിച്ച് ഇപ്പോൾ മുൻകൂട്ടി വാർത്ത നൽകുന്നത്, പ്രശ്നങ്ങളുണ്ടാക്കാൻ ശത്രുക്കൾക്ക് അവസരമാരുക്കും".അങ്ങനെ, ആ സ്കൂപ്പ് പ്രസിദ്ധീകരിക്കപ്പെട്ടില്ല.
യു.എൻ.ഐയിൽ വലിയ രാഷ്ട്രീയ റിപ്പോർട്ടുകൾ വരുന്ന കാലമായിരുന്നു അത്. കൽദീപ് നയ്യാർ തന്നെ പ്രധാന വാർത്തകൾ റിപ്പോർട്ട് ചെയ്തു. താഷ്ക്കൻ്റിൽ പാകിസ്ഥാൻ പ്രധാനമന്ത്രി അയൂബ് ഖാനുമായി സമാധാന ഉടമ്പടി ഒപ്പുവച്ച് ഉറങ്ങാൻ കിടന്ന പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി മരിച്ചു (ജന.11, 1966). നയ്യാർ അവിടെ നിന്ന് ഡൽഹി ഡെസ്കിലേക്ക് വിളിച്ച് ,ആ ദുരന്തവാർത്ത അറിയിച്ചു -Lal Bahadur Shastri is dead. ഫോണെടുത്ത സബ് എഡിറ്റർ എസ്.എൽ ഭീംഗ്രെ അത് വിശ്വസിച്ചില്ല .നയ്യാർ തമാശ പറയുന്നുവെന്നാണ് അദ്ദേഹം കരുതിയത്.അവസാനം, പഞ്ചാബിയിൽ നാടൻ തെറി പറഞ്ഞപ്പോൾ മാത്രമാണ് വാർത്തയുടെ ഗൗരവം അദ്ദേഹത്തിന് ബോദ്ധ്യമായത്!
കുൾദീപ് നയ്യാർ ധാരാളം വികസന പദ്ധതികൾ തയ്യാറാക്കി.പക്ഷേ, അവയ്ക്ക് വേണ്ടത്ര പണം പത്രങ്ങൾ നൽകിയല്ല. അതോടെ അദ്ദേഹം രാജിവച്ചു.പകരം ജനറൽ മാനേജരായി പി.ഐ. ബി യിൽ നിന്ന് സി.ജി മിർചന്ദാനി വന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്, ബി.ആർ.പി ഡൽഹി സെൻട്രൽ ഡെസ്കിലേക്ക് വന്നു.വാർത്താസിരാകേന്ദ്രമായ അവിടെ ന്യൂസ് എഡിറ്ററായി. കെ.പി.കെ കുട്ടിയായിരുന്നു ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ.പി.ടി.ഐ യിൽ നിന്നെത്തിയ വി.പി രാമചന്ദ്രനായിരുന്നു ബ്യൂറോ ചീഫ്.
അസോസിയേറ്റഡ് പ്രസിൻ്റെ വാർത്തകൾ യു.എൻ. ഐയിലൂടെയായിരുന്നു വിതരണം ചെയ്തിരുന്നത്. പക്ഷേ, മിക്കവാറും പത്രങ്ങൾ വിദേശ വാർത്തകൾ കാര്യമായി കൊടുത്തിരുന്നില്ല. ദിവസം 18 മണിക്കൂറും യു. എൻ.ഐയുടെ ടെലിപ്രിൻ്ററുകൾ അവ അയയ്ക്കാനായി വിനിയോഗിച്ചിരുന്നതിനാൽ സ്വന്തം വാർത്തകൾ വൈകുക പതിവായിരുന്നു. എ.പി വാർത്തകൾ പകുതിയായി വെട്ടിക്കുറച്ച് ,സ്വന്തം വാർത്തകൾ കൊടുക്കാൻ തുടങ്ങി. പ്രത്യേക ഫീച്ചറുകളും യു. എൻ.ഐ തയ്യാറാക്കിത്തുടങ്ങി. ജാലിയൻവാലാബാഗ് കൂട്ടക്കുരുതിയുടെ അൻപതാം വാർഷികം പ്രമാണിച്ച്, ആ ദുരന്തത്തിന് സാക്ഷ്യം വഹിച്ച രണ്ടു പേരെ കണ്ടെത്തി ,അഭിമുഖം നടത്തി.ഐ.എൻ .എ യുടെ ഇംഫാൽ ഉപരോധത്തിൻ്റെയും റോയൽ നാവിക കലാപത്തിൻ്റെയും വാർഷികം പ്രമാണിച്ച് തയ്യാറാക്കിയ ഫീച്ചുറുകളും ഒട്ടേറെ പത്രങ്ങൾ പ്രസിദ്ധീകരിച്ചു.
1969 ജൂലൈ 21. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിവസം .ആ ചരിത്ര സംഭവത്തെക്കുറിച്ച് ബി.ആർ. പി ഭാസ്കർ എഴുതിയ റിപ്പോർട്ടായിരുന്നു ഇന്ത്യയിലെ പല പത്രങ്ങളും അന്ന് കൊടുത്തത്.
1969 ജൂലൈ 16 ന് അമേരിക്കയിലെ കേപ്പ് കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് അമരിക്കയുടെ അപ്പോളോ 11 ബഹിരാകാശ പേടകം മൂന്ന് യാത്രികരുമായി ചന്ദ്രനിലേക്ക് കുതിച്ചുയർന്നു. അത് റിപ്പോർട്ട് ചെയ്യാൻ ലോകമെമ്പാടു നിന്നും പത്രപ്രവർത്തകർ മുന്നോട്ട് വന്നു. കേപ്പ് കെന്നഡി മീഡിയ സെൻറിൽ എല്ലാവർക്കും സ്ഥലമില്ലാതിരുന്നതിനാൽ നാസ പാരീസിൽ മറ്റൊരു കേന്ദ്രം തുറന്നു. ഡെപ്യൂട്ടി ജനറൽ മാനേജർ ടി.വി രാജഗോപാലിനെയാന്ന് യു. എൻ . ഐ അയച്ചത്. ബഹിരാകാശ യാത്രികരുടെ ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ എ.പി മുൻകൂട്ടി നൽകിയിരുന്നു. 'ബഹിരാകാശത്തിൽ ഇന്ന്' എന്ന തലക്കെട്ടിൽ പത്രങ്ങൾ അവ നൽകി. ജൂലൈ 20 ഞായറാഴ്ച നാസ നൽകിയ വിവരമനുസരിച്ച് , നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും അന്നു രാത്രി 1.44 ന് ചന്ദ്രനിൽ കാലുകുത്തും.
" അതിൻ്റെ വാർത്ത എത്താൻ പിന്നെയും സമയമെടുക്കും 'അപ്പോഴേക്കും ഇന്ത്യയിലെ പത്രങ്ങളുടെ പ്രഭാത പതിപ്പുകൾ അച്ചടിക്കാൻ തുടങ്ങിയിട്ടുണ്ടാകും. അതിനാൽ,മുൻകൂട്ടി റിപ്പോർട്ട് തയ്യാറാക്കാൻ ഞാൻ തീരുമാനിച്ചു. നിശ്ചിത സമയത്തിന് ശേഷം മാത്രം പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ട് - എംബാർഗോഡ് (embargoed) സ്റ്റോറി".
ജനറൽ മാനേജറുടെ സെക്രട്ടറിയുടെ മുറിയിലെ ടൈപ്പ് റൈറ്ററിൽ ബി.ആർ.പി ആ റിപ്പോർട്ട് അടിച്ച്, കെ. പി. കെ കുട്ടിക്ക് എഡിറ്റ് ചെയ്യാൻ നൽകി. സാങ്കേതികമായ വിശദാംശങ്ങൾ ഒഴിവാക്കി ചരിത്രപരമായ പ്രാധാന്യത്തിൽ ഊന്നിയുള്ള റിപ്പോർട്ടായിരുന്നു അത്.പാരിസ് ഡേറ്റ് ലൈനിൽ ടി. പി രാജഗോപാലിൻ്റെ ബൈലൈനോടെ ഈ തലക്കെട്ട്:Man is on the Moon '.
വാർത്തയിങ്ങനെ:Reaching for the limitless expanse of space,man today arrived on the Moon,earth's closest neighbour and satellite,which has beckoned him nightly throughout the ages...
-ഈ റിപ്പോർട്ട് അയച്ച് ,അര മണിക്കൂറിനകം എ.പി യുടെ റിപ്പോർട്ട് വന്നു. അതും അയച്ചു."കേപ്പ് കെന്നഡി ഡേറ്റ് ലൈനുള്ള ആ വാർത്തയാകും മിക്ക പത്രങ്ങളും കൊടുക്കുക എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ, അതുണ്ടായില്ല".
മിക്ക പത്രങ്ങളും എടുത്തത് ബി.ആർ.പി എഴുതിയ റിപ്പോർട്ട് . പല പത്രങ്ങളും അതിൻ്റെ ഡേറ്റ് ലൈൻ ചന്ദ്രൻ ( Moon)എന്നാക്കി !
യു.എൻ. ഐ ജീവിതം ,പക്ഷേ, പെട്ടെന്ന് സംഘർഷ നിർഭരമായി .മിർചന്ദാനിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. യു. എൻ .ഐ യ്ക്ക് ഇക്കാലത്ത് വലിയ വളർച്ചയുണ്ടായി. വരുമാനവും കൂടി. തുടർന്ന് ബി.ആർ. പി ഉൾപ്പെടെയുള്ള സീനിയർ പത്രപ്രവർത്തകർക്കും വകുപ്പ് തലവൻമാർക്കും ശമ്പള വർദ്ധനവ് നൽകി. പക്ഷേ, ജൂനിയറായ സബ് എഡിറ്റർമാർ, റിപ്പോർട്ടർമാർ, നോൺ - ജേർണ്ണലിസ്റ്റുകൾ തുടങ്ങിയവർക്ക് ഒന്നും കൊടുത്തില്ല. യു. എൻ ഐ എംപ്ലോയിസ് യൂണിയൻ ഇവരുടെ പ്രശ്നം ഉന്നയിച്ചപ്പോൾ ബി.ആർ.പി അവർക്കൊപ്പം നിന്നു. ശമ്പളപ്രശ്നത്തിൽ ഭിന്നത രൂക്ഷമായി. ഈ പ്രശ്നം പാർലമെൻ്റിൽ ഉന്നയിക്കപ്പെട്ടപ്പോൾ, എല്ലാവർക്കും ഒരു വർഷം മുൻപ് വേജ് ബോർഡ് പ്രകാരമുള്ള ശമ്പള വർദ്ധനവ് നൽകിയതായി മന്ത്രി ഐ.കെ ഗുജ്റാൾ അറിയിച്ചു. മിർചന്ദാനി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് മനസിലാക്കിയ ഗുജ്റാൾ ,അദ്ദേഹത്തെ വിളിച്ച്, ക്ഷോഭിച്ചു. അതിന് വഴിയൊരുക്കിയത് ബി.ആർ.പിയാണെന്ന് വിശ്വസിച്ച്, മിർചന്ദാനി അദ്ദേഹത്തെ മുംബൈയ്ക്ക് സ്ഥലം മാറ്റി. ആറു മാസത്തിന് ശേഷം, കുറ്റപത്രമോ അന്വേഷണമോ ഒന്നുമില്ലാതെ പുറത്താക്കി. 'മാനേജ്മെൻ്റിന് വിശ്വാസം നഷ്ടപ്പെട്ടു' എന്നാണ് മിർചന്ദാനി കേന്ദ്ര തൊഴിൽ മന്ത്രിയോട് പറഞ്ഞത്. അത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിലും മുംബൈയിലും ജീവനക്കാർ 72 മണിക്കൂർ നീണ്ട സമരം നടത്തി. കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ ഇടപെടാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് അഭ്യർത്ഥിച്ചു. തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. യു.എൻ.ഐ ബോർഡിൽ പ്രതിനിധികളുള്ള പത്രങ്ങളുടെ പത്രക്കടലാസ് നീക്കം മുടങ്ങുമെന്ന ഘട്ടത്തിൽ മാനേജ്മെൻ്റ് പത്രപ്രവർത്തക ഫെഡറേഷൻ സെക്രട്ടറിയുമായി ഒത്തുതീർപ്പ് ചർച്ച നടത്തി, ബി.ആർ.പിയെ തിരിച്ചെടുത്തു. " എനിക്ക് ഇഷ്ടമുള്ള മറ്റൊരു ബ്യൂറോയിൽ പോകണമെന്നതായിരുന്നു വ്യവസ്ഥ. ഞാൻ ശ്രീനഗർ തെരഞ്ഞെടുത്തു."
അങ്ങനെ, 1973 ൽ കാഷ്മീരിലെത്തി.ഇന്ത്യയുടെ ചരിത്രത്തിലെ നിർണ്ണായകമായ സംഭവപരമ്പരകൾക്ക് ബി.ആർ.പി ഭാസ്കർ അങ്ങനെ,സാക്ഷിയായ മറ്റൊരു കാലം .അന്ന് സയ്യദ് മിർ കാസിമായിരുന്നു മുഖ്യമന്ത്രി . പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം ദീർഘകാലം വീട്ടുതടങ്കലിലായിരുന്ന ഷെയ്ഖ് അബ്ദുല്ല, 1975 ൽ തിരിച്ചെത്തി.അദ്ദേഹവുമായി ഒരു മണിക്കൂറിലധികം സംസാരിച്ച്, ഒരു റിപ്പോർട്ട് തയ്യാറാക്കി.''ഹിന്ദു,മുസ്ലിം വർഗ്ഗീയവാദങ്ങൾ ശത്രുതയിലല്ല. ഒന്ന് വളരുമ്പോൾ മറ്റൊന്നും വളരും",അദ്ദേഹം പറഞ്ഞു.
മല്ലിക സാരാഭായി ബി.ആർ.പി ഭാസ്കറിനെ
സന്ദർശിക്കാനെത്തിയപ്പോൾ.
വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ മുൻകൈ എടുത്ത് ജമ്മു - കാഷ്മീരിൽ സമാധാന ശ്രമങ്ങൾക്ക് തുടക്കമിട്ടു. കേന്ദ്ര സർക്കാർ ഷെയ്ഖ് അബ്ദുല്ലയുമായി ഒത്തുതീർപ്പിലെത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
'The Testament of Sheik Abdullah'(ഷെയ്ഖ് അബ്ദുള്ളയുടെ സത്യസാക്ഷ്യം) എന്നൊരു പുസ്തകം അവർ പ്രസിദ്ധീകരിച്ചു .അതിൽ ആ അഭിമുഖവും ഉൾപ്പെടുത്തി. തുടർന്ന്, പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ ജി.പാർത്ഥസാരഥി ഷെയ്ഖ് അബ്ദുല്ലയുടെ അടുത്ത സഹപ്രവർത്തകനായ മിർസ അഫ്സൽ ബെയ്ഗുമായി ശ്രീനഗറിൽ രഹസ്യ ചർച്ചകൾ നടത്തി. അത് അസാധാരണമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പിൽ എത്തി.
നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ്, ഷെയ്ഖ് അബ്ദുല്ലയെ പുതിയ മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിച്ചു.1975 ഫെബ്രുവരി 25 ന് ഷെയ്ഖ് അബ്ദുല്ല വീണ്ടും സംസ്ഥാന മുഖ്യമന്ത്രിയായി. സത്യപ്രതിജ്ഞാ ദിവസം ജമ്മു-കാഷ്മീരിൽ ഹർത്താൽ ആചരിക്കാൻ പാകിസ്ഥാൻ പ്രസിഡൻ്റ് ഇസഡ്.എ ഭൂട്ടോ ആഹ്വാനം ചെയ്തു. ദേശീയതാല്പര്യം മുൻനിർത്തി മാത്രമേ ആ വാർത്ത റിപ്പോർട്ട് ചെയ്യാവൂ എന്ന് ചീഫ് സെക്രട്ടറി ദേശീയ മാദ്ധ്യമങ്ങളുടെ പ്രതിനിധികളെ ഉപദേശിച്ചിരുന്നു.
ഹർത്താൽ സാമാന്യം നല്ല പ്രതികരണം ഉണ്ടാക്കിയെങ്കിലും അത് പരാജയപ്പെട്ടുവെന്ന സംസ്ഥാന സർക്കാരിൻ്റെ പത്രക്കുറിപ്പായിരുന്നു ദേശീയ മാദ്ധ്യമങ്ങൾ നൽകിയത്."മന:സാക്ഷിക്കുത്ത് ഇല്ലാതിരിക്കാനായി, അവിടവിടെ കടകൾ അടഞ്ഞുകിടന്നുവെന്നും കൊടുത്തു".
എന്നാൽ, സംസ്ഥാനം ഹർത്താലാചരിച്ചെന്ന് ശ്രീനഗറിലെ ഉർദു പത്രങ്ങൾ റിപ്പോർട്ട ചെയ്തു.
"ദേശീയ മാദ്ധ്യമങ്ങളിലെ വാർത്തയുടെ പശ്ചാത്തലത്തിൽ, കാഷ്മീരിലെ റിപ്പോർട്ടർമാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഞാനൊരു പഠനം നടത്തി. ഇന്ത്യൻ ആൻ്റ് ഈസ്റ്റേൺ ന്യൂസ്പേപ്പർ സൊസൈറ്റി പ്രസിദ്ധീകരണമായ ദി ഇന്ത്യൻ പ്രസ് അത് കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചു.Hello National Interest,Bye-bye professional Conscience' എന്നായിരുന്നു അവർ നൽകിയ തലക്കെട്ട്".
ഏതാനും ദിവസങ്ങൾക്ക് ശേഷം, ശീതകാല തലസ്ഥാനമായ ജമ്മുവിൽ നിന്ന് ശ്രീനഗറിലെത്തിയ ഷെയ്ഖ് അബ്ദുല്ലയ്ക്ക് ആവേശഭരിതമായ സ്വീകരണമാണ് ലഭിച്ചത്. പക്ഷേ, ദേശീയ മാധ്യമങ്ങളിൽ വന്ന ,ഹർത്താലിനെക്കുറിച്ചുള്ള വാർത്തയോട് അദ്ദേഹം പ്രതികരിച്ചതിങ്ങനെ: കള്ളത്തരങ്ങൾക്ക് മേലാണോ നാം ഗാന്ധിജിയുടെ ഇന്ത്യ കെട്ടിപ്പൊക്കുന്നത്?
"അടിയന്തിരാവസ്ഥാക്കാലം മുഴുവൻ ഞാൻ ജമ്മു-കാഷ്മീരിലായിരുന്നു. കഠിനമായ സെൻഷർഷിപ്പൊന്നും അവിടെ ഉണ്ടായിരുന്നില്ല. പേട്രിയട്ടിൻ്റെ സ്പെഷ്യൻ കറസ്പോണ്ടൻ്റ് മുഹമ്മദ് സയ്യിദ് മാലിക്കിനെ ഇൻഫർമേഷൻ ഡയറക്ടറായി നിയമിച്ചു. അദ്ദേഹമായിരുന്നു സംസ്ഥാനത്തെ ചീഫ് സെൻസർ ഓഫീസർ. യു.എൻ.ഐ വാർത്തകൾ നേരിട്ട് ഡൽഹി ഡസ്കിലേക്ക് അയച്ചിരുന്നതിനാൽ ശ്രീനഗറിൽ സെൻസർ ചെയ്യേണ്ടതില്ലായിരുന്നു".
1977 മാർച്ച് 23 . ശ്രീനഗറിലെ ഇൻഫർമേഷൻ ഡയറക്ടറുടെ ഓഫീസിൽ ബി.ആർ. പി ഭാസ്കർ അടക്കമുള്ള ദേശീയമാദ്ധ്യമങ്ങളുടെ പ്രതിനിധികൾ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഒത്തുകൂടി .ഇന്ദിരയും മകൻ സഞ്ജയ് ഗാന്ധിയും കോൺഗ്രസും ജനതാമുന്നേറ്റത്തിൽ തോറ്റമ്പിയ വാർത്ത വന്നു കൊണ്ടിരുന്നു. പിന്നാലെ രണ്ട് ഫ്ലാഷ് ന്യൂസും വന്നു;അടിയന്തിരാവസ്ഥ പിൻവലിച്ചിരിക്കുന്നു .സെൻസർഷിപ്പും പിൻവലിച്ചു.
" ഞാൻ ഇൻഫർമേഷൻ ഡയറക്ടർ സയ്യിദ് മാലികിൻ്റെയടുത്തേക്ക് നടന്ന് എൻ്റെ പ്രസ് കാർഡ് നീട്ടി,അത് പുതുക്കിത്തരണമെന്ന് പറഞ്ഞു. അദ്ദേഹം അത് വാങ്ങി നോക്കിയിട്ട് ചോദിച്ചു : ' കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷമായല്ലോ. ഇതുവരെ പുതുക്കാതിരുന്നതെന്ത്?'' അതിന് ഞാൻ ഉടൻ മറുപടി നൽകി:സെൻസർ ഓഫീസർ ഒപ്പിട്ട കാർഡുമായി നടക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു".
അടിയന്തിരാവസ്ഥയിൽ പുറത്തായ മിർചന്ദാനി യു.എൻ.ഐയിൽ തിരിച്ചെത്തിയ ശേഷം ശ്രീനഗർ സന്ദർശിച്ചു.ബി. ആർ.പിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം കൊടുക്കാമെന്ന് വാഗ്ദാനം നൽകി. മാധ്യമ പ്രവർത്തനത്തിന് തുടക്കം കുറിച്ച ചെന്നൈയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നോർത്ത് ആർക്കോട്ട് ജില്ലയിൽ നക്സൽ വേട്ടയുടെ പേരിൽ നടക്കുന്ന ഭീകരമായ പൊലീസ് അടിച്ചമത്തലുകളെക്കുറിച്ച് ഇക്കാലത്ത് റിപ്പോർട്ടുകൾ എഴുതി.
അപ്പോൾ യു.എൻ.ഐയിൽ എത്തിയിട്ട് പതിനെട്ട് വർഷമായി . ഒരു മാറ്റം ആവശ്യമാണെന്ന് തോന്നി. പത്രത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഡെക്കാൺ ഹെറാൾഡിൻ്റെ ഡെൽഹി ബ്യൂറോ ചീഫായ സുഹൃത്ത് എസ്.വിശ്വനാഥൻ, തന്നെ ആ പത്രത്തിലേക്ക് കൊണ്ടുവരണമെന്ന് മുൻപ് പല പ്രാവശ്യം പറഞ്ഞിരുന്നത് ഓർത്തു. അദ്ദേഹത്തെ വിളിച്ചു.അടുത്ത ദിവസം ബാംഗ്ലൂരിലെത്തി ഉടമസ്ഥനായ കെ.എൻ ഹരികുമാറിനെ കാണാൻ ആവശ്യപ്പെട്ടു .അവിടെ അസിസ്റ്റൻ്റ് എഡിറ്ററായി , അച്ചടി മാദ്ധ്യമരംഗത്തേയ്ക്ക് തിരിച്ചു വന്നു. എം.പി യശ്വന്ത് കുമാറായിരുന്നു എഡിറ്റർ.
പത്രത്തിൽ ദിവസവും മൂന്ന് എഡിറ്റോറിയലുകളുണ്ട്. ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ എഡിറ്റോറിയൽ എഴുതണം .മറ്റൊന്നും ചെയ്യാനില്ല. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസം പത്രാധിപർ തന്നെ എഡിറ്റോറിയൽ എഴുതി. ഡെസ്കിൽ നിന്ന് ആരും ഒരു സഹായവും തേടിയില്ല. ചുമ്മാതിരിക്കുക അസഹനീയമായി .
"തകഴിക്ക് ജ്ഞാനപീഠം കിട്ടിയ ദിവസം അതെക്കുറിച്ചുള്ള എഡിറ്റോറിയൽ എഴുതാൻ പത്രാധിപർ എന്നോട് ആവശ്യപ്പെട്ടു. അന്നത്തെ മൂന്നാമത്തെ എഡിറ്റോറിയലായിരുന്നു അത്". തകഴിയുമായി മുൻപേ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ 'ചെമ്മീൻ ' നോവലിനെക്കുറിച്ച് ദ ഹിന്ദുവിൽ വിശദമായ ഒരു റിവ്യൂ മുൻപ് എഴുതിയിരുന്നു. അവധിക്ക് നാട്ടിൽ പോയപ്പോൾ തകഴി ,ജ്ഞാനപീഠ പുരസ്ക്കാരം കിട്ടിയ 'കയർ' നോവൽ സമ്മാനിച്ചിരുന്നു . ഒരു തോർത്ത് മുണ്ടിൽ പൊതിഞ്ഞാണ് അദ്ദേഹം നോവൽ വീട്ടിൽ കൊണ്ടുവന്ന് തന്നത്."പുറത്ത് കാണിച്ചാൽ പലരും പുസ്തകം ചോദിക്കും" ,അദ്ദേഹം പറഞ്ഞു.
ബംഗളൂരിൽ വന്നപ്പോൾ, ബി.ആർ.പിയെ കണ്ട തകഴി, 'കയർ ' സിനിമയാക്കാൻ സഹായിക്കുമോ എന്ന് ചോദിച്ചു. ആ നോവലിൽ നിന്ന് പല സിനിമകൾക്ക് സാദ്ധ്യതയുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോഴാണ്, ടെലിവിഷൻ പരമ്പരയുടെ സാദ്ധ്യതയെപ്പറ്റി ഓർമ്മ വന്നത്. അന്ന് ദൂരദർശൻ ദേശീയ ശൃംഖലയിൽ പരമ്പരകൾ വരുന്ന കാലമായിരുന്നു. 'ഗരം ഹവ ' സിനിമയിലൂടെ ശ്രദ്ധേയനായ എം.എസ് സത്യുവിനെ പരിചയമുണ്ടായിരുന്നു. കയർ ഹിന്ദി ടെലിവിഷൻ സീരിയലാക്കാൻ അദ്ദേഹം സമ്മതിച്ചു."നോവലിൻ്റെ ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉള്ള പതിപ്പിറങ്ങിയിട്ടില്ല. അതിനാൽ ഭാസ്കർ ഒപ്പമുണ്ടെങ്കിൽ ഞാനിതു ചെയ്യാം".
ഇരുപത്തിയാറ് എപ്പിസോഡുകൾക്കായി ഇംഗ്ലീഷിൽ തയ്യാറാക്കി നൽകിയ തിരക്കഥയിൽ നിന്ന് സത്യുവിൻ്റെ ഭാര്യ ശ്യാമ സെയ്ദിയാണ് ഹിന്ദി തിരക്കഥ എഴുതിയത്. ആ പരമ്പര വലിയ ശ്രദ്ധ നേടി. കഴിഞ്ഞകാല കേരളീയ സമൂഹത്തിൽ ഒരു വിഭാഗം സ്ത്രീകൾ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം പലരെയും ആശ്ചര്യപ്പെടുത്തി.
ബി. ആർ.പി സീരിയൽ രംഗത്ത് തുടർന്നില്ല.''ദൂരദർശൻ അന്ന് വലിയ കൈക്കൂലിയുടെ കേന്ദ്രമായിരുന്നു. 'കയർ' പരമ്പരയുടെ പ്രൊപ്പോസൽ നൽകിയതായി അറിഞ്ഞ് ഒരു പരസ്യ ഏജൻസിക്കാർ എന്നെ കണ്ടിരുന്നു. അപ്രൂവൽ കിട്ടാൻ ഒരു ലക്ഷം രൂപ അധികാരികൾക്ക് കൈമടക്ക് കൊടുക്കണമെന്നാണ് അവർ പറഞ്ഞത്".
1991ൽ ഡെക്കാൺ ഹെറാൾഡിൻ നിന്ന് റിട്ടയർ ചെയ്തതോടെ ബി.ആർ.പി യുടെ ഔദ്യോഗിക മാദ്ധ്യമപ്രവർത്തനം(hands - on) അവസാനിച്ചു.വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.സർവീസ് നീട്ടിത്തരാൻ മാനേജ്മെൻ്റ് തയ്യാറായിരുന്നുവെങ്കിലും അത് വേണ്ടെന്ന് വച്ചു. അപ്പോഴാണ് ഏഷ്യാനെറ്റ് , ചാനലിന്റെ വാർത്താവിഭാഗം രൂപപ്പെടുത്തുന്ന ചുമതല ഏല്ക്കാമോ എന്ന് സുഹൃത്തായ ശശികുമാർ ചോദിച്ചത്. ഇനി ഒരു സ്ഥാപനത്തിൻ്റെയും ഭാഗമാകില്ല;നാട്ടിലെത്തുമ്പോൾ വാർത്താവിഭാഗത്തിൻ്റെ ഉപദേശകനായി മൂന്നു മാസം പ്രവർത്തിക്കാം എന്ന് പറഞ്ഞു. അദ്ദേഹം നിർബന്ധിച്ചപ്പോൾ,വാർത്താവിഭാഗം ഉണ്ടാക്കി,അത് സ്വന്തം കാലിൽ നിൽക്കും വരെ ഒപ്പമുണ്ടാകും എന്ന് ഉറപ്പ് കൊടുത്തു.
പക്ഷേ,സാമ്പത്തിക പ്രതിസന്ധി മൂലം വാർത്തകൾ തുടങ്ങാൻ ഏറെ വൈകി. പക്ഷേ, ടീമിനെ തയ്യാറാക്കി.ടെലിവിഷനിൽ അനുഭവസമ്പത്തുള്ളവർ അന്ന് ദൂരദർശനിൽ മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രതിഭകളാൽ സമ്പന്നമായിരുന്നു ആകാശവാണിയും ദൂരദർശനും.പക്ഷേ,സർക്കാർ സംവിധാനത്തിനുള്ളിൽ പ്രവർത്തിച്ചവരുടെ ആ അനുഭവസമ്പത്ത് പുതിയ ചാനലിന് ആവശ്യമാണോ എന്ന് സംശയമുണ്ടായി.അങ്ങനെ,പത്രങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ളവരെയാണ് വാർത്താവിഭാഗത്തിലെ ഉന്നതസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത്.ഒട്ടേറെപ്പേർ അപേക്ഷിച്ചിരുന്നുവെങ്കിലും മിക്കവരും അച്ചടിയുടെ തടവുകാരായിരുന്നു.സിനിമയുമായി ബന്ധമുള്ളവർക്ക് വിഷ്വൽ സെൻസ് കൂടുതലുണ്ടായിരുന്നു.താഴെത്തട്ടിലേക്ക് പുതിയ ആൾക്കാരെ പരിശീലിപ്പിച്ചെടുത്തു.
ചിന്ത രവിയുടെ 'എൻ്റെ കേരള'മാണ് ആദ്യം തുടങ്ങിയ പരിപാടി.അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാൻ ഒരാളെ ശശികുമാർ ആവശ്യപ്പെട്ടു. ആ പാനലിൽ നിന്ന് ഒരാളെ നൽകി. ടി.എൻ ഗോപകുമാറിൻ്റെ 'കണ്ണാടി' പരിപാടിയും തുടങ്ങി.
പിന്നീട് ‘പത്രവിശേഷം' പ്രതിവാര മാദ്ധ്യമ വിമർശന പരിപാടി ആരംഭിച്ചു. അതും ശശികുമാറിൻ്റെ ആശയമായിരുന്നു.സക്കറിയയുമായി ചേർന്നവതരിപ്പിക്കുമ്പോൾ,വിരുദ്ധാഭിപ്രായങ്ങൾ വന്നാൽ പന്തികേടാകില്ലേ എന്ന് ആദ്യം ആശങ്കയുണ്ടായിരുന്നു.പക്ഷേ,അതിൽ വൈരുദ്ധ്യമൊന്നുമുണ്ടായില്ല .”മാദ്ധ്യമമൂല്യങ്ങളുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടായിരുന്നു ഞാൻ വിമർശനം നടത്തിയിരുന്നത്; സക്കറിയയാകട്ടെ, സമൂഹത്തിന്റെ പക്ഷത്തു നിന്നും.അന്ന് ചില പത്രങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ചാരക്കേസ്, വാർത്തകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു.എന്തു രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അവർ ഈ വാർത്തകൾ നൽകുന്നതെന്ന് ഞാൻ ചോദിച്ചു.ഐ.ബി,റോ എന്നീ കേന്ദ്ര ഏജൻസികൾ പറയുന്ന കാര്യങ്ങൾ ഒരു കോടതിയുടെ മുന്നിലും അവർക്ക് തെളിയിക്കേണ്ടതില്ല. അതിനാൽ അവയെ അടിസ്ഥാനമാക്കി വാർത്തകൾ നൽകുന്നതിനെ ഞാൻ വിമർശിച്ചു..”. പരാമർശ വിധേയമായ പത്രവാർത്തകളും പിന്നീട് അതിലെ സംഭവങ്ങളും വിഷ്വലുകളായി ആ പരിപാടിയിൽ കാണിച്ചു.
തിരുവനന്തപുരം വിളപ്പിലിലെ എലൈവ് റെയിൻബോ
കെയർ ഹോമിൽ ബി.ആർ.പി ഭാസ്കർ
‘അന്വേഷണം’ എന്ന പേരിൽ ഒരു ഫീച്ചർ പരിപാടിയും തുടങ്ങി.അതിൻ്റെ പ്രൊഡ്യൂസർ നീലനായിരുന്നു.കെ.ജയചന്ദ്രൻ്റെ ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ അതിൽ വന്നു.
1995 സെപ്തംബർ 30 നാണ് വാർത്തകൾ ആരംഭിച്ചത്. ഇന്ത്യയിൽ വാർത്തകളുടെ അപ്പ് ലിങ്കിങ്ങ് സംവിധാനം ഇല്ലാതിരുന്നതിനാൽ ഫിലിപ്പീൻസിലെ സുബിക് ബേ ദ്വീപിൽ നിന്നായിരുന്നു സംപ്രേഷണം. ആദ്യ വാർത്ത വായിച്ചത് പ്രമോദ് രാമൻ. അദ്ദേഹത്തോടൊപ്പം പ്രൊഡ്യൂസർ എൻ.കെ രവീന്ദ്രനും അവിടെയുണ്ടായിരുന്നു. ന്യൂസ് റൂം തിരുവനന്തപുരത്തായിരുന്നു. നീലനായിരുന്നു ചീഫ് ന്യൂസ് എഡിറ്റർ. ന്യൂസ് എഡിറ്ററായി കെ. രാജഗോപാലും ഡസ്കിലുണ്ടായിരുന്നു. റോയിട്ടർ നൽകിയിരുന്ന ദൃശ്യങ്ങൾ അതേ ദിവസം വാർത്തയിൽ ഉൾപ്പെടുത്തി. പക്ഷേ, കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ വിമാനത്തിൽ അയച്ചത് അവിടെയെത്താൻ മൂന്ന് -നാലു ദിവസ്സമെങ്കിലും എടുത്തിരുന്നു.
"രാഷ്ട്രീയ പ്രാധാന്യമുള്ള വാർത്തകൾക്ക് മുൻഗണന നൽകപ്പെട്ടു. പക്ഷേ, ബോദ്ധ്യപ്പെടാത്തതും വസ്തുതാവിരുദ്ധവുമായ ഒന്നും നൽകരുതെന്ന് ഞാൻ കർക്കശമായ നിർദ്ദേശം നൽകിയിരുന്നു".
അപ് ലിങ്കിങ്ങ് പിന്നീട് സിങ്കപ്പൂരിലേക്ക് മാറ്റി. അതാത് ദിവസത്തെ വാർത്തകൾ സമഗ്രമായി പ്രതിപാദിക്കുന്ന 'ന്യൂസ് അവർ' എന്ന പ്രതിദിന പരിപാടിയും തുടങ്ങി.
ശശികുമാർ ഏഷ്യാനെറ്റിൽ നിന്ന് പുറത്തുപോവുകയും മാനേജ്മെൻ്റിൽ മാറ്റം ഉണ്ടാവുകയും ചെയ്തതോടെയാണ് ബി.ആർ. പി 1999-ൽ അഡ്വൈസർ സ്ഥാനത്ത് നിന്ന് പിൻവാങ്ങുന്നത്.
"പുതിയ കാലത്തെ മാദ്ധ്യമ പ്രവർത്തനത്തിൽ പ്രകടമായ വ്യതിചലനങ്ങളുണ്ട്.വാർത്തകൾക്കായി ശേഖരിക്കുന്ന വിവരങ്ങൾ മാദ്ധ്യമപ്രവർത്തകർ അപഗ്രഥിക്കുകയോ വിലയിരുത്തുകയോ ചെയ്തു വേണം അവതരിപ്പിക്കാൻ. പക്ഷേ, അത് സംഭവിക്കുന്നില്ല.വസ്തുതകൾ പവിത്രമാണ്. അവ സത്യസന്ധമായി അവതരിപ്പിക്കുകയാണ് മൂല്യബോധമുള്ളവരുടെ കടമ".
ടെലിവിഷൻ വാർത്തകൾ എപ്പോഴും ഇന്ററാക്ടീവാകണം. അതിൽ പ്രേക്ഷകർക്ക് ഇടപെടാൻ അവസരം നൽകേണ്ടതുണ്ടെന്ന് ബി.ആർ.പി.ഭാസ്കർ പറഞ്ഞു. ചില പത്രങ്ങൾ എഡിറ്റോറിയൽ പേജിനു പുറമേ, അടുത്ത പേജും ഓപ്പൺ പേജാക്കി , അഭിപ്രായ പ്രകടനങ്ങൾക്കായി നീക്കിവച്ചത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ, ജനങ്ങളുടെ അഭിപ്രായത്തെ ഭയപ്പെടുന്നവരുണ്ട്.
രാഷ്ട്രീയ വിഷയങ്ങൾ മാത്രമാണ് ഇന്ന് നിരന്തരം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭാഷ, സംസ്കാരം, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം അവഗണിക്കപ്പെടുന്നു. മാദ്ധ്യമങ്ങളെക്കുറിച്ചും അവയുടെ പ്രൊഫഷണലിസത്തെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് വേദിയില്ല. "തങ്ങളുടെ വിശ്വാസ്യതയെ മാദ്ധ്യമങ്ങൾ പോലും ഗൗരവതരമായി കാണുന്നില്ല".
92-ൽ എത്തിനിൽക്കുമ്പോൾ,വാർദ്ധക്യത്തിൻ്റെ അവശതകൾ ബി.ആർ.പി ഭാസ്കറിനെ ഏറെ അലട്ടുന്നുണ്ട്. അഞ്ച് മാസം മുൻപ് കേരളത്തിൽ മടങ്ങിയെത്തിയ അദ്ദേഹം, തിരുവനന്തപുരത്തിനടുത്ത പുളിയറക്കോണത്ത് വൃദ്ധജനങ്ങൾ ഒന്നിച്ച് താമസിക്കുന്ന കെട്ടിട സമുച്ചയത്തിലാണ് ഇപ്പോൾ കഴിയുന്നത് .
2019-ൽ ഏക മകൾ ബിന്ദുവും കഴിഞ്ഞ വർഷം ഭാര്യ രമയും മരിച്ചു. കൊച്ചുമകൾ വിദേശത്താണ്. അടയാറിൽ മകളുടെ ഭർത്താവ് ബാലാജിക്കൊപ്പം ഏതാനും മാസം താമസിച്ച അദ്ദേഹം രാജാഅണൈപുരത്തെ ഒരു വൃദ്ധജന കേന്ദ്രത്തിലേക്ക് മാറിയിരുന്നു."നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. ഒരു സഹായിയുണ്ട് ഒപ്പം.തിരുവനന്തപുരത്ത് നടക്കുന്ന ചില പരിപാടികളിൽ ഞാൻ ശ്രോതാവായി പോകാറുണ്ട്".
ബി.ആർ.പി ഭാസ്കറിനൊപ്പം ഡി.പ്രദീപ് കുമാർ,കെ.ഹേമലത
സംസ്ഥാന സർക്കാരിൻ്റെ സ്വദേശാഭിമാനി കേസരി പുരസ്ക്കാരം ഉൾപ്പെടെയുള്ള ഒട്ടേറെ മാദ്ധ്യമ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. മാദ്ധ്യമരംഗത്തെ മനീഷിയായ ബി.ആർ.പി ഭാസ്കർ തൻ്റെ ഓർമ്മകൾ മലയാളത്തിലും ഇംഗ്ലീഷിലുമായി 'ന്യൂസ് റൂം' ,'The Changing Mediascape : Recollectons of a Life in Journalism' എന്നീ രണ്ട് പുസ്തകങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ ബി.ആർ.പി ഭാസ്കുറുമായി സംസാരിച്ചത് ഡി.പ്രദീപ് കുമാറും കെ. ഹേമലതയും.