ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday 31 March 2020

ലീലാ മേനോൻ : പത്രപ്രവർത്തന രംഗത്തെ അനന്യമായൊരദ്ധ്യായം

 
നിശ്ചയദാര്‍ഢ്യത്തോടേയും പ്രതിബദ്ധതയോടേയും ധീരതയോടേയും അവര്‍ തന്റെ ദൗത്യങ്ങളില്‍ ഉറച്ചുനിന്നു. പത്രപ്രവര്‍ത്തനരംഗത്ത്  ആ പേര് ഒരു 'ഐക്കണാ'യി

 

ലീലാമേനോന്‍ ഓര്‍മ്മയായതോടെ മാധ്യമരംഗത്തെ അനന്യമായ ഒരദ്ധ്യായത്തിനാണ് തിരശ്ശീല വീണത്. അനപത്യ ദു:ഖത്തേയും അര്‍ബുദത്തേയും പിന്നെ, വൈധവ്യത്തേയും പക്ഷാഘാതത്തേയും ഹൃദ്രോഗത്തേയും ചെറുത്തുനിന്നുകൊണ്ട് അവര്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്ത് തന്നെ തന്റേതായ ധീരോദാത്തമായൊരു അധ്യായം എഴുതിച്ചേര്‍ത്തു.  

'ഇന്ത്യന്‍ എക്‌സ്പ്രസ്സി'ന്റെ കൊച്ചി ഡെസ്‌കില്‍ സബ്ബ് എഡിറ്ററായി 1988- ഡിസംബറില്‍ ഞാന്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍, അവര്‍ കോട്ടയം ബ്യൂറോ ചീഫായി കൊച്ചിയില്‍നിന്നു പോയിരുന്നു. കേരളത്തിലെ ആദ്യ വനിതാ റിപ്പോര്‍ട്ടര്‍ മാത്രമായിരുന്നില്ല, അവർ. നാലു ജില്ലകളുടെ ചുമതലയും കൂടിയുണ്ടായിരുന്നു. ദിനപ്പത്രങ്ങളില്‍ വിരലിലെണ്ണാവുന്ന സ്ത്രീകള്‍ മാത്രം, അതും ഡെസ്‌ക്കില്‍, ഉള്ളപ്പോഴായിരുന്നു ലീലാമേനോന്‍ ആ ശീതളച്ഛായ വേണ്ടെന്നു വെച്ച്, വെയിലും മഴയുമേല്‍ക്കാന്‍ സ്വയം ഇറങ്ങിത്തിരിച്ചത്.

പത്രപ്രവര്‍ത്തനം ആത്യന്തിക ലക്ഷ്യമാക്കിയ കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ ലീലാ മേനോന്‍ എന്ന ബൈലൈന്‍ എങ്ങനെയോ മനസ്സില്‍ കടന്നുകൂടിയിരുന്നു. 77 പേരുടെ മരണത്തിനിടയാക്കിയ, നൂറുകണക്കിനാളുകളെ നിത്യാന്ധകാരത്തിലേക്ക് തള്ളിവിട്ട, 1982-ലെ വൈപ്പിന്‍ മദ്യദുരന്തത്തെക്കുറിച്ച്  അവര്‍ എഴുതിയ റിപ്പോര്‍ട്ടുകള്‍ ഹൃദയത്തില്‍ നൊമ്പരമായി  തങ്ങിനിന്നിരുന്നു. മദ്യദുരന്തത്തിനിരയായ ഒരാള്‍ അവരോട്  സംസാരിച്ചുകൊണ്ടിരിക്കുമ്പോളായിരുന്നു, മരണത്തിനു കീഴടങ്ങിയത്. അവിടുത്തെ കരളലിയിക്കുന്ന കാഴ്ചകളുടെ അവിസ്മരണീയമായ വിവരണങ്ങളിലൂടെ അങ്ങനെ ലേഖികയുടെ പേര് മനസ്സില്‍ പതിഞ്ഞു. അവരെപ്പോലെ ഒരിക്കല്‍ ആകണമെന്നാഗ്രഹിച്ചു. ലീലാമേനോന്റെ ബൈലൈന്‍ സ്റ്റോറികള്‍ക്ക് ആകാംക്ഷയോടെ കാത്തിരുന്ന കാലമായിരുന്നു അത്.

മനുഷ്യത്വമുഖമുള്ളവയായിരുന്നു  ആ റിപ്പോര്‍ട്ടുകള്‍. അവ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ, ആരും കാണാത്ത ജീവിത ദുരന്തങ്ങളിലേക്ക് ആഴത്തിലിറങ്ങിച്ചെന്നു. നിശ്ചയദാര്‍ഢ്യത്തോടേയും പ്രതിബദ്ധതയോടേയും ധീരതയോടേയും അവര്‍ തന്റെ ദൗത്യങ്ങളില്‍ ഉറച്ചുനിന്നു. പത്രപ്രവര്‍ത്തനരംഗത്ത് ആ പേര് ഒരു 'ഐക്കണാ'യി. 

ജീവിതപ്രാരാബ്ധങ്ങള്‍ കാരണം പ്രീഡിഗ്രി കഴിഞ്ഞ്, ഹൈദരാബാദില്‍ കമ്പിത്തപാല്‍ ഓഫീസില്‍ ജോലിക്കു കയറിയ അവര്‍ എന്നും സാഹസികത ഇഷ്ടപ്പെട്ടിരുന്നു. സ്ത്രീകള്‍ വ്യാപരിക്കാത്ത ടെലിഗ്രാഫ് ഓപ്പറേറ്റര്‍ പണിക്കായി മൊഴ്സ് കോഡ് പഠിക്കാന്‍ ഇറങ്ങിയത് ഇക്കാരണത്താലായിരുന്നു. പഠനവും പരിശീലനവും പൂര്‍ത്തിയാക്കി, എറണാകുളത്ത് ടെലിഗ്രാഫ് ഓപ്പറേറ്ററായി നിയമിക്കപ്പെട്ടു. ആ തസ്തികയിലെ ഇവിടുത്തെ ആദ്യ വനിത. അവരെക്കുറിച്ച് ഫീച്ചറെഴുതാന്‍ എത്തിയ പ്രേമ വിശ്വനാഥനാണ് ലീലാമേനോന്റെ ജീവിതം വഴിതിരിച്ചുവിട്ടത്.

'ഇന്ത്യന്‍ എക്‌സ്പ്രസ്സി'ല്‍ പത്രപ്രവര്‍ത്തകയായ അവരുമായുള്ള സംഭാഷണമാണ് ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിനു ചേരാന്‍ പ്രേരിപ്പിച്ചത്. പ്രേമയും ബാലചന്ദ്രമേനോനും അവിടുത്തെ വിദ്യാര്‍ത്ഥികളായിരുന്നു. ഒന്നാം റാങ്കോടെ അവര്‍ പാസ്സായി,ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഡല്‍ഹി ഡെസ്‌ക്കില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചു. അരുണ്‍ ഷൂരിയും കുല്‍ദീപ് നയ്യാരേയും പോലുള്ള മഹാരഥന്മാര്‍ അന്ന് അവിടെയുണ്ട്. 
മധ്യവയസ്സില്‍ യാദൃച്ഛികമായി എത്തപ്പെട്ട മാധ്യമരംഗത്ത് അവര്‍ അധികം വൈകാതെ തന്നെ സ്വയം അടയാളപ്പെടുത്തി. എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസുമാര്‍ക്ക് വിവാഹം കഴിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിനെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് ഗംഭീര തുടക്കമായി. ഭരണഘടനാ വ്യവസ്ഥകളുടെതന്നെ ലംഘനമായ ആ വിലക്ക് നീക്കം ചെയ്യേണ്ടിവന്നത് ചരിത്രം.

 Leela Menon with Prema Manmadan

ലീലാ മേനോന്റെ എത്രയോ റിപ്പോര്‍ട്ടുകള്‍, ഫോര്‍ട്ട്‌കൊച്ചി കല്‍വത്തിയിലെ പുരാതനമായ ആസ്പിന്‍വാള്‍ ബില്‍ഡിങ്ങിലെ ഡെസ്‌ക്കില്‍, ടെലിപ്രിന്ററിലെ മങ്ങിയ അക്ഷരങ്ങളിലൂടെ ബോംബുകള്‍ വര്‍ഷിക്കും പോലെ ശബ്ദായമാനമായി പതിക്കുന്നത് ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ട്. തൊട്ടടുത്ത കപ്പല്‍ ചാനലിലൂടെ തുറമുഖത്തേയ്ക്കു പോകുന്ന കപ്പലുകളുടെ പ്രത്യേക ശബ്ദത്തിലുള്ള ഹോണിനും ഫിഷിങ്ങ് ഹാര്‍ബറിലെ മീന്‍ ബോട്ടടുക്കുമ്പോളുള്ള ആരവങ്ങള്‍ക്കുമൊന്നും  ഞങ്ങളുടെ ശ്രദ്ധ പിടിച്ചുനിര്‍ത്താനാകുമായിരുന്നില്ല. കാരണം, ആ റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ത്ത് നവാഗതരായ ഞങ്ങള്‍ (ഞാന്‍, എന്‍.ജെ. നായര്‍, ശ്രീലതാ മേനോന്‍) അഭിമാനം കൊള്ളുകയും വളരെ രഹസ്യമായി അഹങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

അക്കാലത്തെ ഡസ്‌ക്ക്, ആഘോഷാരവങ്ങളൊടുങ്ങിയ ഒരു 'നിശ്ശബ്ദമേഖല'യായിരുന്നു. സര്‍ദാര്‍ പട്ടേലിനെ അനുസ്മരിപ്പിച്ച എസ്.കെ. അനന്തരാമന്‍ എന്ന ഉരുക്ക് മനുഷ്യനായിരുന്നു, റെസിഡന്റ് എഡിറ്റര്‍. വലിയ പേരുള്ള മഹാപ്രതിഭകള്‍ ഒരു മദ്യശാലയ്ക്ക് സമാനമാക്കിയ ഡെസ്‌ക്കിനെ ശുദ്ധീകരിച്ചെടുത്ത അദ്ഭുത പ്രവര്‍ത്തകന്‍. പക്ഷേ, അദ്ദേഹം ലീലാമേനോനെ പ്രോത്സാഹിപ്പിച്ചിരുന്നു. അവസാനം,1988 ഡിസംബര്‍ 31ലെ സായാഹ്നത്തില്‍ എല്ലാവരുടേയും അടുത്ത് വന്ന് ഒറ്റവാക്കില്‍ വിടപറഞ്ഞ്, തന്റെ നാലു പതിറ്റാണ്ടു നീണ്ട പത്രപ്രവര്‍ത്തന ജീവിതമവസാനിപ്പിച്ചു പടിയിറങ്ങിപ്പോയ എസ്.കെ. ഞങ്ങളെ ചൂണ്ടി, 'മൈ പാര്‍ട്ടിങ്ങ് ഗിഫ്റ്റ് ടു ഇന്ത്യന്‍ എക്‌സ്പ്രസ്സ്' എന്നാണ് അവസാനം പറഞ്ഞത്. മാധ്യമരംഗം മാറിയെങ്കിലും, അതൊരു വലിയ ബഹുമതിയായി ഇന്നും കാത്തുസൂക്ഷിക്കുന്നു.

ഗേറ്റിറങ്ങിപ്പോകും മുന്‍പ് തിരികെ പ്രസ്സില്‍ കയറി, അടുത്ത ദിവസ്ത്തെ പത്രത്തിന്റെ ഇമ്പ്രിന്റില്‍നിന്നു തന്റെ പേരെടുത്തു മാറ്റണമെന്ന് നിര്‍ദ്ദേശം നല്‍കി. അദ്ദേഹം യാത്രയായതിനു സാക്ഷ്യം വഹിച്ചത് നീറുന്ന ഒരോര്‍മ്മയാണ്. (അന്ന് അക്ഷരങ്ങള്‍ അപ്പപ്പോള്‍ കാസ്റ്റ് ചെയ്ത് അച്ചടിക്കുന്ന ലൈനോ, മോണോടൈപ്പ് സംവിധാനമാണ് പത്രത്തിനുണ്ടായിരുന്നത്). ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പടിയിറങ്ങിപ്പോയ എസ്.കെ. അനന്തരാമന്‍ പിന്നെയൊരു മാസം എറണാകുളത്തപ്പന്‍ ക്ഷേത്രനടയില്‍ നിര്‍മമനായി ഭജനമിരുന്നത് മറ്റൊരു ചരിത്രം.

കോട്ടയത്തുനിന്ന് അക്കാലത്ത് ലീലാമേനോന്‍ അയച്ചിരുന്ന വാര്‍ത്തകളില്‍ ഭൂരിപക്ഷവും ചരിത്രത്താളുകളിലിടം നേടി. മൂന്നാറില്‍ തൂക്കുപാലം തകര്‍ന്നു പാവപ്പെട്ട 17 കുരുന്നുകള്‍ ദാരുണമായി കൊല്ലപ്പെട്ട വാര്‍ത്ത വായിച്ച് അന്ന് പലരും വിതുമ്പി. കരുണാകരന്‍ സര്‍ക്കാരിന്റെ തന്നെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായത് ഇടുക്കി തങ്കമണിയില്‍ നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള അവരുടെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളായിരുന്നു. ഒരു പ്രലോഭനത്തിനും ഭീഷണിക്കും വഴങ്ങാതെ, തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ അവര്‍ എഴുതിയ എത്രയോ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പിന്നേയും കേരളത്തെ പിടിച്ചുലച്ചു. സുര്യനെല്ലി പെണ്‍കുട്ടിയുടെ ദുരന്തം പുറംലോകം അറിഞ്ഞത് അവരിലൂടെയായിരുന്നു.         

മനക്കരുത്തും നിശ്ചയദാര്‍ഢ്യവും
1990-ല്‍ അര്‍ബുദം ആരുമറിയാതെ രണ്ടാംവരവ് നടത്തിയതായി കണ്ടെത്തിയപ്പോള്‍  ഡോക്ടര്‍മാര്‍ ആറുമാസം മാത്രമായിരുന്നു അവര്‍ക്ക് ആയുസ് വിധിച്ചത്.

പക്ഷേ, അസാമാന്യമായ മനക്കരുത്തും  നിശ്ചയദാര്‍ഢ്യവും  കൊണ്ടു അവര്‍ മഹാരോഗത്തേയും കീഴ്പെടുത്തി. ജീവിതത്തിലേയ്ക്ക്  മടങ്ങിവന്ന ലീലാമേനോനെ, അന്നത്തെ റസിഡന്റ് എഡിറ്റര്‍ എം.കെ. ദാസ് കൊച്ചിയില്‍ത്തന്നെ നിയമിച്ചു. കുലത്തൊഴിലായ കളിമണ്‍പാത്ര നിര്‍മ്മാണം തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന്, പട്ടിണിയിലും പരിവട്ടത്തിലുമായ നിലമ്പൂരിനടുത്ത അരുവാക്കോട് ഗ്രാമത്തിലെ സ്ത്രീകളുടെ ഇരുണ്ടജീവിതത്തെപ്പറ്റി എഴുതാന്‍ അവര്‍ നിയോഗിക്കപ്പെട്ടത് അക്കാലത്താണ്.

മരണക്കിടക്കയില്‍ കിടക്കുമ്പോഴും താന്‍ ഭാവിയില്‍ എഴുതാന്‍ പോകുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച്  മോഹനസ്വപ്നങ്ങള്‍ നെയ്തിരുന്ന അവര്‍ക്കു അതൊരു പുനര്‍ജന്മം കൂടിയായിരുന്നു. പ്രഗത്ഭനായ  സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ജീവന്‍ ജോസിനേയും കൂട്ടി അവര്‍ ആ ഗ്രാമത്തിലെ വീടുകള്‍ കയറിയിറങ്ങിയത് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെന്ന നിലയിലായിരുന്നു. പുതുപണക്കാര്‍ ലൈംഗികസുഖം തേടിയെത്തുന്ന വീടുകളിലെ കുട്ടികള്‍ വീടിനു പുറത്ത് പിമ്പുകളെപ്പോലെ കാവലിരിക്കും. ഭീകരമായ ആ അവസ്ഥയെക്കുറിച്ച് അവര്‍ എഴുതിയ സ്‌തോഭജനകമായ റിപ്പോര്‍ട്ടുകളാണ് ആ ഗ്രാമത്തെ പരമ്പരാഗത കളിമണ്‍പാത്ര നിര്‍മ്മാണത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ വഴിയൊരുക്കിയത്. ജയ ജയ്റ്റിയുടേയും സന്നദ്ധ സംഘടനകളുടേയും മേല്‍നോട്ടത്തില്‍ അവരെ പുനരധിവസിപ്പിക്കാനായത് അവരുടെ മാധ്യമ ജീവിതത്തിലെ സാര്‍ത്ഥകമായൊരേടാണ്. 

മദ്ധ്യകേരളത്തിലെ നിര്‍ദ്ധന ക്രിസ്ത്യന്‍ കുടുംബങ്ങളില്‍നിന്നു നഴ്സിങ്ങിനു പഠിപ്പിച്ച് ജോലി നല്‍കാമെന്നു പ്രലോഭിപ്പിച്ച് പാവപ്പെട്ട പെണ്‍കുട്ടികളെ ഇറ്റലിയിലെ കന്യാസ്ത്രീ മഠങ്ങളിലേയ്ക്കയച്ച ക്രൂരതകള്‍ അവരുടെ റിപ്പോര്‍ട്ടുകളിലൂടെ രാജ്യാന്തര ശ്രദ്ധ നേടി. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു സുവിശേഷവേലയ്ക്ക് പെണ്‍കുട്ടികളെ കിട്ടാതായപ്പോഴായിരുന്നു, മലയാളിയായ ഒരു പുരോഹിതന്റെ നേതൃത്വത്തില്‍ ഈ തട്ടിപ്പ് അരങ്ങേറിയത്. സഭ, അവസാനം അയാളെ പുറത്താക്കി. റോമിലെത്തി, നഗ്‌നമായി ചൂഷണത്തിനിരയായ പെണ്‍കുട്ടികളെ കാണുക കൂടി ചെയ്തു അവര്‍. ഈ കുട്ടികള്‍ വീടുകളിലേയ്ക്കയച്ച കത്തുകള്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് വലിയ വിശ്വാസ്യത നല്‍കി. ചെയ്യപ്പെടുന്ന കഥകള്‍ വലിയ കോളിളക്കമുണ്ടാക്കി.

മുഖ്യമന്ത്രിയായിരുന്ന നായനാരെ കുരുക്കിലാക്കിയത് വളരെ രസകരമായൊരു കഥയാണ്. ആലപ്പുഴയ്ക്കടുത്ത് പാതിരാമണലില്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനു ലീലാ മേനോന്‍ കൊച്ചിയില്‍നിന്നു പോയത്, പാരിസ്ഥിതികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ കിട്ടുമോ എന്ന് അന്വേഷിക്കാനാകണം. സദസ്സിനെ കണ്ട് ഹരം കയറിയ നായനാര്‍, ബെല്ലും ബ്രേക്കുമില്ലാതെ കുറച്ചു ഡയലോഗുകളടിച്ചു. ''എന്തോന്ന് ബലാത്സംഗം... അത് അമേരിക്കക്കാര്‍ക്ക് ചായ കുടിക്കുന്നതു പോലല്ലേടോ...'' എന്ന മട്ടിലായിരുന്നു. അത് അടുത്ത ദിവസ്ം ബോക്‌സ് ന്യൂസായി ലീലാമേനോന്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നായനാര്‍ സത്യത്തില്‍ പുലിവാലു തന്നെ പിടിച്ചു.

കൗമാരക്കാരായ ആണ്‍കുട്ടികളെത്തേടി ധനികരായ വിദേശവനിതകള്‍ കേരളത്തിലെത്തുന്നുണ്ടെന്ന വാര്‍ത്ത അവര്‍ക്ക് കിട്ടിയത് കൊച്ചിയിലെ ഒരു സ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരനില്‍ നിന്നായിരുന്നു. അതു പിന്തുടര്‍ന്നു നടത്തിയ അന്വേഷണം വെളിച്ചത്തു കൊണ്ടുവന്നത്, കോവളത്തെ ബാലലൈംഗിക റാക്കറ്റിലായിരുന്നു. ത്രസിപ്പിക്കുന്ന ഇത്തരം മാധ്യമപ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമായ ഈ ജീവിത കഥ, ഒന്നിച്ച് കുറച്ചുകാലം കൊച്ചിയില്‍ ജോലി ചെയ്തപ്പോഴും തൃശൂരിലും കൊച്ചിയിലും ആകാശവാണി സ്റ്റുഡിയോകളിലിരുന്നും ഞാന്‍ കേട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ കണ്ടെത്താനും പ്രസാദമധുരവും അതേസമയം ശക്തവുമായ, ഒഴുക്കുള്ള ഭാഷയില്‍ എഴുതാനും അവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. വലിയ കുങ്കുമപ്പൊട്ടും കരിമഷിയെഴുതിയ വിടര്‍ന്ന കണ്ണുകളും കുട്ടികളുടേതുപോലുള്ള നിഷ്‌ക്കളങ്കമായ ചിരിയും ഒരു പ്രത്യേക താളത്തില്‍ കൊഞ്ചിയുള്ള സംസാരവും അവര്‍ക്ക് എല്ലാ മേഖലയിലും വലിയൊരു സുഹൃദ്വലയം ഉണ്ടാക്കിക്കൊടുത്തു. അവരായിരുന്നു വലിയ വലിയ സ്‌കൂപ്പുകള്‍ എന്നും ലീലാമേനോനു എത്തിച്ചിരുന്നത്. പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്ക് എന്നും പാഠപുസ്തകമാക്കാവുന്നതാണ് ലീലാമേനോന്റെ ഇത്തരം അസംഖ്യം റിപ്പോര്‍ട്ടുകളും ജീവിതം തന്നെയും.

സ്വതന്ത്രമായ പ്രവര്‍ത്തനം അസാദ്ധ്യമാണെന്നു തിരിച്ചറിഞ്ഞ്, ഇനി ആ അന്തരീക്ഷത്തില്‍ വീര്‍പ്പുമുട്ടിക്കഴിയേണ്ടെന്ന്  ആ നിമിഷം തീരുമാനിച്ചു അവര്‍.  നേരിടേണ്ടിവന്ന അപമാനങ്ങളെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ട്, ഇടറിയ ശബ്ദത്തില്‍ 'ഇന്ത്യന്‍ എക്‌സ്പ്രസ്സി'ല്‍നിന്നു രാജി പ്രഖ്യാപിച്ചത് കൊച്ചി ആകാശവാണി സ്റ്റുഡിയോയില്‍ ഞാന്‍ നടത്തിയ അഭിമുഖത്തിന്റെ അവസാനമായിരുന്നു. ഞങ്ങളത് എഡിറ്റ് ചെയ്യാതെ തന്നെ പ്രക്ഷേപണം ചെയ്തു.

1992-ല്‍ ഞാന്‍ ആകാശവാണിയില്‍ ചേര്‍ന്ന ശേഷം, ആനി തയ്യിലിനും ലീലാ ദാമോദരമേനോനുമൊപ്പം പല തവണ അവര്‍ തൃശൂര്‍ നിലയത്തില്‍  വന്നിട്ടുണ്ട്.
മേരി റോയി കേസിനെക്കുറിച്ചും ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകതയെക്കുറിച്ചും സ്ത്രീപക്ഷത്തുനിന്നുകൊണ്ട്, അനുഭവസാക്ഷ്യങ്ങള്‍ നിരത്തി വീറോടെ വാദിച്ചിട്ടുണ്ട്. കൊച്ചി നിലയത്തില്‍ എപ്പോള്‍ ക്ഷണിച്ചാലും വരുമായിരുന്നു. അടുത്ത ബന്ധമുണ്ടായിരുന്ന മാധവിക്കുട്ടിയെക്കുറിച്ചുള്ള അസാധാരണമായ അനുഭവകഥകള്‍പോലും വ്യക്തിപരമായ സംഭാഷണങ്ങളില്‍ അവര്‍ പങ്കുവച്ചിട്ടുണ്ട്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സുധീരം നടന്നുപോയി, ലീലാമേനോന്‍.
പ്രണാമം, ലീലേടത്തിക്ക്. 

(സമകാലിക മലയാളം വാരിക, ജൂൺ 16 ,2018)

Thursday 26 March 2020

സാധാരണ ജീവിതങ്ങളിൽ നിന്ന് അസാധാരണ കഥകൾ



രാമച്ചി
(ചെറുകഥാ സമാഹാരം)
വിനോയ് തോമസ്
പേജ് 152,വില 140 രൂപ
ഡി.സി ബുക്സ

വിനോയി തോമസിന്റെ കഥാലോകത്ത് തിരുവിതാംകൂറിൽ നിന്ന് ഉത്തര മലബാറിലേക്ക് കുടിയേറിയ ക്രിസ്ത്യാനികളുടെ ജീവിതമുണ്ട്. കാടും, വന്യജീവികളും , കൃഷിയും ആഹാര രീതികളും തനതു ഭാഷയുമുണ്ട്. കാട്ടുമക്കളായ ആദിമനിവാസികളുടെ ജീവിതമുണ്ട്. വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും കൂടി മനഷ്യാവസ്ഥകളുടെ ആഖ്യാനത്തിൽ അനിവാര്യ കഥാപാത്രങ്ങളായി           വരുന്നുമുണ്ട്. 
തനിക്ക് ചുറ്റുള്ള പച്ചമനുഷ്യരുടെ ജീവിതത്തിൽ നിന്ന് അദ്ദേഹം കണ്ടെത്തിയ കഥകൾ ,പക്ഷേ, ആ പരിവൃത്തത്തിനപ്പുറം സമകാലിക ജീവിതത്തിന്റെ സാമൂഹിക ,രാഷ്ട്രീയ തലങ്ങളേയും, മനുഷ്യന്റെ ഒരു നിർവ്വചനത്തിലുമൊതുങ്ങാത്ത കാലാതീതമായ ഒട്ടേറെ  സ്വഭാവവിശേഷങ്ങളേയും ശക്തമായി ആ ലേഖനം ചെയ്യുന്നുണ്ട്. 
കഥകളുടെ പരിസരങ്ങളുടെ അതി സൂക്ഷ്മമായ അംശങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ആഖ്യാനത്തിലൂടെ, ഒരോ കഥയുടേയും അനുഭവപ്രപഞ്ചത്തെ വ്യത്യസ്തമാക്കി , വായനക്കാരുടെ മനസിൽ ചാരുതയോടെ പ്രതിഷ്ഠിക്കുന്ന മാന്ത്രികവിദ്യ വിനോയി തോമസിന് കൈമുതലായുണ്ട്.
ഏഴ് സുദീർഘമായ കഥകളുണ്ട് , ഈ സമാഹാരത്തിൽ. ആദ്യ കഥയായ 'രാമച്ചി',
ഒരു പരിസ്ഥിതി - രാഷ്ട്രീയ കഥയായും സ്ത്രീപക്ഷ രചനയായും വ്യാഖ്യാനിക്കാം. കാടെന്ന വിശാല ഗൃഹത്തിൽ നിന്ന് ആറളം ഫാമിൽ അനുവദിച്ചു കിട്ടിയ, അതിർത്തിക്കല്ലുകൾക്കിടയിലേക്ക് കുടിയേറാൻ ആദിമനിവാസികളിൽ ചിലർക്കെങ്കിലും കഴിയുമായുരുന്നില്ല. തന്റെ വേരുകൾ പിഴുതുമാറ്റാൻ കാരണവത്തിയായ മഞ്ഞ മുത്തിക്ക് സമ്മതമില്ലായിരുന്നു :മല്ലികയ്ക്കും.
മുത്തശ്ശി പിറന്നു വീണത് കാട്ടിലായിരുന്നു.
'രാമച്ചീല് അബര് താമസിക്കുമ്പോ ന്നെ പെറ്റ്......ഉം, കാട്ടില് . എടപ്പാറയ്ക്ക് നാക്കാലിക്കു മേളില്, മൊട്ടവാളക്കു കുരുപ്പത്തോടിന് മേയില്, രാമച്ചി'.
ഫാമിലേക്ക് പോകും മുൻപ്,രാത്രി മഞ്ഞ മുത്തി മരിച്ചു.
നിറവയറുമായി നിന്ന മല്ലിക, മുത്തി പറഞ്ഞ, അങ്ങ് ദൂരെയുള്ള രാമച്ചിയിൽ പോയി താമസിക്കണമന്ന് അവളുടെ കെട്ടിയോൻ കാട്ട് പ്രദീപനോട് നിർബന്ധം പിടിക്കുന്നു.
' ഞാനെബടെ പെറണ്ന്ന് പറേണ്ട് ഞാനാന്ന്. നമ്മള് നാളെ രാമച്ചീ പോണ്'.

കല്യാണം കഴിക്കാൻ ആളെ കൂട്ടി, ആചാരപരമായി ചീനിയും തുടിയും ഒരു ചാക്ക് ചോമാല നെല്ലുമായി വന്ന കട്ടനെ സ്വീകരിക്കാതെ, തിരിച്ചയച്ചവളാണ് മല്ലിക. രാത്രി മുഴുവൻ വിറകാഴി കൂട്ടി, തുടികൊട്ടും ,ചീനവിളിയും പെണ്ണുങ്ങളുടെ മുടിയഴിച്ചിട്ടുള്ള വട്ടക്കളിയും കഴിഞ്ഞ്, ചെറുക്കന്റെ നെല്ലിൻ ചാക്ക് എടുക്കേണ്ടന്ന് മഞ്ഞ മുത്തിയോടും അപ്പനോടും പറഞ്ഞവളാണ് മല്ലിക. നെല്ലിൻ ചാക്ക് എടുത്തു കൊണ്ടുവന്നാൽ പിന്നെ കല്യാണമായിരുന്നു.

പെരുംകൂൺ പറിക്കാൻ ചീക്കണ്ണി പുഴയുടെ കരയിലൂടെ കാട്ടിൽ പോയപ്പോൾ,പൊങ്ങു മരത്തിന്റെ മുക സിൽ മരവാഴ പറിക്കാൻ കയറിയ കാട്ടുപ്രദീപനെ ആദ്യ നോട്ടത്തിൽ തന്നെ കണ്ട് ഇഷ്ടപെട്ടവൾ. ഉത്സവത്തിന് വി ല്ക്കാൻ ഓടപ്പൂ ഉണ്ടാക്കാൻ കൂടിയപ്പോൾ അവൾ പറഞ്ഞു:
'കാട്ടുപ്രദീപാ , നീ മതി എന്ക്ക്' .

അവളുടെ തീരുമാനങ്ങൾക്ക് മാറ്റമില്ല.  ദുർഘടമായ വനത്തിലൂടെ, സാഹസികമായി അവർ രാമച്ചിയെ ലക്ഷ്യമാക്കി നടന്നു. കൃഷി നശിപ്പിക്കുന്ന ആനകളെ തുരത്താൻ കൊണ്ടുവന്ന്, കാട്ടിലേക്ക് കയറിപ്പോയ പ്രമുഖൻ എന്ന കുങ്കിയാനയെ വഴിയിൽ അവർ കണ്ടു.
രാമച്ചിയിൽ കാടിന്റെ സമസ്ത സൗന്ദര്യവും സൗഭാഗ്യങ്ങളുമാസ്വദിച്ച് അവർ കഴിഞ്ഞു. രാത്രിയിൽ കാട്ടുതേനെടുക്കാൻ അയാൾ മരത്തിനു മുകളിലേക്ക് കയറിപ്പോയ രാത്രി അവൾക്ക് പ്രസവവേദന വന്നു :മഴയും.
പുളയുന്ന അവളുടെ അടുത്തേക്ക് ചിന്നംവിളിച്ചു കൊണ്ട് പായുന്ന ഒറ്റയാനെ അയാൾ കണ്ടു. പിന്നെ,അനേകം ചിന്നംവിളികൾ.'അനേകം പിടിയാനകളും പാൽ നുകർന്നുകൊണ്ട് കുഞ്ഞുങ്ങളും പുറത്തേക്ക് വന്നു. ആ നിമിഷത്തിൽ തന്നെ മല്ലികയുടെ മുലയും ആദ്യമായി ചുരന്നു'.
-ഇവിടെ പ്രകൃതി,കാടിന്റെ മക്കളെ നെഞ്ചോട് ചേർത്തുപിടിക്കുന്നതിന്റെ ദൃശ്യമുണ്ട്. ചേതാഹരമാണ് ആഖ്യാനം. പച്ചയായ നാട്ടുഭാഷയിൽ മിക്കപ്പോഴും എഴുതുന്ന വിനോയ് തോമസ്, ഈ കഥയിലുടനീളം ദൃശ്യചാരുതയിലൂന്നിയ കവിതാമയമായ ആഖ്യാന ഭാഷയാണുപയോഗിച്ചിരിക്കുന്നത്.
 കാടാണ് ആദിമജനതയുടെ സർവസ്വവും എന്ന് 'രാമച്ചി' വ്യക്തമാക്കുന്നു. ആവാസ വ്യവസ്ഥയിൽ നിന്നും സാംസ്കാരിക പൈതൃകത്തിൽ നിന്നുമുള്ള യാന്ത്രികമായ പറിച്ചുനടൽ എളുപ്പമല്ല.

സ്നേഹത്തിന്റേയും, പ്രണയത്തിന്റേയും പരസ്പരാശ്രയത്വത്തിന്റേയും ആർദ്രതയുടേയും ചാരുതയാർന്ന കഥയാണ് 'രാമച്ചി' . മലയാള കഥാ സാഹിത്യത്തിൽ ഈ രചനയ്ക്ക് എന്നും സവിശേഷമായ സ്ഥാനമുണ്ടാകും.

വളർത്തുമൃഗം ഉടമസ്ഥന്റെ ക്രൗര്യം പ്രകടിപ്പിക്കണമെന്ന അധികാര - അധീശത്വ ബോധമായിരുന്നു,പാപ്പച്ചൻ എന്ന സത്യക്രിസ്ത്യാനിയെ നയിച്ചത് ( 'ഉടമസ്ഥൻ'). കർത്താവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഉടമസ്ഥനാണെന്ന മതബോധമാണ് അയാൾക്കുണ്ടായിരുന്നത്. മധ്യവയസ്കരായ മർഗരീത്ത, ജസീന്ത, ആൻസിയ എന്നീ പെൺമക്കൾ പ്രാർത്ഥിച്ച്,പ്രാർത്ഥിച്ച് കാലം പോക്കി. അവരെയും തനിക്ക് കീഴ്പെട്ടവരായി മാത്രം അയാൾ കണ്ടു. തിബറ്റൻ ആശ്രമത്തിൽ നിന്ന് കൊണ്ടുവന്ന അമിച്ചൻ എന്ന നായ, പക്ഷേ, വെട്ടിപ്പാവിൽ പാപ്പച്ചൻ എന്ന ഉടമസ്ഥന്റെ ഹിംസാത്മകതയെ നിരാകരിച്ചു. ആൻസിയയുടെ ചോര കൊടുത്ത് ക്രൗര്യം വർദ്ധിപ്പിക്കാൻ നോക്കിയെങ്കിലും, അമിച്ചൻ അവളെ സ്നേഹത്തോടെ മുട്ടിയുരുമ്മി, കൈകളിൽ ചുംബിക്കുകയാണ് ചെയ്തത്. അവന്റെ കഥ കഴിക്കാതിരിക്കാൻ അവൾ കൂടു തുറന്ന്,നായയെ സ്വതന്ത്രനാക്കി. അന്ന് മുതൽ അവൻ അയാളുടെ കൺ വെട്ടത്തുവരാതെ ,അവധൂതനായി ജീവിച്ചു.

തന്നെ അനുസരിക്കാത്ത, ശൗര്യo കാണിക്കാത്ത ചെമ്പൻ, റാണി, ചാന്നൻ, ചന്തു തുടങ്ങിയ വളർത്തുനായ്ക്കളെയൊക്കെ കൊന്ന്, തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ടു,അയാൾ.
' ഒരു പട്ടിയെ തെങ്ങുംചോട്ടിൽ കുഴിച്ചിട്ടാൽ പിന്നെ മൂന്ന് വർഷത്തേക്ക് ആ തെങ്ങിന് വളമെന്നും ചെയ്യേണ്ട '.
 കൂടം കൊണ്ട് തലയ്ക്കടിച്ചും, അവസാനം, കെട്ടിത്തൂക്കിയും കൊല്ലപ്പെട്ട നായ്ക്കൾ. അതിലെ ചന്തുവുമായി ഒരു ഈനാംപേച്ചി   സംസാരിക്കുന്നുണ്ട് , കഥയിൽ.
'ജീവിച്ചിരിക്കുന്ന ഒന്നിന്റെ ഉടമസ്ഥനാകാൻ മറ്റൊന്നിന് സാധിക്കുമോ?'

- അവസാനം, അമിച്ചൻ പാപ്പച്ചനെറിഞ്ഞ കുരുക്കിൽ വീഴുന്നു. കഴുത്തിൽ കല്ലു കെട്ടി,പുഴയിലേക്ക് താഴ്ത്തി, കൊല്ലാൻ വലിച്ചു കൊണ്ടുപോകുമ്പോൾ ഉണ്ടായ മേഘവിസ്ഫോടനത്തിലും മഴവെള്ള  പാച്ചിലിലും അവർ ഒഴുകിപ്പോയി. പക്ഷേ, നായ നീന്തി കരയ്ക്കു കയറുന്നത് പെൺമക്കൾ നോക്കി നിന്നു . അവർ കരഞ്ഞില്ല . രണ്ടു മക്കൾ മരണത്തിന്റെ പ്രാർത്ഥനകൾ ആവേശത്തോടെ ചെല്ലാനാരംഭിച്ചു. ജസീന്ത, ഷെഡിൽ തുരുമ്പുപിടിക്കാതെ കിടന്ന കൂടവുമെടുത്ത് പുഴയുടെ നേർക്ക് നടന്നു.

- മറ്റുള്ളവരുടെ വികാര-വിചാരങ്ങൾക്കിടം നല്കാത്ത, ഹിംസാത്മകമായ അധീശത്വത്തിന്റെ പ്രതിരൂപമായ അപ്പന്റെ ദാരുണാന്ത്യമാണ് കഥാകാരന്റെ ജീവിത ദർശനം. അപ്പോൾ ,ഇതിലെ പാപ്പച്ചന് കഥാപരിസരത്തിനുമപ്പുറം, ക്രൂരരായ ഏകാധിപതികളുടേയും ഫാസിസ്റ്റുകളുടേയും മുഖം വരുന്നു. മതവും പുരുഷാധിപത്യവും എങ്ങനെ ദുർബലരെ അടിമകളാക്കി അടിച്ചമർത്തുന്നവെന്ന് , അവരെ ഇരകളാക്കുന്നുവെന്ന്,ഈ കഥ  വായനക്കാരെ ഓർമ്മപെടുത്തുന്നു. ഏതു നായ്ക്കും അവരുടെ ദിനം വരും എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട്, അടിച്ചമർത്തപ്പെട്ടവർ കണക്കു ചോദിക്കുന്നുണ്ടിവിടെ.

റമ്മികളിയാണ് ഇടവേലി ഗ്രാമത്തെ മുഴുവൻ ഒറ്റ സ്വത്വമാക്കിയത്. അവരുടെ നേതാവായ മാക്കൂട്ടം മാണിചാച്ചൻ ('ഇടവേലിക്കാർ') നല്ക്കുന്ന വ്യഖ്യാനമിതാണ്: 
' ... നന്മളെല്ലാം ഒരുമ്മടെ വയറ്റിൽ പിറന്നു പോലെ കെട്ടിപ്പിടിച്ചിരിക്കുന്നുണ്ടേൽ അത് നമ്മൾ ഇടവേലിക്കാരായതു കൊണ്ട് മാത്രമാണ്'.
പക്ഷേ,കുടകിലെ ഷെട്ടിപുരയിൽ, വാളും തോക്കുമൊക്കെയുള്ള കുടകു ചിഹ്നം സ്വർണ്ണ ലോക്കറ്റാക്കിയ  ബൊപ്പണ്ണയുടെ ഇടിയിലും ചവിട്ടിലും മാണി ചാച്ചാൻ വീണപ്പോൾ , തകർന്നടിഞ്ഞത് സ്വയം നിർമിച്ചു,പെരുപ്പിച്ചു കാട്ടിയ ഈ പ്രാദേശിക സ്വത്വബോധമായിരുന്നു. അതിന് അതിരുകൾക്കപ്പുറം അസ്തിത്വമില്ലെന്ന തിരിച്ചറിവ് , അവസാനം അയാൾക്കുണ്ടാകുന്നു.

സാംസൺ എന്ന  ഈട്ടിക്കുറ്റി പോലത്തെ ശരീരമുള്ള ഇറച്ചിവെട്ടുകാരന് പൗരുഷമുണ്ടാകാൻ, സുഹൃത്തായ ചെറിയാച്ചൻ, മൂരിക്കുട്ടന്റെ വരി ഔഷധമായി നൽകുന്നു. ('വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി' ). ധ്യാനം കൂടാൻ പോയ ഭാര്യയുടെ ബ്ലൗസഴിച്ച ശുശ്രൂഷകൻ ജോർജ്ജ് സാറിനോട് ഒന്ന് ഇടയാൻ പോലും  അയാൾക്ക് കഴിഞ്ഞില്ല. തന്റെ സഹായിയായ മെൽബിന്റെ പെങ്ങളെ കൊക്കോത്തോട്ടത്തിൽ വച്ച് ബലാല്ക്കാരം ചെയ്ത സിറിൽ,അവനെ ക്രൂരമായി കൈകാര്യം ചെയ്തപ്പോഴും ഒന്നും പറയാനായില്ല. അമ്മ പരാതിപ്പെടുന്നതുപോലെ, 'പഴന്തുണി പരുവമായവൻ'.
അന്നാട്ടിലെ കന്യാസ്ത്രീ മഠത്തിൽ വന്ന ജ്യോത്സന സിസ്റ്ററാണ് ചുണക്കുട്ടി. കയ്യിൽ ഒരു സെന്റു പാത്രവും പിടിച്ച്, ആകാശത്തെക്ക് നോക്കി നില്ക്കുന്ന പുണ്യാളത്തിയായ മഗ്ദല മറിയത്തിന്റെ പള്ളി .അവർ അനാഥർക്കായി അവിടെ മഗ്ദലന ഭവനുണ്ടാക്കി. തെരുവിലുപേക്ഷിക്കപ്പെട്ട മുൻ അഭിസാരികയായ അത്തറു കുഞ്ഞാമിനയെ അവിടെ താമസിപ്പിച്ചു. അന്യമതസ്ഥയായ അവർ മരിച്ചപ്പോൾ , ആ സെമിത്തേരിയിൽ തന്നെ ശവം അടക്കിച്ചു, സിസ്റ്റർ . അവിടെ സന്ധ്യയ്ക്ക് തിരി കത്തിക്കാനും തുടങ്ങി..
സാംസൺ, മൂരിയുടെ ആൺ ചുന തവിയിൽ കോരി ഊതിയാറ്റി നാവിലിട്ടപ്പോൾ തന്നെ തരിച്ചിറങ്ങി :
'പല്ലുകൾക്കിടയിൽ കടിച്ചു കുഴയ്ക്കുമ്പോൾ ,അരക്കെട്ടിലുണ്ടായ കിരുകിരുപ് മരുന്നിന്റെ ഫലം കേറുന്നതാണ് സാംസണോർത്തു.'

'ആണത്തം' കിട്ടിയ സന്താഷത്തിലിരിക്കുമ്പോൾ , അത്തറു കുഞ്ഞാമിനയുടെ കുഴിയങ്കാരത്തിനു പോലെ സിസ്റ്ററെയും മെൽബിനെയും സിറിലും പള്ളിക്കാരും പിടിച്ചുവച്ച് മർദ്ദിക്കുന്നതറിഞ്ഞ് അയാളവിടെ എത്തുന്നു. അയാളുടെ 'കാലിനിടയിൽ നിന്നും വല്ലാത്തൊരു ധൈര്യം മുകളിലെക്കിറച്ചു കയറി'.
'എടീ, ഈ മറ്റപ്പണി കാണിക്കാൻ നിനക്ക് പരിശുദ്ധമായ പള്ളി സെമിത്തേരിയേ കിട്ടിയൊള്ളാടീ...' എന്ന് അയാൾ സിസ്റ്ററിന്റെ നേർക്ക് അലറുകയാണ്!
മൂരിയുടെ വരിതിന്ന് , 'പൗരുഷം' ലഭിച്ച 
സാംസൺ ആൾക്കൂട്ടത്തിൽ സദാചാര പോലീസാകുന്നു. ആണധികാരവും തന്റെ പുതിയ പൗരുഷവും സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ, നിസ്സഹായയായ ഒരബലയ്ക്കുമേൽ കുതിര കയറേണ്ടത് അയാൾക്ക് അനിവാര്യതയായിരുന്നു. ആണിന്റെ വ്യക്തിത്വത്തേയും സത്തയേയും ലൈംഗിക ശേഷി എന്ന ഏകത്വത്തിലേക്ക് ചുരുക്കുന്ന സാമൂഹിക ക്രമമാണ് സാംസന്റെ പരിണാമത്തിന്റെ ഈ കഥ .

ഉൻമാദികളെ തടിക്കിട്ടുന്നത് ഈന്ത് മരത്തിലാണ്. രാഷ്ട്രീയഎതിരാളികളെ കഴുത്തറക്കുന്നത് ദിനചര്യയായ നാട്ടിൽ വികസനം വരുന്നു.
' മൂർഖൻപറമ്പ്' കഥയിൽ, വിമാനത്താവളത്തിന് സ്ഥലമെടുത്തപ്പോൾ തന്റെ സ്ഥലവും ഉൾപെട്ടുമെന്നും അവിടെയുള്ള ഈന്ത് മരങ്ങൾക്ക് വലിയ തുക നഷ്ടപരിഹാരം കിട്ടുമെന്നും മോഹിച്ച വിഘ്നേശ് കല്ലനാണ്ടി എന്ന ചെറുപ്പക്കാരൻ ഈന്ത് മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്യുന്നു. ഈന്ത് തന്റെ പൈതൃക നിധിയാണെന്നും 'ഈ മരത്തിന്റെ അരഞ്ഞാണ ജരകളിൽ ചുറ്റി ചുറ്റിക്കിടക്കുന്നത് ഭൂമിയുടെ ചരിത്രമാണെന്നും'ഭൂതകാലത്തെക്കുറിച്ചുള്ള ഗൃഹാതുരമായ ഫേസ് ബുക്ക് പോസ്റ്റുകളിട്ട ,കാമ്പസ് കാലത്തെ പോരാളി, വിമാനത്താവളം വരുന്നതൊടെ അനിവാര്യമായ പറിച്ചുനടലിന് മനസുകൊണ്ട് തയ്യാറെടുത്തിരുന്നു. തന്റെ പൈതൃകമുറങ്ങുന്ന ഈന്ത് മരങ്ങൾ നൽകുന്ന നഷ്ടപരിഹാരത്തുക കൊണ്ട് മറ്റൊരു ദേശത്ത് ജീവിതം കരുപ്പിടിപ്പിക്കാമെന്ന സ്വപ്നം പൊലിഞ്ഞപ്പോഴാണ് അയാൾ ജീവിതമൊടുക്കിയത്.
ഈ കഥയിൽ യഥാതഥാഖ്യാനത്തിലെ സംഭവങ്ങൾക്കപ്പുറത്തേക്ക് വായിക്കപെടാനൊന്നുമില്ല.

'മിക്കാനിയ മൈക്രാന്ത' എന്ന കഥ തകരുന്ന കാർഷിക സംസ്കൃതിയേയും, വ്യാജ മൂല്യബോധത്തേയും മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു. കുടിയേറ്റ കർഷക കുടുംബത്തിൽ പിറന്ന  പേപ്പച്ചന്റേയും ഭാര്യ ഏലമ്മയുടേയും ഏക മകനായ ജോഷി, കെട്ടിയ പെണ്ണിന്റെ വീട്ടിൽ ദത്തു നില്കുകയും, അവരുടെ നിർബന്ധത്തിന് വഴങ്ങി, ജറുസലേമിൽ രോഗീപരിചാരകനാവുകയും ചെയ്യുമ്പോൾ, കൃഷി ചെയ്യാതെയിട്ട സ്ഥലത്തെല്ലാം പൂലോകം മുടിച്ചി പടർന്നു കയറുന്നു.
'കൃഷിക്കാരൻ' എന്ന ലേബൽ ജോഷിയുടെ വിവാഹം ഏറെക്കാലം മുടക്കുന്നുണ്ട്. അവസാനം, ഒരാളെ കിട്ടിയെങ്കിലും, 'പുറത്തു പോയി 'കാശുണ്ടാക്കുന്നത് മാത്രമാണ് സാമൂഹികാംഗീകാരം കിട്ടാനു ള്ള പുതിയ മാനദണ്ഡം എന്ന് അയാൾ മനസിലാക്കുന്നു.. അവശരായ സ്വന്തം മാതാപിതാക്കളെ നാട്ടിൽ വിട്ട്, കൃഷി ഉപേക്ഷിച്ച്,വിദേശത്ത് പോയി വൃദ്ധജനങ്ങളെ നോക്കുകയാണ്, അയാൾ.
കുടിയിറക്കലിനെതിരായ എ. കെ.ജി, ബി.വെല്ലിങ്‌ടൺ, ഫാദർ വടക്കൻ തുടങ്ങിയവരുടെ സമരങ്ങൾ കഥയിൽ പരാമർശിക്കപ്പെടുന്നുണ്ട്.

 അതിജീവനത്തിന് മണ്ണിനെ മാത്രമാശ്രയിച്ച അദ്ധ്വാനികളായ കുടിയേറ്റക്കാരുടെ പിൻതലമുറയ്ക്ക് ആ ജൈവബന്ധം നഷ്ടമായി എന്ന് ഈ കഥ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ആദിവാസി ജീവിതത്തിലേക്ക് ആഴത്തിൽ കടന്നുചെന്ന്,വിശപ്പാണ് പരമമായ സത്യം എന്ന് അടിവരയിടുന്നു , 'അരി' എന്ന കഥ. പണിയയായ നല്ലയും കൊച്ചുമകൾ ശാലിനി കോപ്പിയും,കോളനിക്കാരും ആ സത്യം , 70 വർഷം പഴക്കമുള്ള സ്ക്കൂളിന്റെ ചരിത്രത്തെക്കുറിച്ച് ഡോക്യുമെന്ററി എടുക്കാൻ പോയ എല്ലാവരേയും ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ഊണിനായി കോളനി ഒന്നാകെ അവരെ പിന്തുടരുകയാണ്..

ആമുഖത്തിൽ വിനായ് തോമസ് തന്റെ നാട്ടിലെ ഒരു കിണറിനെക്കുറിച്ച് പറയുണ്ട്. ഏതു കൊടും വേനലിലും തൊട്ടിക്കുഴി നിറയെ വെള്ളമുണ്ടാകുന്ന  പൂവത്തിങ്കക്കാരുടെ കിണർ. 'കിണറാണ് എന്റെ നാടും .എത്ര കഥകൾ കോരിയാലും തീരാത്ത ജീവിതങ്ങളുമായി അങ്ങനെ നിറഞ്ഞു തുളുമ്പാതെ സാധാരണമായി കിടക്കുന്നു.'
- ആ സാധാരണ ജീവിതങ്ങളിൽ നിന്ന് അസാധാരണമായ ഉൾക്കാഴ്ചയോടെ വൈവിദ്ധ്യപൂർണ്ണമായ കഥകൾ എഴുതുന്നു, വിനോയി തോമസ്.

Tuesday 24 March 2020

അവിഞ്ഞ യാഥാർത്ഥ്യങ്ങളെ തൊട്ട് വെഞ്ചരിച്ച് ...



 തൊട്ടപ്പൻ 
(ചെറുകഥാസമാഹാരം)
ഫ്രാൻസിസ് നൊറോണ
പേജ്.144, വില 150 
ഡി.സി ബുക്സ്

ലയാള ചെറുകഥയിൽ പ്രമേയത്തിലും ശില്പത്തിലും  ഇത്രമാത്രം  പുതുമയും ബഹുസ്വരതയും നിറഞ്ഞ കാലം ഉണ്ടായിട്ടില്ല. വിനോയ് തോമസ്,സന്തോഷ് എച്ചിക്കാനം,ജോണി മിറാണ്ട, ഷെമി, ആർ.രാജശ്രീ എന്നിങ്ങനെ ഒട്ടെറെ കഥാകൃത്തുക്കൾ,ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ചാഞ്ചല്യമേതുമില്ലാതെ കടന്ന് വന്ന്,പുതിയ ഭാവുകത്വം നിർമിച്ചവരാണ്. 

ഫ്രാൻസിസ് നൊറോണ ഈ ഗണത്തിൽ പെടുന്നു എന്ന് സാമാന്യവല്ക്കരിച്ചാൽ മതിയാകില്ല.
ആലപ്പുഴക്കാരനായ നെറോണ എഴുതുന്നത് തന്റെ ജീവിതപരിസത്തെക്കുറിച്ച് തന്നെ. പ്രാന്തവലക്കരിക്കപ്പെട്ട, നിസ്വരായ കടലോര നിവാസികളാണ് നെറോണയുടെ കഥകളിലെല്ലാമുള്ളത്. അവരുടെ ജീവിതം തകഴി 'ചെമ്മീനി'ൽ ആവിഷ്ക്കരിച്ച കാലം മുതൽ മലയാളികൾക്ക് പരിചിതം. പക്ഷേ, നെറോണ മുങ്ങാം കുഴിയിട്ട് പോകുന്നത് നമുക്ക് തീർത്തും അജ്ഞാതമായ ഈ ജീവിതങ്ങളുടെ അടിത്തട്ടുകളിലേക്കാണ്. അവിടെ അവരുടേതു മാത്രമായ സാമൂഹിക ക്രമമുണ്ട് : മര്യാദകളുണ്ട്. സ്വന്തം നൈതികതയുണ്ട്.
മറ്റുള്ളവർക്ക് അറപ്പുളവാക്കുന്ന ജീവിത രീതികളുണ്ട്. അവ പച്ചയായി ആവിഷ്ക്കരിക്കാൻ പ്രാദേശിക പദങ്ങളും പ്രയോഗങ്ങളും നിറഞ്ഞ ചടുലമായ നാട്ടു മൊഴികളാണ് പ്രാൻസിസ് നെറോണ ആഖ്യാനത്തിലുപയോഗിച്ചിരിക്കുന്നത്.
പുരോഹിതരുടേയും കന്യാസ്ത്രീകളുടെയും കാമനകളെ പച്ചയായി ആവിഷ്ക്കരിക്കുകയും
നിലനില്ക്കുന്ന സദാചാര മുഖംമൂടികളെ നിഷ്ക്കരുണം വലിച്ചു കീറുകയും ചെയ്ത്, 1950-തുകളിൽ കഥാ സാഹിത്യത്തിൽ ഉഷ്ണപാതം വിതച്ച പെരുന്ന തോമസിന്റെ കഥകളെ അനുസ്മരിപ്പിക്കുന്നതാണ് നെറോണയുടെ ചില കഥകളുടെ പരിസരവും ഭാഷയും. 

 അവിടെ,പാർട്ടി ഓഫീസിൽ സെക്രട്ടറിയായിരുന്ന  സഖാവിന്റെ മരണശേഷം,ദാരിദ്ര്യംകാരണം ബാല്യത്തിൽ അമ്മ കന്യാസ്ത്രീ  മഠത്തിലെത്തിച്ച നടാലിയ എന്ന കുട്ടിയെ രാത്രിയിൽ പീഡിപ്പിക്കുന്നത് വലിയ സിസ്റ്റർ('കക്കുകളി').പത്താം ക്ലാസുകാരനായ കൗമാരക്കാരൻ, മേസ്ത്രിയുടേയും കൊല്ലൻ ശരവണ ണന്റേയും ലൈംഗികാതിക്രങ്ങൾക്കിരയാകുന്നു. കന്നിനെ വെട്ടുന്നത് പഠിക്കാനായി അവൻ പിന്നെ വെട്ടുകാരൻ ജോർജ്ജിന്റെ പീഡനങ്ങൾക്ക് നിന്നു കൊടുക്കുന്നവനായി. അയാളാകട്ടെ അറുക്കാൻ കൊണ്ടുവരുന്ന പശുവിനെപ്പോലും വെറുതെ വിടാത്തവൻ. തന്റെ ഇരട്ട സഹോദരനെ സ്വവർഗ്ഗരതിക്കിരയാക്കി വെള്ളത്തിൽ മുക്കിക്കൊന്ന ക്രൂരൻ എന്ന് വിശ്വസിക്കുന്നു,അവൻ('പെണ്ണാച്ചി' ) .

അപ്പനില്ലാത്തതിനാൽ,മാമ്മോദീസാ മുക്കലിന് തലതൊട്ടപ്പനായ അമ്മാവൻ തന്നെയാണ് 'കുഞ്ഞാട്' എന്ന് വിളിപ്പേരുള്ള അവളെ കക്കാൻ പഠിപ്പിക്കുന്നത്. നേർച്ചക്കുറ്റിയിൽ നിന്നു മാത്രമല്ല, കക്കുന്നത്. പിറവിത്തിരുന്നാളിന് നേർച്ചക്കോഴിയെ വരെ കട്ട് ആഘോഷിക്കുന്നുണ്ട്,കുടുംബം(തൊട്ട പ്പൻ).

പി.എസ്. സി പരീക്ഷയ്ക്ക് പഠിക്കാൻ വേണ്ടി പഞ്ഞിമരത്തിലുണ്ടാക്കിയ ഏറുമാടത്തിലിരുന്ന്, മറപ്പുരക്കാഴ്ചകൾ കണ്ടുരസിച്ച മുക്കുവൻ,അന്ധനായ ദാനിയലിനെ രതിക്കഥകൾ പറഞ്ഞ് പ്രലോഭിപ്പിക്കുന്നു.അവസാനം,അവനിൽ നിന്ന് കേൾക്കുന്നത് തന്റെ ഭാര്യയുമായുള്ള അഗമ്യഗമനം. വേളാങ്കണ്ണി മാതാവിന്റെ നേർച്ചയെണ്ണ നിറച്ച പ്ലാസ്റ്റിക്ക് രൂപത്തിലെ വാറ്റുചാരായത്തിൽ വിഷം നിറച്ച് അവനെ ഏല്പിച്ചത് അയാളുടെ പെണ്ണായിരുന്നു ('ഇരുൾരതി' ) .

റിസോർട്ടിലെ രാത്രി കാവല്ക്കാരൻ, അവിടെ കശക്കിയെറിയപ്പെടുന്ന പെൺജീവിതങ്ങൾക്ക് മൂകസാക്ഷിയാണ്. 
അയാളുടെ ഭാര്യ ചിമിരിക്ക് തുന്നിക്കടയിൽ ജോലി കിട്ടുന്നതോടെ കടുത്ത ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്ന അവരുടെ ജീവിതത്തിന്റെ വന്യമായ ആ വിഷ്ക്കാരമാണ് 'കടവരാല്' . 

ഉപദേശിയുടെ പെണ്ണിന്റെ കുളി ഒളിഞ്ഞിരുന്ന് കണ്ട്, അവരുമായി ലോഗ്യം കൂടി, അവസാനം അവരുടെ  നിത്യരോഗിയായ കുഞ്ഞിനെ കൊന്ന്, അവരുമായി രമിച്ച അയാൾ അവളെ കൈയ്യൊഴിഞ്ഞു.  കഞ്ചാവടിച്ച പെരുപ്പിൽ  ഉപദേശിയുടെ ഭാര്യയെ പ്രാപിച്ച കഥ വിവരിച്ചു കേട്ട് ഹരം പിടിച്ച കൂട്ടുകാരൻ ഈർക്കിലി പാപ്പിയുമായി അവിടെ ചെന്നപ്പോൾ അവർ വിസമ്മതിച്ചു. പക്ഷേ, അവരെ രണ്ടാളും ബലാല്ക്കാരം ചെയ്യുന്നു. പാപ്പിയുടെ കൈലി മുണ്ടിൽ  അവർ തൂങ്ങിയാടി. നാടുവിട്ട്, കർത്താവിന് വേല ചെയ്യാൻ പോയ ഉപദേശി,അയാളെ വീടും പറമ്പും ഏല്പിച്ചു. വിവാഹം കഴിച്ച അയാളെ ഭൂതകാലമുദ്രകൾ വേട്ടയാടി. അവസാനം ,ഈർക്കിലി പാപ്പാൻ അയാളുടെ ഭാര്യയേയും പാട്ടിലാക്കി.  വേട്ടേറ്റ് മരിച്ച അയാളെ പാർട്ടിക്കാർ ധീര രക്തസാക്ഷിയാക്കി!
'എലേടെ സുഷിരങ്ങൾ 'കഥയിൽ, സ്ക്കൂൾ വിദ്യാർത്ഥിനിയായിരിക്കെ അധ്യാപകന്റെ പീഡനത്തിനിരയായ ബിയാട്രിസ് എന്ന പൊലീസുകാരിയുടെ വിഭ്രമാത്മക ലോകമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന മകളെ പഠിപ്പിക്കുന്ന പോൾ സൈമൺ,അവരെ പീഡിപ്പിച്ച അദ്ധ്യാകന്റെ മകൻ. മകളെ അയാളും പീഡിപ്പിച്ചെന്നാരോപിച്ച് ,അപ്പൻ മതിലിടിഞ്ഞു മരിച്ചതിന്റെ മൂന്നാം നാൾ സ്ക്കൂളിലെത്തിയ അയാളെ അവർ കൈകാര്യം ചെയ്യുന്നു. ജനനേന്ദ്രിയമില്ലാതെയാണ് അപ്പനെ അടക്കിയതെന്നും ഉയിർപ്പുനാൾ ആ മുറിവങ്ങനെയുണ്ടാവുമെന്നും സൂചനയുണ്ട്.

- ഇങ്ങനെ, ലളിതമായി സംഗ്രഹിക്കാവുന്നതല്ല, 'തൊട്ടപ്പനി'ലെ കഥകൾ. കാരണം, ഇവയോരോന്നിലും യാഥാർത്ഥ്യത്തിലും അയാഥാർത്ഥ്യത്തിലുമൂന്നിയ ധാരാളം അടരുകളുണ്ടു്. തെളിമയാർന്ന ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. സാമൂഹിക, രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുണ്ട്. ചില കഥകൾക്ക് ധ്വന്യാത്മകവും നാടകീയവുമായ പരിണാമപ്തിയുണ്ട്. ഇവയെല്ലാം കൂടി ചേർന്ന്, സൃഷ്ടിക്കുന്ന വിസ്മയ ലോകമാണ് ഓരോ കഥയും.

ലളിതാഖ്യാനമാണെങ്കിലും, നേർവായനയിൽ പിടിതരാത്ത ചില കഥകളുമുണ്ട് ഈ സമാഹാരത്തിൽ. 'കടവരാലി'ൽ ബാങ്ക് മാനേജരായ ഭർത്താവ് മരിച്ച സ്ത്രീ,തൊട്ടുടുത്തെ ഫ്ലാറ്റിലിരുന്ന് മുക്കുവരായപ്രകാശന്റേയും ചിമിരിയുടേയും പകൽരതി കഴിഞ്ഞുള്ള രംഗം നോക്കിനിൽക്കെ, അവരുടെ             ' ജനലഴിയിൽ പിടിച്ചിരുന്ന കൈക്കു മീതെ ഒരു കൈ അമരുന്നു'ണ്ട്.
'തൊട്ടപ്പ'നിൽ , അയാളെ തലയ്ക്കടിച്ചു കൊന്നവനെ കുഞ്ഞാടിന് വെളിപാടായി വന്ന് കാണിച്ചു കൊടുക്കുന്നത് കർത്താവാണ്. അവനെ സിനിമാകൊട്ടകയിൽ നിന്ന് വീട്ടിൽ കൂട്ടിക്കൊണ്ട് വന്ന്, അവനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നു, കുഞ്ഞാട്. അവളെ കീഴ്പ്പെടുത്തി, കമ്പിപ്പാരയുമായി അവൻ പോകുമ്പോൾ,യേശുവിന്റെ ശിഷ്യരുടെ പേരിട്ടു അവൾ പോറ്റി വളർത്തിയ പന്ത്രണ്ടു പൂച്ചകളും അവനെ പിന്തുടരുന്നു.
- ഇങ്ങനെ  ധ്വന്യാത്മകമായി അവസാനിക്കുന്ന കഥകളുണ്ട്.

ഭാഷ തന്നെയാണ് ഈ കഥകളുടെ ആത്മാവ്.  ആലപ്പുഴയിലെ പാർശ്വവല്കൃതരായ മീൻപിടുത്തക്കാരുടെ ഭാഷയാണ് ഒരു കഥയിലൊഴികെ എല്ലാറ്റിലും. 'ആദമിന്റെ മുഴ'യിൽ കൊച്ചി തീരദേശഭാഷ നിറഞ്ഞു നില്ക്കുന്നു.

വെറഞ്ഞു, ചപ്പിയൂമ്പി, ചേടി വച്ചു, മോറ്, കുന്തിച്ച്, തോന, നരന്ത്, നെറുകം തല , തൊരപ്പു വെട്ടം, കൊറക്, ചവളം, ഇരുണ്ട കാപ്പ, കള്ളത്തീറ്റി ... മറ്റുള്ളവർക്കന്യമായ എത്രയെത്ര വാക്കുകളും പ്രയോഗങ്ങളുമുണ്ട്.

 കഥാപാത്രമായും എല്ലാമറിയുന്ന മൂന്നാമനായും ആഖ്യാതാവ് പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ, ഫ്രാൻസിസ് നൊറോണയുടെ ജീവിത ദർശനമെന്ത് എന്ന ചോദ്യത്തിനു മാത്രം ഉത്തരം കിട്ടുന്നില്ല. ഒരു കഥയിലെ വെട്ടുകാരൻ ജോർജ്ജ് 'എരുമണച്ചാണാൻ പോലെ അവിഞ്ഞ തെറി' വിളിക്കുന്നയാളാണ്. അത്തരം അവിഞ്ഞ യാഥാർത്ഥ്യങ്ങളെ തൊട്ട് വെഞ്ചരിക്കുകയാണ് ഈ കഥാകൃത്ത്, ഇവിടെ.

# ഫ്രാൻസിസ് നൊറോണ
# തൊട്ടപ്പൻ
# തീരദേശ ഭാഷ
# കൊച്ചി ഭാഷ

Wednesday 18 March 2020

ഹൃദയത്തിലേക്ക് ശാന്തമായി കുടിയേറുന്നവർ..



ഭവനഭേദനം
(ചെറുകഥകൾ)
വി.ആർ.സുധീഷ്
പേജ് 80, വില 65 രൂപ
മാതൃഭൂമി ബുക്‌സ്

ചെറുകഥയ്ക്ക് 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് 'ഭവനഭേദനം'. നാല് പതിറ്റാണ്ടിലേറെയായി കഥകളെഴുതുന്ന വി.ആർ.സുധീഷ്,തൻ്റെ വ്യതിരിക്തമായ രചനകളിലൂടെ മലയാള കഥാസാഹിത്യത്തിൽ കസേര വലിച്ചിരുന്നിട്ട് കാലമേറെയായി.

പ്രണയവും വിരഹവും,തീക്ഷ്ണ യൗവനകാമനകളും മാത്രമല്ല, കടുത്ത സാമൂഹിക,രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും സുധീഷ് പ്രമേയമാക്കിയിട്ടുണ്ട്. കാവ്യാത്മകമായ, തെളിച്ചമുള്ള, നാട്യങ്ങളില്ലാത്ത ഭാഷയിൽ മാത്രമല്ല, ക്ഷുഭിത യൗവനത്തിൻ്റെ തിളയ്ക്കുന്ന ഭാഷയിലും കഥകൾ എഴുതുന്നുണ്ട്, അദ്ദേഹം.സരളമായ ആഖ്യാനത്തിലൂടെ അവ ഹൃദയങ്ങളോട് സംസാരിക്കുന്നു.
സുകുമാർ അഴിക്കോട് വിലയിരുത്തിയതുപോലെ, 'ശപിക്കപ്പെട്ടവൻ്റെ നേരെ കരുണാർ ദ്രമായി നോക്കുന്ന അസാധാരണ കഥകളും' ധാരാളം എഴുതിയിട്ടുണ്ട്,സുധീഷ്.

ഇപ്പോഴത്തെ പ്രവണതയ്ക്ക് വിപരീതമായി,വൃഥാസ്ഥൂലയില്ലാത്തവയാണ് ഈ സമാഹാരത്തിലെ 14 കഥകളും. ഒപ്പം, ഒരു കഥയെ ആസ്പദമാക്കിയുള്ള തിരക്കഥയും ഒരു ഓർമ്മക്കുറിപ്പുമുണ്ട്.

എയിഡ്സ് രോഗബാധിതനായി മരിച്ചയാളുടെ രണ്ടു കുട്ടികൾ നേരിടുന്ന സാമൂഹിക ബഹിഷക്കരണത്തെ ക്കുറിച്ചുള്ളതാണ്, 'ആത്മവിദ്യാലയമേ' എന്ന ആദ്യ കഥ.സഹപാഠികൾ തന്നെ അവരെ, ഇരമ്പുന്ന മഴയിൽ, പതിയിരുന്ന് കല്ലെറിയുന്നു. തല പൊട്ടിയ അനിയത്തി മടിയിൽ തളർന്നുവീണു.'മഴയിൽ പൊട്ടിക്കിളിർത്ത കുമിളിനുള്ളിലെന്നപോലെ അവൻ പതുങ്ങി. വരിവരിയായി പത്തിയുയർത്തി അതിവേഗം പിൻവലിയുന്ന ഇളംകൈകൾ മതിലിന് മുകളിൽ മഴ മറച്ചു. ചോര പൊട്ടിയ കരച്ചിലുകളെയും മഴ വിഴുങ്ങി '.
_നനുത്ത തേങ്ങൽ വായനക്കാരിൽ അവശേഷിപ്പിച്ചു കൊണ്ട് അവസാനിക്കുന്ന ഈ കഥയിൽ ഒരിക്കൽ പോലും രോഗത്തിെൻ്റ പേര് പറയുന്നില്ല.

'ഭ വ ന ദേ ദനം',രണ്ട് കള്ളൻമാരുടെ കഥയാണ്. ഒരു വീട്ടിലകപ്പെട്ട പകൽ കള്ളൻ,ഗൃഹനാഥയായ യുവതിയുടെ       ജാരസംസർഗ്ഗത്തിനും അവരുടേയും ഭർത്താവിൻ്റെയും ദാരുണാന്ത്യത്തിനുമിടയിൽ നിന്ന്, സഹകള്ളൻ്റെ ഉപദേശത്താൽ മോഷ്ടിക്കാതെ രക്ഷപെടുകയാണ്‌. ജീവിതാവസ്ഥകൾ എത്രമാത്രം പ്രവചനാതീതമാണ്.

'പരാഗണം', 'രാത്രിയിലെ ആകാശം സപ്തംബറിൽ ' എന്നീ കഥകളിലെ ഭാര്യമാർ, ഭർത്താക്കൻമാരുടെ രഹസ്യ കാമുകിമാരെ പ്രോത്സാഹിപ്പിക്കുന്നവരാണ്. മാത്രമല്ല, 'പരാഗണ'ത്തിലെ ഭാര്യ,കാമുകിയോട് തൻ്റെ ഭർത്താവുമായുണ്ടാകുന്ന ലൈംഗിക ബന്ധത്തിൻ്റെ വിശദാംശങ്ങൾ എണ്ണി - എണ്ണി ചോദിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നുമുണ്ട്‌..

സ്ത്രീയുടെ ആന്തരിക ജീവിതത്തിൻ്റെ സമസ്യകളിലേക്ക് ഇറങ്ങി ചെല്ലുന്ന ഈ കഥകളിൽ നാടകീയത ഏറെയുണ്ട്. ജീവിതത്തിലെ അപ്രതീക്ഷിതമായ ദശാസന്ധികളെക്കുറിച്ചുള്ളതാണ്' 'പാഴ്ക്കിണറുകൾ ' എന്ന കഥ.

ഈ സമാഹാരത്തിൽ ശക്തമായൊരു രാഷ്ടീയകഥയുമുണ്ട്‌ - രേണുകേ, നമ്മുടെ സൗഹൃദം. പെൺ സുഹൃത്തിൻ്റെ പൊലീസുകാരനായ അച്ഛൻ്റെ മരണമന്വഷിച്ച് ചെല്ലുന്ന അയാൾ അപ്രതീക്ഷിതമായി തിരിച്ചറിയുന്നു - കക്കയം പൊലീസ് ക്യാമ്പിൽ വച്ച് തന്നെ നഗ്നനാക്കി ഉരുട്ടിയ ക്രൂരനായ, പൊലീസുകാരനാണിപ്പോൾ വെറും ശവമായി മുന്നിൽ കിടക്കുന്നത്...

അങ്ങനെ, ജീവിതത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ നിന്ന്, ജീവൻ സ്പന്ദിക്കുന്ന കഥകൾ സൗന്ദര്യാത്മകമായി എഴുതുന്നു, വി.ആർ.സുധീഷ് - അവ വായനയ്ക്കപ്പു റവും നമ്മോടൊപ്പം പോരാൻ ത്രാണിയുള്ളവയാന്ന്. ജീവിതത്തെക്കുറിച്ച് അവ പുതിയ ഉൾക്കാഴ്ചകൾ നല്കുന്നു. അവ വായനക്കാരുടെ ഹൃദയങ്ങളിലേക്ക് നിശബ്ദം ചേക്കേറുന്നു.

എന്നാൽ,'ഒരു കഥാപാത്രം മയ്യഴിപ്പുഴയുടെ തീരങ്ങളിൽ', 'അവളെക്കുറിച്ച് വീടിനെക്കുറിച്ച് ഒരു വിലാപകാവ്യം', 'ശരീരഭാഷ (മരണത്തിൻ്റേത് )'എന്നീ കഥൾക്ക് ശില്പഭദ്രതയില്ല. ഉപന്യാസത്തിൻ്റെ ശൈലിയിൽ,നിരീക്ഷണ സ്വഭാവമുള്ള രചനകളായ അവ അപൂർണ്ണമായി അവസാനിക്കുന്നു.

# വി.ആർ.സുധീഷ്
# ഭവനഭേദനം
# കേരള സാഹിത്യ അക്കാദമി പുരസ്കാരം
# പ്രണയം

Tuesday 17 March 2020

സഫല ജീവിതത്തിൻ്റെ ഓർമ്മപ്പുസ്തകം


ആർദ്രമീ ധനുമാസരാവിൽ
(ഓർമ്മക്കുറിപ്പുകൾ)
ശ്രീദേവി കക്കാട്
പേജ് 246, വില 250 രൂപ
മാതൃഭൂമി ബുക്സ്

മലയാള കവിതയിൽ ആധുനികതയ്ക്ക് തുടക്കമിട്ടവരിൽ പ്രമുഖനായ എൻ.എൻ. കക്കാടിനെക്കുറിച്ച്, ഭാര്യ ശ്രീദേവി കക്കാട് എഴുതിയ ഈ ഓർമ്മക്കുറിപ്പുകളിൽ മുഖ്യമായും നിറഞ്ഞുനില്ക്കുന്നത് മൂന്ന് പതിറ്റാണ്ട് കാലത്തെ കോഴിക്കോടിൻ്റെ സാംസ്ക്കാരിക ചരിത്രമാണ്. മലബാറിലെ നമ്പൂതിരി സമുദായത്തിൽ സ്വാതന്ത്ര്യപൂർവ്വകാലഘട്ടത്തിൽ വന്ന സാമൂഹിക പരിഷ്ക്കരണങ്ങളുടെ നേർസാക്ഷ്യങ്ങളും ഈ ഓർമ്മകളിലുണ്ട്.

തെയ്യങ്ങളുടേയും വടക്കൻ പാട്ടുകളുടേയും നാടായ ഉത്തര മലബാറിലെ കടത്തനാട്ട്, പശ്ചിമഘട്ട മലനിലകളുടെ അടിവാരത്തുള്ള അവിടനല്ലൂർ ഗ്രാമത്തിൽ ജനിച്ച നാരായൺ നമ്പൂതിരി എന്ന ഗ്രഹണി പിടിച്ച ശിശു, മലയാളികളുടെ പ്രിയപ്പെട്ട എൻ.എൻ. കക്കാട് എന്ന കവിയായതെങ്ങനെയെന്ന്,ആ ജീവിതയാത്രയിൽ പില്കാലത്ത് ഊന്നുവടിയായി നിന്ന, പാലക്കാട് കാറൽമണ്ണയിൽ പിറന്ന ശ്രീദേവി എന്ന അദ്ദേഹത്തിൻ്റെ പ്രിയതമ, വിശദമാക്കുന്നു, ഈ ഓർമ്മ പ്പുസ്തകത്തിൽ.

അതിൽ അക്കാലത്തെ രാഷ്ട്രീയ ചരിത്രം കൂടിയുണ്ട്.രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കഷ്ടപ്പാടുകൾ നേരിട്ടനുഭവിച്ചതിൻ്റെ പ്രതിഫലനം പില്ക്കാലത്ത് അദ്ദേഹത്തിൻ്റെ രചനകളിലുണ്ടായതിന് ഒരു ഉദാഹരണമിങ്ങനെ: അരികിട്ടാത്തതിനാൽ ചേമ്പ്,കാച്ചിൽ, ചേന,കപ്പ, തുടങ്ങിയവയായിരുന്നു,കുട്ടിക്കാലത്തെ ആഹാരം. വറുതിയുടെ നാളുകൾ. റേഷനായി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് കടുത്ത ക്ഷാമം. അതു നേരിടാൻ വിദ്യാർത്ഥിയായ നാരായണൻ ഒരു വഴി കണ്ടെത്തി :കടലാവണക്കിൻ കുരു ഈർക്കിലിൽ കോർത്ത്,ഉണക്കി വയ്ക്കും. അത് കത്തിച്ച് വച്ച് കിട്ടുന്ന വെട്ടത്തിലിരുന്നായിരുന്നു, ' രാത്രിപoനം.
'ശിഷ്യനായ ഗുരു' എന്ന കവിതയിൽ അതിനെ അദ്ദേഹം രേഖപ്പെടുത്തിയത് പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്:
'... ഇരുളു വന്ന് മിഴികൾ മൂടുമ്പോഴ-
ത്തിരികളിലൊന്നെടുത്തു കത്തിച്ചുടൻ
അതു പരത്തും തുടുത്ത വെളിച്ചത്തിൽ
തലകുനിച്ച് മുനിഞ്ഞിരുന്നങ്ങനെ, അവനെല്ലതും പഠിക്കും പകുതിരാ -
വവനെ വീഴ്ത്തായിക്കുംവരേക്കുമേ.'

സംസ്കൃതത്തിലും വേദ പഠനത്തിലും അവഗാഹം നേടി, തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദവും സമ്പാദിച്ച അദ്ദേഹം, സ്കൂളിലും പാരലൽ കോളേജുകളിലും അദ്ധ്യാപകനായി. പലക്കാട്ടെ മൂസത് ബ്രദേഴ്സ് ട്യൂട്ടോറിയലിൻ്റെ ഒരു ശാഖ കോഴിക്കോട് തുടങ്ങിയപ്പോൾ കക്കാട് അവിടെയും ക്ലാസ്സെടുക്കാൻ പോയി. അവിടെ പഠിപ്പിക്കാനായാണ് എം.ടി.വാസുദേവൻ നായർ കോഴിക്കോട് താമസത്തിനെത്തുന്നത്. പ്രമീളയും അന്ന് അവിടെ അദ്ധ്യാപികയായിരുന്നു.

വിദ്യാർത്ഥിയായിരിക്കുമ്പോഴേ യോഗക്ഷേമസഭയിലും, സാമൂഹിക നവീകരണ പ്രസ്ഥാനങ്ങളിലുമാകൃഷ്ടനായി, 'ഉണ്ണി നമ്പൂതിരി ' മാസികയിൽ ലേഖനങ്ങളും കവിതകളുമെഴുതി.കോളെജ് പഠന കാലത്ത് കൊളാടി ഗോവിന്ദൻകുട്ടി, ബി.വെല്ലിങ്ടൻ, എം.ജി.എസ്.നാരായണൻ, ടി.കെ.സി വടുതല, ടി.വേണുഗോപാൽ തുടങ്ങിയവരുമായി അടുത്ത സൗഹൃദം പുലർത്തി. എൻ വി കൃഷ്ണവാര്യർ, എൻ.ഡി കൃഷ്ണണനുണ്ണി തുടങ്ങിയ പ്രഗത്ഭരായിരുന്നു അധ്യാപകർ.ഖദർ ധാരിയായ, ഗാന്ധിയനായ,അദ്ദേഹം പ0നം കഴിഞ്ഞപ്പോഴേക്കും തനി കമ്യൂണിസ്റ്റ് അനുഭാവിയായി മാറി.1954-ൽ 'കക്കാട്ടി ല്ലത്തെ നമ്പൂരി' മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് കമ്മ്യൂണിസ്റ്റ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച്,തോറ്റു.

 റേഡിയോപ്രക്ഷേപകനായി, കോഴിക്കോട് ആകാശവാണിയുടെ സുവർണ്ണകാലത്ത് അവിടെ, മഹാരഥൻമാരായ ഉറൂബ്, അക്കിത്തം,തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ, കെ.രാഘവൻ, ബി.എ.ചിദംബരനാഥ് തുടങ്ങിയർക്കൊപ്പം ജോലി ചെയ്തു, കക്കാട് .അതിന് വഴിയൊരുക്കിയത് പി.വി.കൃഷ്ണമൂർത്തിയെന്ന ദീർഘദർശിയായ അന്നത്തെ സ്റ്റേഷൻ ഡയറക്ടറായിരുന്നു.പ്രതിഭാധനരായ എഴുത്തുകാരേയും കലാകാരരേയും കണ്ടെത്തി,ആകാശവാണിയിൽ ജോലി നൽകി,നിലയത്തെ പ്രതിഭകളുടെ കേന്ദ്രമാക്കിത്തീർത്തത് അദ്ദേഹമായിരുന്നു.
 മൂന്ന് മാസം കൂടുന്തോറും പുതുക്കുന്ന കോൺട്രാക്റ്റിൽ, സ്റ്റാഫ് ആർട്ടിസ്റ്റ് തസ്തികയിൽ അദ്ദേഹം ആകാശവാണിയിൽ സ്ക്രിപ്റ്റ് റൈറ്ററായി ഔദ്യാഗിക ജീവിതം ആരംഭിച്ചു.120 രൂപയായിരുന്നു, പ്രതിമാസ വേതനം. പില്ക്കാലത്ത് സ്റ്റാഫ് ആർട്ടിസ്റ്റുകളെ സ്ഥിരപ്പെടുത്തിയപ്പോൾ, കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ, അന്ന് തുടക്കത്തിൽ, ഒപ്പമുണ്ടായവരിൽ അദ്ദേഹത്തിന് മാത്രമേ യോഗമുണ്ടായുള്ളൂ. (ഉറൂബും തിക്കോടിയനും കെ.രാഘവനമൊക്കെ ആ തീരുമാനം വരും മുൻപ് വിരമിച്ചു).

ഒരൊറ്റ കുടു:ബം പോലെയായിരുന്നു, ഓഫീസിൽ എല്ലാവരും. ആകാശവാണിക്കാലം, ഊഷ്മളമായ സൗഹൃദങ്ങളുടേയും ഹൃദയബന്ധങ്ങളുടേയും കാലമായിരുന്നു. എഴുത്തുകാർക്കും സാംസ്ക്കാരിക പ്രവർത്തകർക്കുമിടയിൽ ഇത്രയ്ക്കും ഇഴയടുപ്പമുള്ള ബന്ധമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാനാകാത്ത വിധം നമ്മൾ എത്രയോ മാറിപ്പോയി!

എന്നിട്ടും, ചൈനീസ് ആക്രമണകാലത്ത്, കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നതു കൊണ്ടാകാം, ചാരനെന്ന് മുദ്രകുത്തപ്പെട്ട്, മാറ്റിനിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു, അദ്ദേഹത്തെ .

സംസ്കൃതത്തിൻ്റെ അതിപ്രസരത്താലും ദുർഗ്രാഹ്യബിംബങ്ങളാലും കക്കാടിൻ്റെ കവിതകൾ ഏറെയൊന്നും വായിക്കപ്പെട്ടിരുന്നില്ല. 1956 ൽ പ്രസിദ്ധീകരിച്ച 'ശലഭഗീതം' അദ്ദേഹത്തിൻ്റെ ആദ്യ കവിതാ സമാഹാരമായിരുന്നു. 1962-ൽ പ്രസിദ്ധീകരിക്കപ്പെട്ട 'പാതാളത്തിൻ്റെ മുഴക്കം' എന്ന കവിതയോടെ അദ്ദേഹം കവിതയിൽ വലിയ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു.
പക്ഷേ, അദ്ദേഹത്തെ മലയാളികൾ ഹൃദയത്തിലേറ്റിയത് 'സഫലമീ യാത്ര' എന്ന ഒറ്റ കവിതയിലൂടെയാണ്. ജീവിതത്തിൻ്റെ ദശാസന്ധികളിൽ പ്രണയം എങ്ങനെ കൈത്താങ്ങാകുന്നുവെന്ന്, അതിജീവനത്തിൻ്റെ മന്ത്രമാകുന്നെന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നു, ഈ കവിത. രോഗക്കിടക്കയിൽ, മരണത്തെ മുഖാമുഖം ദർശിച്ച കവി,ആതിരയെ വരവേല്ക്കുമ്പോൾ തൻ്റെ ജീവിതത്താരകളിലെക്ക് തിരിഞ്ഞു നോക്കി നടത്തുന്ന ആത്മാവലോകനമാണ്, ആ കവിത .

ശ്രീദേവി കക്കാട് അതെക്കുറിച്ച് ഇങ്ങനെ ഹൃദയസ്പർശിയായി രേഖപ്പെടുത്തിയിരിക്കുന്നു: 'യാദൃച്ഛികം തന്നെയാവാം, വിഷുവും ഓണവും തിരുവാതിരയുമെല്ലാം ഒരുമിച്ച് കൈകൾ കോർത്ത് ആഘോഷിച്ചശേഷം ഒരു ധനുമാസരാവിൽത്തന്നെയായിരുന്നു, ' ഒരു തുള്ളി വെൺമയായ്‌' ആ പ്രാണൻ അലിഞ്ഞില്ലാതായത്. മുപ്പത്തിരണ്ടു വർഷം കവിയുടെ  കൂടെ നടന്നു. അന്യോന്യം ഊന്ന് വടികളായി ജീവിതത്തിൻ്റെ സന്തോഷവും സന്താപവുമെല്ലാം ഒന്നിച്ച നുഭവിക്കുകയും ചെയ്തു.' 

'സഫലമീ യാത്ര'യെക്കുറിച്ച് മിക്കവർക്കുമുള്ള ധാരണ, അർബുദ രോഗം പിടിപെട്ട് മരണാസന്നനായി കിടക്കുമ്പോൾ കക്കാട് എഴുതിയതാണെന്നാണ്. അതു ശരിയല്ലെന്ന് ശ്രീദേവി കക്കാട് ഈ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം വരും മുൻപ് ,1981 ഡിസംബറിൽ, ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടതാണ് ഈ കവിത.അടുത്ത വർഷം 'മാതൃഭൂമി' ഓണപ്പതിപ്പിൽ ഇത് അച്ചടിച്ചു വന്നപ്പോഴേക്കും അദ്ദേഹം റീജ്യണൽ കാൻസർ സെൻ്ററിൽ റേഡിയെഷൻ ചികിത്സയിലായിരുന്നു.

 താരതമ്യേന വലിയ ഒരു ഗ്രന്ഥമാണെങ്കിലും 'ആർദ്രമീ ധനുമാസരാവിൽ', എൻ.എൻ. കക്കാടിൻ്റെ ജീവിതത്തെയും ചുറ്റുപാടുകളെയും സമഗ്രമായി അടയാളപ്പെടുത്തുന്നില്ല. ഉപരിതലസ്പർശിയായ വിവരണങ്ങളാണ് അധികവും. സംഭവബഹുലമായ അദ്ദേഹത്തിൻ്റെ ആകാശവാണിക്കാലത്തെ അനുഭവങ്ങളും,കാവ്യജീവിതവും ഇനിയും വിശദമായി എഴുതപ്പെടാനുണ്ട്. അക്കാലത്തെ അപൂർവ്വ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ ഇതൊരു ചരിത്രരേഖ കൂടിയാകും.
പല ചെറിയ ഖണ്ഡികകളും അദ്ധ്യായങ്ങളായി ചേർത്തിരിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.പലപ്പോഴും പേരുകളുടെ വിരസമായ പട്ടിക മാത്രമായി മാറുന്നുണ്ട് അവ.ഓർമ്മക്കുറിപ്പുകൾ എപ്പോഴും അനുഭവസമ്പന്നമാകണം. ഇവിടെ വിവരശേഖരണത്തിൻ്റെ(collection of data )തലത്തിലുള്ളതാണ് ചില അദ്ധ്യായങ്ങൾ.

# എൻ.എൻ. കക്കാട്
# ശ്രീദേവി കക്കാട്
# ശലഭ ഗീതം
# സഫലമീ യാത്ര
# കോഴിക്കോട് ആകാശവാണി
# പി.വി.കൃഷ്ണമൂർത്തി
# എം.ടി.വാസുദേവൻ നായർ
# ഉണ്ണി നമ്പൂതിരി

Thursday 12 March 2020

അവർ സ്വയം 'നയിച്ചിറ്റ്'ചരിത്രമായ കഥ



കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
(നോവൽ)
ആർ.രാജശ്രീ
പേജ് 272, വില 300 രൂപ
മാതൃഭൂമി ബുക്സ് 

ഫേസ്ബുക്കിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ നോവൽ, 2019 ഒക്ടാബറിൽ പുസ്തകമാക്കി മൂന്ന് മാസത്തിനകം ആറു പതിപ്പുകളിറക്കി റെക്കാർഡ് സൃഷ്ടിച്ച രചനയാണ്.അതിനു കാരണം, മലയാള നോവൽസാഹിത്യത്തിലെ നമ്മൾ സഞ്ചരിച്ച വഴികളിലെല്ലാം ബുൾഡോസറിറക്കി, രാജശ്രീയുടെ കൃതി 'കീഞ്ഞ് പാഞ്ഞ് ' പോകുന്നതാണ്. 

കഥാപരിസരം അരനൂറ്റാണ്ടിനു മുൻപുള്ള കേരളമാണെങ്കിലും, കല്ല്യാണിയും ദാക്ഷായണിയും മാത്രമല്ല,കഥാപാത്രമായി വരുന്ന ആഖ്യാതാവും 'തുള്ളിച്ചി'കളാണ്. അവർ തങ്ങളുടെ 'പുരുവൻമാരു'ടെ പരിവൃത്തത്തിൽ നിന്ന് പുറത്തു വന്ന്, സ്വന്തം കാലിൽ നിവർന്ന്നിന്ന്, സ്ത്രീയുടെ കർതൃത്വം ഉയർത്തിപ്പിടിക്കുന്നവരാന്ന്. ഈ നാട്ടുപെണ്ണുങ്ങൾ ചെത്തിമിനുക്കാത്ത ഭാഷയിൽ സംസാരിക്കുകയും, മനസാക്ഷിക്ക് നിരക്കുന്ന പോലെ ജീവിക്കുകയും,ചിലർ ലൈംഗികത പോലും ഉത്സവമാക്കുകയും ചെയ്ത്, ആണധികാരത്തെ ഉല്ലംഘിക്കുന്നുണ്ട്:
സ്ത്രീയുടെ സ്വയംനിർണ്ണയാവകാശത്തെക്കുറിച്ചുള്ള താത്ത്വിക പ്രതിസന്ധികളൊന്നും ബാധിക്കാതെ തന്നെ.

ഉത്തര മലബാറിലെ 1950തുകളിലെ, പാർശ്വവല്കൃത സാമൂഹിക ജീവിതത്തിൻ്റെ ബഹുതല സ്പർശിയായ സ്ത്രീവായനയാണിത്. തെക്കൻ കേരളത്തിലെ സ്ത്രീ ജീവിതത്തിലൂടെയും നോവൽ സഞ്ചരിക്കുന്നുണ്ട്.അവരുടെ ആന്തരിക ജീവിതത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ,അവരുടെ സ്വത്വപ്രകാശനത്തിൻ്റെ ചൈതന്യം മുഴുവൻ നിറച്ച നാട്ടുഭാഷയാണ് ഈ നോവലിൽ സമൃദ്ധമായി  ഉപയോഗിച്ചിരിക്കുന്നത്.

'മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ, പാവാട പൊക്കി തുടയിൽ നുള്ളിയ മാഷെ, 'നീയ് പുയ്ത്ത് പോവ്വടാ നായീൻ്റെ മോനേ' എന്ന് അനുഗ്രഹിച്ച്,ക്ലാസിൽ നിന്ന് ഇറങ്ങിയതാണ് ദാക്ഷായണി. ഒരു മോറൽ സപ്പോർട്ടിന് കല്യാണിയേച്ചിയും കൂടെയിറങ്ങി'.
പ്രസവരക്ഷയും, പ്ലൈവുഡ് കമ്പനിപ്പണിയുയാക്കെയായി കഴിഞ്ഞ ദാക്ഷായണിക്ക് 'പുരുവനാ'യി കിട്ടിയത്, മദിരാശിയിൽ ആണി ബിസിനസ് ചെയ്യുന്ന ഒരു കൊല്ലംകാരനെ. കല്യാണിക്ക് പുരുവ നായിവന്നത് മരം കച്ചവടക്കാരൻ കോപ്പുകാരൻ നാരായണൻ .ചെറുപ്പം മുതൽ വിയർപ്പ് പൊടിഞ്ഞ് 'നയിച്ചിറ്റ്',സ്വന്തം കാലിൽ നില്ക്കാൻ ശീലിച്ച രണ്ടാൾക്കും ദാമ്പത്യം കയ്പേറിയതായി.തുറസ്സുകളിൽ ജീവിച്ച അവർക്ക്,മനസ്സിൻ്റേയും ശരീരത്തിൻ്റേയും കാമനകളെ ഒളിച്ചു വക്കാനായില്ല. അത്രക്കും പച്ചയായ മനഷ്യരാണ് ഈ സ്ത്രീകൾ .തൻ്റെ ശരീരത്തിന് 'പൈശയെല്ലാം നന്നഞ്ഞപോലൊരു മണ'മുണ്ടാകുമെന്ന് പറഞ്ഞ കോപ്പുകാരനെ കട്ടിലിൽ നിന്ന് തൊഴിച്ചെറിഞ്ഞ്, മുട്ടനൊരു തെറി വാക്ക് പറഞ്ഞ് കല്യാണി ദാമ്പത്യം അവസാനിപ്പിച്ചതിങ്ങനെ: ' കൊണ്ടു ച്ചാടിയാടട്ടെ, നനഞ്ഞ ബെളക്ക്ത്തിരി പൊലത്തെ സാതനം, കുരിപ്പ്!' 

അവൾ ഭർത്താവിൻ്റെ അനിയൻ ലക്ഷ്മണനെ സ്നേഹിക്കുകയും അയാളിൽ പടർന്നുകയറുകയും, അതിലുണ്ടായ മകനോട് ,പിന്നീട്, അവൻ്റെ അച്ഛൻ കോപ്പുകാരൻ നാരായണല്ലെന്ന് അലറി വിളിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.

ചിരിക്കാനറിയുന്ന,സ്ത്രീകളെ മാനിക്കാനറിയുന്ന, പുരുഷൻമാരുണ്ടെന്നും, സ്ത്രീകൾക്ക് വിഷമം കാണുമ്പോൾ അവർ മിണ്ടാതെ അടുത്തുവന്നിരിക്കുമെന്നും അത്തരക്കാരെ തനിക്കിഷ്ടമാണെന്നും കല്യാണിയുമായി നടത്തുന്ന സംഭാഷണത്തിൽ ആഖ്യാതാവ് വ്യക്തമാക്കുനന്നുണ്ട്,ആദ്യ അദ്ധ്യായത്തിൽ.അതിന് കല്യാണി പറയുന്ന മറുപടി അവരുടെ സ്വത്വപ്രഖ്യാപനമാണ്: " ഉയ് ശെൻ്റപ്പാ,അയിറ്റാലൊന്നിന അട്ത്ത ജമ്മത്തിലെങ്കം അനക്ക് കിട്ടീനെങ്കില്. പണീം അറീല്ല, പണിക്കോലൂല്ലെങ്കിലും ഞാൻ സയിച്ചിനേനും'.

മാസത്തിലെ ആദ്യ ശനിയാഴ്ച 'ഒറങ്ങാനായിറ്റ്' വന്ന്,തിരികെ പോകുമ്പോൾ,
താൻ 'നയിച്ചിറ്റ്' ഉണ്ടാക്കുന്ന കാശ്, എണ്ണി വാങ്ങിക്കുന്നത് ശീലമാക്കിയ പുരുവനെ ദാക്ഷായണി പുറത്താക്കുന്നതിങ്ങനെ, മുടി അഴിച്ചിട്ട് അലറിയാണ് :'ഇവൻ്റെ പണിക്കാ ഞാൻ പൈശ അങ്ങോട്ട് കൊടുക്കണ്ട്? എന്നാ അയിന് കൊള്ളുന്ന ആരിക്കെങ്കം കൊടുത്തുടെ അനക്കത്? കുരിപ്പ്'.

പൊതുവേ ദുർഗ്രഹമായ കണ്ണൂരിലെ ഉൾനാടൻ ഗ്രാമങ്ങളിലെ നാട്ടുഭാഷ, അതിൻ്റെ സർവ്വശക്തിയും സൗന്ദര്യവുമാവാഹിച്ച്,കല്യാണിയുടേയും ദാക്ഷായണിയുടേയും മാത്രമല്ല, ചേയിക്കുട്ടി എന്ന കല്യാണിയുടെ അമ്മായി അമ്മയുടേയും അവരുമായി ബന്ധപ്പെട്ടവരുടേയും ജീവിതങ്ങളെ സൂക്ഷ്മതലത്തിൽ സമഗ്രതയോടെ രേഖപ്പെടുത്തുന്നുണ്ട്. ദേശത്തിൻ്റേയും കാലത്തിൻ്റേയും വൈവിദ്ധ്യപൂർണ്ണമായ മുദ്രകളാൽ സമ്പന്നമാണവ.
തക്കിച്ചി, പയിപ്പ്, തുന്ത, ഒരം, കളത്ത്, ബാച്ചം, ബായി, ബേള, മാച്ചി, പയിപ്പ് തുടങ്ങിയ ധാരാളം പ്രാദേശിക പദങ്ങളും, മണിങ്ങീറ്റ് ചെയ്യണ്, കെരണ്ട് കീഞ്ഞ്, പയ് കാളുമ്പോലെ,തിറം വച്ച് തുടങ്ങിയ പ്രയോഗങ്ങളും നിറഞ്ഞ നോവലിൽ, അക്കാലത്തെ ജീവിതരീതികൾ ,ആചാരാനുഷ്ഠാനങ്ങൾ, ഭക്ഷണക്രമങ്ങൾ, സാമൂഹിക-രാഷ്ട്രീയ സംഭവങ്ങൾ എല്ലാം ജൈവികമായി കടന്നു വരുന്നുണ്ട്. 

പുരാവൃത്തങ്ങളിൽ നിന്ന് അരൂപികളും, യക്ഷികളും, ഗുണികനും, ചോനമ്മ കോട്ടമ്മയും കൂലോത്തമ്മയും കുന്നേൽ തന്ത്രിയും മാത്രമല്ല,കടിഞ്ഞൂൽ പുത്രനെ പെറ്റിട്ടശേഷം,വേതവെള്ളം തിളച്ചു കൊണ്ടിരിക്കെ, കശുമാവിൻ തോട്ടത്തിലെ 'പൊട്ടക്കെരണ്ടി'ൽ ചാടിച്ചത്ത, ചേയിക്കുട്ടിയുടെ 'ബല്ല്യേച്ചി'യുമുണ്ട്.            ' ചേയിയാ... കുഞ്ഞിക്ക് മുത്താറികൊടുത്തിനാ?അൻെറ മോനോട് ത്തെന്നേ?', എന്നൊക്കെ ചോദിച്ച് എത്തുന്ന 'ബല്ല്യേച്ചി'യുമായി അവർ മിക്കപ്പോഴും ദീർഘസംഭാഷണങ്ങളിലേർപ്പെടാറുമുണ്ട്.

മലയാളത്തിൽ പൂർവ്വ മാതൃകയില്ലാത്ത ശില്പഘടനയാണ് ഈ നോവലിൻ്റേത്. ആഖ്യാതാവ് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് കഥാപാത്രങ്ങളുമായി സംസാരിക്കുകയും സൂത്രധാരയായി മാറുകയും ചെയ്യുന്നു മുണ്ട്. ചിലപ്പോഴൊക്കെ ദാക്ഷായണിയുടെ പശുക്കളും കഥയിൽ ഇടപെടുകയും നിരീക്ഷണങ്ങൾ നടത്തുകയും, സംഭവവികാസങ്ങൾ അവലോകനം നടത്തുകയും ചെയ്യുന്നു.

 പൊരുത്തപ്പെടാനാകാത്ത ഭർത്താവുമായി പിരിയാൻ നിശ്ചയിച്ച,ഒരു കുട്ടിയുടെ അമ്മയായ,ഗർഭിണിയായ ആഖ്യാതാവ് 'കണ്ണും മീടും ബീങ്ങി',കല്യാണിയുമായി നടത്തുന്ന സംഭാഷണത്തോടെയാണ് നോവൽ തുടങ്ങുന്നത്. തുടർന്ന്, മനശാസ്ത്രജ്ഞൻ ആവശ്യപ്പെട്ടതനുസരിച്ച് അവർ പറയുന്നതാണ്, കല്ല്യാണിയുടേയും ദാക്ഷായണിയുടേയും അവരുമായി ബന്ധപ്പെട്ട ധാരാളം പച്ചമനുഷ്യരുടെയും 'കത'.

കഥാപാത്രമായ ആഖ്യാതാവിന് 'പതം പെറുക്കലുകൾ' നിശ്ചയമില്ലത്രെ.ഇടയ്ക്കിടെ കണ്ണൂരിൻ്റേയും, ദാക്ഷായണിയുടെ പുരുവനായ ആണിക്കാരൻ്റെ നാടായ ശൂരനാട്-മാവേലിക്കര ഭാഗങ്ങളിലെ ഓണാട്ടുകരയുടേയും ഭാഷയും പ്രാദേശിക ശൈലികളും ഉപയോഗിക്കുമെങ്കിലും, ഇപ്പോഴത്തെ മാനകഭാഷ അസാധാരണമായ ഉപഹാസത്തോടെ സമൃദ്ധമായി നിറച്ചിട്ടുണ്ട് ,ഈ രചനയുടെ ആഖ്യാനത്തിലുടനീളം. നോക്കുക: 'ഭാര്യ എന്തെങ്കിലും പറയുന്നതിന് ഭർത്താവ് ശിക്ഷയേല്ക്കേണ്ടി വരുന്നതിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ് ഇല്ലായ്മയെക്കുറിച്ച് തൊഴുത്തിൽ നിന്ന പശുക്കൾ കുശുകുശുത്തു'.
' അത്യാവശ്യ സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് അവരുടെ മനസ്സ് ശരീരത്തിനും കിടക്കയ്ക്കമപ്പുറത്തേക്ക് ഊരിയിടാൻ പറ്റും. പുലരുമ്പോൾ തിരിച്ചെടുത്തിട്ടാൽ മതി'.

ജനിച്ചു വളർന്ന നാട്ടിൽ നിന്ന്, വിവാഹത്തോടെ പിഴുതെറിയപ്പെടുന്ന പെണ്ണിൻ്റെ അസ്തിത്വ പ്രതിസന്ധിയും ഈ നോവൽ പ്രശ്നവല്ക്കരിക്കുന്നുണ്ട്. സ്ത്രീയുടെ നാട് ,പുരുവൻമാരുടേതാ കണമെന്ന നാട്ടുനടപ്പിനേയും ഈ സ്ത്രീകൾ പൊളിച്ചെഴുതുന്നുണ്ട്. സ്വന്തം ജീവിതത്തിൻ്റെ താക്കോൽ സ്വന്തം കൈയിൽ തന്നെ സൂക്ഷിക്കാൻ അവർക്ക് ആത്മബലം നൽകിയത്, അവർ 'നയിച്ചിറ്റു'ണ്ടാക്കിയ അനുഭവങ്ങളാണ്.

 തെക്കൻ കേരളത്തിലേക്ക് കുറച്ചു കാലം പറിച്ചുനടപ്പെട്ടിട്ടും, തന്നെ പിടിക്കാൻ വന്ന ഭർത്താവിൻ്റെ അച്ഛൻ്റെ മർമ്മത്തിന് നേരെ ചൂണ്ടി,'നിൻ്റെ കുണ്ണ ഞാങ്കരിക്കും നായീൻ്റെ മോനേ'' എന്ന് ഒന്നാന്തരം തെക്കൻ ഭാഷയിൽ അലറാൻ ഭാക്ഷായണിയെ പ്രാപ്തയാക്കിയതും ഇതാണ്. 

ഭൂമിശാസ്ത്രപരം മാത്രമായിരുന്നില്ല, കേരളത്തിലെ അക്കാലത്തെ തെക്ക്- വടക്ക് വിഭജനം. സാംസ്കാരിക വൈജാത്യത്തിൻ്റെ കൂടി ആഖ്യാനമാണ് ദാക്ഷായണി പറയുന്ന കുഞ്ഞിപ്പെണ്ണെന്ന തെക്കത്തിപ്പെണ്ണിൻ്റെ കഥ. പാവപ്പെട്ട വീട്ടിൽ പിറന്ന അവളെ കല്യാണം കഴിച്ചയച്ചത് ഒരു പട്ടാളക്കാരൻ്റെ വീട്ടിലേക്ക് .1949- ലെ ശൂരനാട് കലാപത്തെ തുടർന്ന്,പോലീസിൻ്റെ പിടിയിലായി, ഭീകര മർദനമേറ്റുവാങ്ങിയ ചിത്രസേനനെന്ന ജ്യേഷ്ഠനെക്കൂടി അവളുടെ ഭർത്താവാക്കാൻ മുൻകൈയെടുത്തത് അവരുടെ അമ്മയായിരുന്നു.അവർ വിസ്തരിച്ച് മകനെഴുതുന്നുണ്ട്: '... അതു കൊണ്ട് കുഞ്ഞിപ്പെണ്ണിനെ നിൻ്റെ ചേട്ടനൂടെ അന്നഴിക്കുന്ന കാര്യം ആലോചിച്ച് സമ്മതമാണെങ്കിൽ ഒടനെ മറുപടി അയയ്ക്കണം'.

-അങ്ങനെ ചേട്ടനും അനിയനും കൂടി അവളെ 'അന്നഴിക്കാൻ ' തുടങ്ങിയ കഥയിൽ മുഴുവൻ ഓണാട്ടുകര ഭാഷയാണ്.ഈ ഭാഷാവൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ് രാജശ്രീയുടെ വിസ്മയകരമായ ഈ നോവൽ .

സമൂഹത്തിൻ്റെ അടിത്തട്ടിലുള്ള സ്ത്രീയുടെ ജീവിതത്തെ അതിൻ്റെ സമഗ്രതയിൽ, ഇത്ര ചാരുതയോടെ തുറന്നെഴുതിയ മറ്റൊരു നോവലും നമുക്കില്ല. അതു കൊണ്ടു തന്നെ                 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' അനന്യമായ രചനയാണ്. പെൺമയുടെ നിറ ലാവണ്യമുണ്ടിതിൽ .

 ശ്രീനാരായണ ഗുരുവിൻ്റെ സമാധിയെക്കുറിച്ചുള്ള നീചമായ ഒരു അപവാദം ഈ നോവലിലുണ്ട്‌. പ്രമേയവുമായി ഒരു ബന്ധവുമില്ലാത്ത ഈ ഭാഗം തീർച്ചയായും ഒഴിവാക്കേണ്ടതാണ് .

#കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത.
#നോവൽ
# ആർ.രാജശ്രീ
# ഉത്തര മലബാർ
# നാട്ടുഭാഷ
# കണ്ണൂർ ഭാഷ
# ഓണാട്ടുകര ഭാഷ
# ശൂരനാട് കലാപം

Saturday 7 March 2020

കീഴാളസ്വത്വബോധം വിമോചനോർജ്ജമാകുന്നത് ...



കരിക്കോട്ടക്കരി
(നോവൽ): വിനോയ് തോമസ്
പേജ് 128, വില 130 രൂപ
ഡി.സി.ബുക്സ്

2014-ലെ ഡി.സി. കിഴക്കെമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കൃതിയായ ഇതിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.വിനോയ് തോമസിൻ്റ ആദ്യ നോവലാണ്.

കരിക്കോട്ടക്കരി ഉത്തര മലബാറിൽ ഇരിട്ടിക്കടുത്ത ഒരു കുടിയേറ്റ ഗ്രാമമാണ്: തിരുവിതാംകൂറിൽ നിന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയ അധ:സ്ഥിതരായ നവക്രൈസ്തവരുടെ, പുലയരുടെ കാനൻ ദേശം.

 അവിടുത്തെ അധികാരത്തിൽ കുടുംബത്തിൻ്റെ ആദിപിതാമഹൻ ഒരു പേർഷ്യക്കാരനായിരുന്നുവത്രെ. അദ്ദേഹത്തിന് ഒരു നമ്പൂതിരി യുവ തിയിലുണ്ടായ മക്കളിൽ നിന്നാരംഭിക്കുന്നു, ഈ അഭിജാത കുടുംബ ചരിത്രം...നല്ല നിറവും ഉയരമുമുള്ളവർ. വംശശുദ്ധി കാത്തു സൂക്ഷിച്ച ഈ കുടുംബത്തിൽ,ഫീലിപ്പോസിൻ്റേയും റോസയുമ്മയുടേയും മകനായി പിറന്നു വീണു,ഒരു കറുമ്പൻ കുട്ടി .അവൻ്റെ മാമോദീസ ചടങ്ങിന് കുഞ്ഞേപ്പു വല്ല്യപ്പൻ പള്ളിയിൽ പോയില്ല.അവന് ഇറാനിമോസ് എന്ന് പേരിട്ടു. കുട്ടിയെ കണ്ട ബന്ധുക്കളും നാട്ടുകാരും അവനെ കരിക്കോട്ടക്കരിക്കാരനായി ചാപ്പ കുത്തി.

ഇറാനിമോസിൻ്റെ ജീവിതം സ്വത്വാന്വേഷണമായിരുന്നു. അപ്പനിൽ നിന്നും, സഹോദരനിൽ നിന്നും, കുടുംബ പാരമ്പര്യത്തിലൂറ്റം കൊള്ളുന്ന ബന്ധുക്കളിൽ നിന്നുമൊക്കെ, നിറത്തിൻ്റെ പേരിൽ നിരന്തരം അധിക്ഷേപിക്കപ്പെട്ട അയാൾ തൻ്റെ ജൻമരഹസ്യങ്ങൾ തേടി നടത്തുന്ന തിരച്ചിലിൻ്റെ കഥയാണിത്.പല അടരുകളുണ്ട്,ഈ ജീവിതാഖ്യാനത്തിന്.

 നരകതുല്യമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട കീഴാളരുടെ ജീവിതത്തിൽ ക്രിസ്ത്യൻ മിഷനറിമാർ ചെലുത്തിയ സ്വാധീനത്തിലൂടെ, നടന്ന മലബാറിലേക്കുള്ള കുടിയേറ്റത്തിൻ്റെ രാഷ്ട്രീയ സാമൂഹിക മാനമാണ് ഇതിൽ ഏറ്റവും പ്രധാനം. സ്വന്തം കൃഷിസ്ഥലം, കിടക്കാടം, അപമാനവീകരണത്തിൽ നിന്നുള്ള മോചനം തുടങ്ങിയ ഭൗതിക നേട്ടങ്ങൾക്കായി, മതം മാറുമ്പോഴും തലമുറമായി രക്തത്തിലലിഞ്ഞു ചേർന്ന ചില സാംസ്കാരിക മുദ്രകൾ കൂടെ കൊണ്ടു പോകുന്നവരുടെ പ്രതിസന്ധികൾ ഒരു വശത്ത്. അവരുടെ കറുപ്പ് നിറം എന്ന അശുദ്ധി എവിടെയും പിന്തുടരുന്നതിൻ്റെ സ്വത്വ പ്രതിസന്ധി മറുവശത്ത്.

നാടൻ ചാരായം വാറ്റുന്ന മങ്കുറുണിയോ നാച്ചനാണ് തൻ്റെ ജാരപിതാവെന്ന്  ഇറാനി മോസ് വിശ്വസിച്ചു.അപ്പൻ വിലക്കിയിട്ടും, കരിക്കോട്ടക്കരിക്കാരനായ പുലയ ക്രിസ്ത്യാനിയായ സഹപാഠി സെബാസ്റ്റ്യനെ ഉറ്റ സുഹൃത്താക്കി. അവൻ്റെ വീട്ടിൽ നിന്ന് ഏറെ രുചിയോടെ വാട്ടുകപ്പയും പോത്തിൻ്റെ പോട്ടിയും കഴിച്ചു...

ക്രിസ്ത്യാനിയായിട്ടും, ജാതിസ്വത്വം സെബാസ്റ്റ്യനെയും പിന്തുടരുന്നുണ്ട്.
 കുടിയേറ്റ മലയോര ജീവിതത്തിൻ്റെ എല്ലാ അംശങ്ങളിലേക്കും ഇറങ്ങി ചെല്ലുന്ന പച്ചയായ, ധീരമായ ആഖ്യാനങ്ങളാണ് ഈ നോവലിൻ്റെ മറ്റൊരു തലം.സെബാസ്റ്റ്യനുമായി അയാൾക്കുള്ളത് മാനസിക അടുപ്പം മാത്രമല്ല: അവർ സ്വവർഗ്ഗ രതി ലീലകളിലുമഭയം കണ്ടെത്തുന്നുണ്ട്. സ്വന്തം സഹോദരനായ സണ്ണി ച്ചേട്ടായിയാണ് അവനെ 'എ' പടങ്ങളും, സിനിമാ നടിയുടെ കുളിസീനും കാണാൻ കൊണ്ടു പോകുന്നത്.

കുടിയേറ്റ ജീവിതത്തിൻ്റെ വന്യതകളിലേക്ക് ആഴത്തിൽ സഞ്ചരിക്കുന്ന ആഖ്യാനങ്ങളാൽ സമ്പന്നമാണ് ഈ നോവൽ .ഇറാനിയോസിൻ്റെ അപ്പൻ കുട കു വനത്തിൽ പന്നിവേട്ടക്ക് പോകുന്നതിൻ്റേയും, കരിക്കോട്ടക്കരിയിലെ വടംവലി മത്സരത്തിൻ്റേയും,കപ്പവാട്ട് കല്ലാണത്തിൻ്റെയും,ജോണിപ്പാപ്പൻ്റെ മീൻ വേട്ടയുടെയും വിവരണങ്ങൾ വായനയെ മറക്കാത്ത അനുഭവങ്ങളാക്കാൻ ത്രാണിയുള്ളവയാണ്.

അഗമ്യഗമനങ്ങൾ അനവധി.അവസാനം, ദുഃഖവെള്ളിയാഴ്ച രാത്രി, സ്വന്തം സഹോദരി എമിലി ചേച്ചിയുമായുള്ള രതി ലീല കയ്യോടെ പിടിച്ച വല്യപ്പച്ചൻ അമ്മയോട് പഞ്ഞതിങ്ങനെ: ''അവൻ്റെ മുന്നീന്ന് മാറി നില്ക്ക് .ഈ കരിമ്പൊലയനു് അമ്മേം പെങ്ങളുമില്ല".

_ അയാൾ എത്തിയത് കരിക്കോട്ടക്കരിയുടെ മോശയായ നിക്കോളാസച്ചൻ്റെ അടുത്തേക്ക്. ആഢ്യരുടെ സല്ക്കാരങ്ങൾ നിരസിച്ച്, ആലപ്പഴയിലെ പുലയരുടെ ചാളകളിൽ വിരുന്നുപോയ ഈ വിദേശ പാതിരിയാണ് തെരുവപ്പുല്ലുകൾ നിറഞ്ഞ കാലാങ്കി മലയിലെ കരിക്കോട്ടക്കരിയിലേക്ക് ഇവരെ മാമോദീസ മുക്കി കൊണ്ടുവന്നത് .

സ്വന്തം ഭൂമിയിൽ വിയർപ്പൊഴുക്കി നൂറു മേനി വിളയിച്ച് ,ആഹ്ലാദത്തോടെ അവിടെ കഴിഞ്ഞവർക്ക് നിക്കോളാച്ചൻ വിമോചകനായിരുന്നു.നിസ്വരെ സ്നേഹിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച ഈ ഇടയൻ അവിസ്മരണീയ കഥാപാത്രമാണ്.

 അയാൾ അച്ചൻ്റെ സഹായിയായി ഒപ്പം ചേർന്നു.പക്ഷേ, അപ്പോഴും അയാൾ അസ്വസ്ഥനായിരുന്നു.
ക്രിസ്ത്യാനിയാകാതെ നിന്ന ചാഞ്ചൻ വല്യച്ചൻ എന്ന ജീവസ്സുറ്റ മറ്റൊരു കഥാപാത്രമുണ്ട്, കരിക്കോട്ടക്കരിയിൽ. സെമിത്തേരിയിൽ അടക്കം ചെയ്യപ്പെട്ട തൻ്റെ കാരണവൻമാർക്കും മക്കൾക്കും കരിങ്കോഴിയുടെ തലയറുത്ത്, കുരുതി ചെയ്യുന്നുണ്ട്,അയാൾ.

ഒരിക്കൽ നാട് ഭരിച്ച ചേരമരുടെ പിൻഗാമികളാണന്ന് നട്ടെല്ല് നിവർത്തി, പ്രഖ്യാപിക്കുന്നുമുണ്ട് ,അയാൾ.
സന്ധ്യാനാമം ചൊല്ലുന്ന മരുമകളോട് വല്യച്ചൻ അലറുന്നതിൽ അയാളുടെ സർവ്വസ്വത്വബോധവും അടങ്ങിയിരിക്കുന്നു: "ചേരമനെവിടാടീ പൊലയാടിച്ചികളെ, നെലവെളക്ക്? "രാമ രാമ'' ..ആരാ അവൻ? ചേരമരുടെ കാർന്നോമ്മാരുടെ പേര് ആതന്നെന്നും ആയിന്നും ആതീന്നുമൊക്കെയാ. വിളിക്കുന്നെങ്കി, അവരെ വിളിക്കെടീ".

ഇറാനിമോസിൻ്റെ അന്വേഷണങ്ങൾക്കവ സാനം,അഭിമാനത്തോടെ അവൻ തിരിച്ചറിഞ്ഞു;താൻ പുലയനാണ്.തൻ്റെ പൂർവ്വപിതാവ് ആലപ്പുഴയിലെ ചേരക്കുടിയിലെ കരിമ്പൻ പുലയനായിരുന്നു! അംബേദ്കറിസ്റ്റ് പുതു രാഷ്ട്രീയോദയത്തിൻ്റെ സൂചനകളിലാണ് നോവൽ അവസാനിക്കുന്നത്‌.

അങ്ങന,ശക്തമായ രാഷ്ട്രീയ അന്തർധാരയയുള്ള നോവലാണ് 'കരിക്കോട്ടക്കരി'. തിരുവിതാംകൂറിലെയും ഉത്തര മലബാറിലെയും നാട്ടുഭാഷയുടെ സമന്വയം ആഖ്യാനത്തിന് അപൂർവ്വ ചാരുത നൽകുന്നുണ്ട്. വളച്ചുകെട്ടില്ലാത്ത യഥാതഥാഖ്യാനത്തിൻ്റെ അനർഗ്ഗളമായ ഒഴുക്കിനു് പക്ഷേ, അവസാന അദ്ധ്യായങ്ങളിലെ സംഭാഷണങ്ങൾ വിഘാതം സൃഷ്ടിക്കുന്നുണ്ട്. പ്രൊഫഷണൽ നാടകങ്ങളിലെ അതിഭാവുകത്വം നിറഞ്ഞ ഡയലോഗുകൾക്ക് സമാനമാണവ. ആദ്യ നോവൽ എന്ന നിലയിൽ ഇത് നമുക്ക് ക്ഷമിക്കാം.

Thursday 5 March 2020

ഷെമി സ്വജീവിതം കൊണ്ടെഴുതിയ അതിജീവന കഥ



' നടവഴിയിലെ നേരുകൾ' ( നോവൽ)
ഷെമി
 വില 575 രൂപ.
ഡി.സി.ബുക്സ്

ഒരാഴ്ചയായി വായിക്കുകയായിരുന്നു,639 പേജുള്ള ബൃഹത്തായ ഈ നോവൽ.എത്രയോ കാലമായിക്കാണും, ഇത്രയും വലുപ്പമുള്ള ഒരു പുസ്തകം വായിച്ചിട്ട്.

ഹൃദയത്തെ നുറുക്കുന്നതാണിതിലെ ഓരോ പേജും.മലയാള സാഹിത്യത്തിൽ ഇതിനു് സമാനമായൊരു കൃതിയില്ല. ഒരു ജൻമത്തിൻ്റെ ആദ്യപാദങ്ങളിൽ തന്നെ പല ജൻമങ്ങളുടെ ദുരിതഭാണ്ഡങ്ങൾ പേറേണ്ടി വന്ന, ഉത്തര മലബാറിലെ ഒരു മുസ്ലീം പെൺകുട്ടിയുടെ ആത്മകഥയെന്നോ, ആത്മാംശം നിറഞ്ഞ ആഖ്യാനമെന്നോ വിശേഷിപ്പിക്കാവുന്ന രചനയാണ്, ' നടവഴിയിലെ നേരുകൾ'.
24 വർഷത്തെ ജീവിതമാണിതിൽ.

 യാതനകളുടെ ആഴക്കയങ്ങളിൽ അകപ്പെട്ടു പോയ ഈ പെൺകുട്ടിയുടെയും കൂടെപ്പിറപ്പുകളുടെയും ജീവിതം, കഥയെ വെല്ലുന്നതാണ് . പാർശ്വവല്കരിക്കപ്പെട്ട, തിരസ്കൃത ജീവിതങ്ങളുടെ, അതിസൂക്ഷ്മമായ യഥാതഥാഖ്യാനം ആരുടെയും കണ്ണു നനയിക്കും.

 അറയ്ക്കൽ മുസ്ലീം രാജ വംശത്തിൻ്റെ തായ് വഴിയിൽ പിറന്ന ഉപ്പയുടെ ഈ മകളുടെ ബാല്യകൗമാരങ്ങൾ കടുത്ത പട്ടിണിയിലും, അരക്ഷിതാവസ്ഥയിലും ദാരിദ്യത്തിലുമായിരുന്നു.
സ്വന്തമായി വീടോ, വരുമാനമോ ഇല്ലാത്ത,ക്ഷയരോഗിയായ,ഇഴഞ്ഞു  നീങ്ങുന്ന ഉപ്പ. മൂത്ത മകനെ പഠിപ്പിച്ച് ഉന്നതോദ്യോഗസ്ഥനാക്കിയെങ്കിലും കൊല്ലം-കൊല്ലം പ്രസവിക്കുന്ന ഉമ്മാനെയും ഉപ്പാനെയും അയാൾ വെറുത്തു . ' കൊല്ലം, കൊല്ലം പ്രസവിക്കാൻ നിങ്ങള് ഇയാൾക്ക് കൂട്ടുകെടന്നിട്ടില്ലേ' എന്ന്  ഉമ്മയുടെ മുഖത്തു നോക്കി അലറുന്നുണ്ട്, അയാൾ. അവസാനം, ഉപ്പയെയും ഉന്മയേയും അടിച്ചു പുറത്താക്കുകയും ചെയ്യുന്നു: 'ഇയാളേം ഈ പെണ്ണ്ങ്ങളേം ഇനി ജവിടെ കണ്ട് പോകര്ത്.ഇയാളും ഈ സ്ത്രീയും ഒന്നിച്ച്ണ്ടായാൽ പിന്നെം ഇത്പോലെ കൊറേണ്ണത്ത്ന പ്രസവിച്ചുകൂട്ടും'.

ഉമ്മയുടെ ഭാഷയിൽ പറഞ്ഞാൽ, 'കാലിച്ചന്ത തുടങ്ങാൻ മാത്രംള്ള ചെതലക്കാലികൾ നിറഞ്ഞ പുരയിൽ ആധികപ്പറ്റായി പിറന്നവളാണ് ആഖ്യാതാവ്.'ഏഴാണിനെ തുരുതുരാ ന്നങ്ങ് പെറ്റ് കഴിഞ്ഞപ്പം, ഒരു പെങ്കുഞ്ഞിനെ ചമീച്ചൊര്ക്കാനുള്ള പൂതികൊണ്ട്', ദേവാലയങ്ങൾ കേറിയിറങ്ങിയ അവർക്ക് കിട്ടിയത് 'മന്ദക്കനായ ഒന്നിനെ(സൗറ). പിന്നെയും അവർ നേർച്ചേം നെയ്യും നേർന്നപ്പോൾ പളുങ്കു പോലത്തെ രണ്ട് മക്കളെ കൂടി കിട്ടി (ഹാജിറ ,റംല ).'പക്കേങ്കില് ഒരു കാര്യം ല്ലാണ്ട് രണ്ടെണ്ണത്തിനെ ചോയ്ച്ച്റ്റ് ഒര് സൊഖോം നെറോം പോലുംല്ലാത്ത ഈ മൂന്നാമത്തെയ്നെ എന്ത്നാനപ്പാ, അള്ള എന്ക്ക് തന്ന്ത്!'
'വെളുത്തോർക്ക്ടേല് കറുത്തൊരണ്ണം' എന്ന് ചാപ്പ കുത്തി മാറ്റി നിർത്തപ്പെട്ടവൾ.
വാടകവീടുകളിൽ നിന്ന് തെരുവുകളിലേക്കും ഒറ്റമുറികളിലേക്കും കടത്തിണ്ണകളിലേക്കും അനാഥാലയത്തിലേക്കും അടിക്കടി പറിച്ചു നടപ്പെട്ട ജീവിതം. വിശപ്പടക്കാൻ മണ്ണും കരിയും തിന്ന്, പൈപ്പ് വെള്ളവും കുടിച്ച്, തല ചായ്ക്കാനൊരിടം തേടി നടന്ന ബാല്യകൗമാരങ്ങൾ. 
സിനിമാക്കഥകളിലെ ക്രൂരരായ വില്ലൻമാരെപ്പോലും നിഷ്പ്രഭരാക്കുന്ന ,അലസരും, ക്രൂരരും മദ്യത്തിനും മയക്കുമരുന്നിനുമടിമകളുമായ മൂത്ത സഹോദരൻമാർ. സഹോദരിമാരെപ്പോലും മാനഭംഗപ്പെടുത്തുന്നവർ.ഇരന്നും, സക്കാത്ത് വാങ്ങിച്ചുമുണ്ടാക്കിയ അരി, അടുപ്പത്ത് കലത്തോടെ തല്ലി ഉടച്ച് എല്ലാം അൽകുൽത്താക്കുന്നവർ....

എടുത്താൽ പൊങ്ങാത്ത ജീവിത ദുരന്തങ്ങൾ പേറി, ഭാണ്ഡക്കെട്ടുകളുമായി അലഞ്ഞപ്പോഴും, വീടുകളിൽ വേലയ്ക്കു നിന്നപ്പോഴും, കീറി - മുഷിഞ്ഞ വസ്ത്രങ്ങളും, ഒട്ടിയവയുമായി ക്ലാസിൽ പോകണമെന്നും, പഠിച്ച് രക്ഷപ്പെടണമെന്നും ദൃഢനിശ്ചയം ചെയ്ത അവൾ,മിക്ക ക്ലാസിലും ഒന്നാമതെത്തി. ബാപ്പയ്ക്കു പിന്നാലെ ഉമ്മയും മരിച്ചതോടെ ,കോഴിക്കോട്ടെ അനാഥാലയത്തിൽ എത്തപ്പെട്ട അവളുടെയും സഹോദരങ്ങളുടെയും ദുരിതപർവ്വങ്ങൾ അവസാനിക്കുന്നില്ല.
 അവിടുത്തെ ഭീകരമായ ഇരുണ്ട ജീവിതത്തിൽ നിന്ന് രക്ഷപെടാൻ പല പ്രാവശ്യം പുറപ്പെട്ടു പോയെങ്കിലും, അവിടെ തന്നെ മടങ്ങിയെത്താനായിരുന്നു, അവരുടെ യോഗം.

അവളുടെ അതിജീവനത്തിൻ്റെ കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. എന്നും സഹജീവി സ്നേഹവും കാരുണ്യവും ധാർമ്മികതയും പുലർത്തിയ അവൾ,പ്രീ - ഡിഗ്രിയും ജനറൽ നഴ്സിംങ്ങ് കോഴ്സും പാസായി .ജനറൽ ഹോസ്പിറ്റലിൽ നെഴ്സായപ്പോഴും മറ്റുള്ളവർക്കായി ജീവിച്ചു.അശരണരെ സഹായിച്ചു.പക്ഷേ, അവളുടെ മനസ് ആരും കണ്ടില്ല.
 സ്നേഹിക്കാനും പ്രേമിക്കാനും, മനസാക്ഷിക്കനുസരിച്ച് ജീവിക്കാനും, സ്വന്തം സഹോദരങ്ങളും സമൂഹവും അവളെ അനവദിക്കുന്നില്ല. 

അവസാനം, നാട്ടുനടപ്പനുസരിച്ച് നടത്തിയ നിക്കാഹ് ഒഴിഞ്ഞ്,തന്നെ സ്നേഹിക്കുന്നവനെ ജീവിത സഖാവാക്കി. അയാളച്ചുതന്ന വിസയുമായി, കൈക്കുഞ്ഞിനൊപ്പം ഗൾഫിൽ വിമാനമിറങ്ങിയ അവൾ തിരിച്ചറിയുന്നതിങ്ങനെ:'ഇരുപത്തിനാല് വർഷക്കാലം ഞാനനുഭവവിച്ച ദുരിതങ്ങളെക്കാൾ വലിയ ദുരന്തങ്ങളുമായി ദുബായ് നഗരം എന്നെ കാത്തിരിക്കുന്നതറിയാതെ ഞാൻ തിടുക്കപ്പെട്ട്,മുന്നിലെത്തി നിന്നു.'

 ഉത്തര മലബാറിലെ ദരിദ്രരായ മുസ്ലീങ്ങളുടെ, അതും നിസ്വരായ സ്ത്രീകളുടെ ജീവിതം, ഇത്രയും സമഗ്രമായി മലയാള സാഹിത്യത്തിൽ ആരും രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ സാധാരണക്കാരുടെ നാട്ടുഭാഷ അതീവ ചാരുതയോടെ, സംഭാഷണങ്ങളിൽ സത്യസന്ധമായി ഒപ്പിയെടുത്തു, നോവലിസ്റ്റ് .

ഒരിക്കലും മനസിൽ നിന്ന് മായാത്ത എത്രയെത്ര മനഷ്യർ ! അൻവർ,ഷുക്കൂർ ,ജമ്പാർ, തൗസർ, മുനീർ എന്നീ ഭായിമാർ .ഉമ്മ ,'കുതിര' എന്ന് വിളിക്കുന്ന ഹാജിറ എന്ന ഇത്താത്ത .പിന്നെ റംല, മബുദ്ധിമാന്ദ്യമുള്ള സൗറ.പെരുന്നാളിന്  ഉടുപ്പണിയിച്ച്,'ഉമ്മക്കൊത്സു'എന്ന് പേരുമിട്ട്,കോഴിയെയും പിന്നെ ആടിനെയും ഓമനിച്ച് വളർത്തുന്ന റാഫി എന്ന അനുജൻ, ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും വഴിയിൽ നിന്ന് പട്ടിണിപ്പിള്ളേരെയും കൂട്ടി,ഇല്ലായ്മയുടെ കുടിയിലേക്ക് വരുന്ന ഉപ്പ, കണ്ണൻ മാഷിൻ്റെ ക്ലാസ് ജനാലയിലൂടെ കേട്ടും നോക്കിയും പഠിക്കാൻ വരുന്ന കുഞ്ഞായി എന്ന അനാഥ ബാലിക......

അസാധാരണമായ, അനുഭവങ്ങളുടെ കുത്തൊഴുക്കാണ് ഇവിടെ. ഒരു നോവൽ എന്നതിലുപരി, ആത്മകഥയുടെ ഗില്പഘടനയാണിതിന് 
സുഗമമായ വായനയെ തടസപ്പെടുത്തുന്ന പ്രധാന പ്രശ്നം, ഒഴുക്കുള്ള ആഖ്യാനത്തെ ഇടയ്ക്കിടക്ക് തടസ്സപ്പെടുത്തുന്ന ഒട്ടേറെ വാക്കുകളും പ്രയോഗങ്ങളുമാണ്. ഉദാഹരണങ്ങളേറെയുണ്ട്: 'ഉദ്ദീക്ഷണാ വൈഭവമുള്ള കണ്ണുകൾ, വിമനസ്ഥത, അദ്ധ്യയനം നവാഗതമായിട്ട്, അച്ചടക്കം ബന്ധിതമായ ക്ലാസ് മുറി, എൻ്റെ അല്പത, പരിച്ഛേദമന്യമായ ആത്മലയത്തിൻ്റെ സങ്കലനം, ക്രമീകൃത പരിപാടി,മർദ്ദിത മുഖം, ജീപ്പിനുള്ളിലെ ബീഭത്സം, ആകാശം അനാച്ഛാദനം ചെയ്യപ്പെട്ട പോലെ, സ്വേദന നനവുള്ള നെഞ്ച്, സ്വാദൃശ്യാഭിരുചിയുള്ള പുസ്തകം, അപ്രേയമായ ഉദ്ദീപനം.... എന്നിങ്ങനെ, അനാവശ്യവും അർത്ഥശൂന്യവുമായ ധാരാളം പ്രയോഗങ്ങൾ തീർച്ചയായും ഒഴിവാക്കാമായിരുന്നു.

മൂന്നു ഭാഗങ്ങളായി മാത്രം തിരിക്കപ്പെട്ട ഈ ബൃഹദ് രചന അദ്ധ്യായങ്ങളായി തിരിക്കുകയും, കഥാസന്ദർങ്ങൾക്കനുസരിച്ച്, ഖണ്ഡികകൾക്കിടയിൽ ആവശ്യമുള്ളിടത്തെല്ലാം ചിഹ്നങ്ങൾ നൽകുകയും വേണം.

പ്രസാധനത്തിന് മുൻപ്,ഒരു ലിറ്റററി എഡിറ്ററുടെ കൈകളിലൂടെ സസൂക്ഷ്മം കടന്ന്പോയിരുന്നുവെങ്കിൽ, ഈ രചന 300 പേജിൽ,രൂപഭദ്രമായ ഒന്നാന്തരം നോവലാകുമായിരുന്നു.

പുരസ്കാരങ്ങൾ ധാരാളം നേടിയ, പല പതിപ്പുകൾ ഇതിനോടകം ഇറങ്ങിയ ഷെമിയുടെ 'നടവഴിയിലെ നേരുകൾ', അടുത്ത പതിപ്പിലെങ്കിലും ഈ പോരായ്മകൾ പരിഹരിച്ച് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

അത് എന്തായാലും, പ്രതിസന്ധികളുടെ ലാവാപ്രവാഹത്തിനു നടുവിൽ നിന്ന്, അതിജീവനത്തിനായി പോരാടുന്നവരെല്ലാം,ആത്മബലത്തിനായി ആവർത്തിച്ച് വായിക്കേണ്ടതാണ് ഷെമി, സ്വന്തം ജീവിതം കൊണ്ടെഴുതിയ ഈ കൃതി.

# ഷെമി
# നടവഴിയിലെ നേരുകൾ

മതാതീത ആത്മീയതയുടെ അനശ്വര ഗീതങ്ങൾ



100 കബീർ കവിതകൾ
രബീന്ദ്രനാഥ ടാഗോർ
പരിഭാഷ: കെ.ജയകുമാർ
പേജ് 134, വില 170 രൂപ
പ്രസാധകർ: മാതൃഭൂമി ബുക്സ്.
 
മതാതീത ആത്മീയതയുടെ അനശ്വരഗീതങ്ങളാണ് കബീറിൻ്റേത്. താൻ അള്ളാഹുവിൻ്റെയും രാമൻ്റേയും മകനാണെന്ന് മിസ്റ്റിക്കായ കബീർ എഴുതിയത് പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു.

കബീർ സൂക്തങ്ങൾ നൂറ്റാണ്ടുകൾക്കിപ്പുറം, മഹാത്മാഗാന്ധിയേയും ടാഗോറിനേയും മാത്രമല്ല, ശ്രീനാരായണ ഗുരുവിനെയും വയലാറിനേയും സ്പർശിച്ചിരിക്കാം.

രാമനും റഹീമും ഒന്നാണന്ന് എഴുതിയ കബീർ, ദൈവം ഓരോരുത്തരുടെയും ഹൃദയത്തിലാണ്,നൻമയിലും ധാർമ്മികതയിലുമാണ് കുടികൊള്ളുന്നതെന്ന പുതിയ മൂല്യബോധം മുന്നോട്ടുവച്ചു.

 മതങ്ങളേയും ,പുരോഹിതരേയും, വേദേതിഹാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നിരാകരിക്കുന്ന ആത്മീയതയാണ് കബീർ ഗീതങ്ങൾ നിറയെ.  ആത്മസാക്ഷാത്കാരത്തിന് ബിംബാരാധനയോ, ക്ഷേത്രങ്ങളോ, നാമജ പമോ,ബ്രാഹ്ണരുടെ ഇടനിലയോ ആവശ്യമില്ലെന്ന് കബീർ എഴുതി. ;
'കാഷായ വസ്ത്രം ധരിച്ച്, ഹേ സന്യാസിമാരേ, നിങ്ങളെന്തിനാണ് ലോകത്തിൽ നിന്നകന്ന് കഴിയുന്നത്?'

ആത്മാനന്ദംതേടി ഒരജ്ഞാത തീരത്തേക്കും ആരും പോകേണ്ടതില്ല. കാരണം, അവിടെ ഒന്നുമില്ല.
'ആ ശൂന്യതയിൽ നീ ശൂന്യത മാത്രമറിയും.
കരുത്താർജ്ജിച്ച് സ്വന്തം ഉടലിൽ പ്രവേശിക്കൂ, അവിടെ പാദങ്ങൾ ദൃഢമാണ്: ഓ,ഹൃദയമേ, മറ്റെങ്ങും പോകെണ്ടതില്ലെ'ന്ന് കബീർ പാടിയത് അക്കാലത്തെ സാമൂഹികക്രമത്തെ പിടിച്ചുലച്ചിരിക്കണം. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ നിരാകരിച്ചുവെന്നാരോപിച്ച്,
അന്നത്തെ ഭരണാധികാരി അദ്ദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കി. പിന്നെ മൂന്ന് പതിറ്റാണ്ടോളം സൂഫിയായി അലഞ്ഞു നടന്ന അദ്ദേഹത്തിൻ്റെ ഗീതങ്ങൾക്ക് പ്രചുരപ്രചാരം ലഭിച്ചു.'കബീർ പന്ഥികൾ' എന്ന പേരിൽ, അദ്ദേഹത്തിൻ്റെ പാരമ്പര്യം പിൻതുടരുന്നവരുടെ തലമുറകളുണ്ടായി.

സാധാരണക്കാരുടെ ഭാഷയിൽ,അവരുടെ നിത്യജീവിതത്തിലുപയോഗിക്കുന്ന പക്ഷികളെയും വൃക്ഷങ്ങളേയും, കർഷകരേയും വധൂ വരൻമാരെയുമൊക്കെ കാവ്യബിംബങ്ങളും പ്രതീകങ്ങളുമാക്കി അദ്ദേഹം നൂറുകണക്കിന് സൂക്തങ്ങളുണ്ടാക്കി. നിരക്ഷരനായിരുന്ന കബീർ അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്ത് എഴുതിക്കുകയായിരുന്നുവത്രേ.

അദ്ദേഹം വാരണാസിയിലെ ഒരു നെയ്ത്തു കുടുംബത്തിലാണ് പിറന്നതെന്ന് കരുതപ്പെടുന്നു.രാമാനന്ദനിൽ നിന്ന് വേദങ്ങളും മറ്റും അഭ്യസിച്ച കബീർ, മത ഭേദങ്ങൾക്കപ്പുറമാണ് ഈശ്വരചൈതന്യമെന്ന് തിരിച്ചറിഞ്ഞു.

1914-ൽ അദ്ദേഹത്തിൻ്റെ 100 കവിതകൾ, മഹാകവി രബീന്ദ്രനാഥ ടാഗോർ 'One hundred songs of Kabir'( കബീറിൻ്റെ നൂറു ഗീതങ്ങൾ) എന്ന പേരിൽ സമാഹരിച്ചതോടെ, അദ്ദേഹം പാശ്ചാത്യ ലോകത്തും ശ്രദ്ധിക്കപ്പെട്ടു.

നാട്ടു ഹിന്ദിയിൽ എഴുതപ്പെട്ട കബീർ കവിതകൾ, ലളിതപദങ്ങളുപയോഗിച്ച് മൊഴിമാറ്റം നടത്തിയിരിക്കുകയാണ്, കെ.ജയകുമാർ.

കബീർ കവിതകൾക്ക് ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതിയിൽ പ്രസക്തിയേറുകയാണ്. ആത്മാവിൽ ദൈവത്തെ കുടിയിരുത്തിയിരിക്കുന്നു, അദ്ദേഹം.ഇവിടെ മതങ്ങൾ അപ്രസക്തം. ഇവിടെ, 'വ്യക്തി ദൈവവും പ്രപഞ്ചനാഥനായ ദൈവവും തമ്മിൽ അന്തരമില്ല. സഗുണോപാസനയും നിർഗുണോപാസനയും തമ്മിൽ വൈരുദ്ധ്യമില്ല.കബീർ ഉപാസിക്കുന്ന രാമൻ ത്രേതായുഗത്തിൽ ജീവിച്ച രാമായണ കഥയിലെ നായകനല്ല .അഗോചരമായ ദൈവത്തിൻ്റെ ദർശനീയമായ പ്രതീകം മാത്രമാണ്, ആത്മാവിൻ്റെ പ്രണയഭാജനമാണ് ആ ദൈവം' എന്ന് ആമുഖത്തിൽ കെ.ജയകുമാർ 
നിരീക്ഷിക്കുന്നുണ്ട്.
ആദ്യ ഗീതകത്തിൽ തന്നെ കബീറിൻ്റെ ഈ ദർശന പൊരുളുണ്ട്:

'ഓ!എവിടെയാണ് എന്നെ നീ
തിരയുന്നത്? നോക്കൂ, ഞാൻ
എത്ര അരികിലാണ്!
മന്ദിരത്തിലും പള്ളിയിലുമില്ല ഞാൻ.കബയിലും കൈലാസത്തിലുമില്ല.
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമില്ല.

യഥാർത്ഥ അന്വേഷകന് എന്നെ
തൽക്ഷണം കാണാനാവും
ഒരൊറ്റ മാത്രയിൽ സന്ധിക്കാനാവും

കബീർ പറയും: ഓ! സാധു!
ദൈവം പ്രാണവായുവിലെ 
പ്രാണനാണല്ലോ.'

ആചാരാനുഷ്ഠാനങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നതാണ് അദ്ദേഹത്തിൻ്റെ സൂക്തങ്ങളിൽ മിക്കവയും .പുണ്യനദികളെയും പുണ്യസ്നാനങ്ങളേയും അഭി ഷേകങ്ങളെയും കബീർ നിരീക്ഷിക്കുന്നതിങ്ങനെ: 
'പരിശുദ്ധസ്നാനഘട്ടങ്ങൾ വെറും ജലം മാത്രം, പ്രയോജനരഹിതം.
ഞാനതിൽ ഏറെ മുങ്ങി''.

'പുഴയും തരംഗങ്ങളും ഒരേ ജലം.
 ഓളം ഉയരുമ്പോൾ ജലം
താഴുമ്പോഴും ജലം.'

അദ്വൈത ദർശനം, ശ്രീനാരായണ ഗുരുവിൻ്റെ പ്രശസ്തമായ 'ദൈവദശക'ത്തിൻ്റേയും കബീറിന് ചില ഗീതങ്ങളുടേയും അടിസ്ഥാനമാന്നെന്ന് ഈ കവിത നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്:
'... അവൻ തന്നെയാണ്
സൂര്യനും പ്രകാശവും പ്രകാശിതയും
അവൻ തന്നെയാണ് 
സ്രഷ്ടാവും സൃഷ്ടിയും മായയും....'.

എല്ലാ മതങ്ങളൾക്കുമപ്പുറം, മാനവികതയിലും ആത്മശുദ്ധിയിലു മൂന്നിനിന്നു കൊണ്ടുള്ള ആത്മീയത എന്ന കബീറിൻ്റെ ദർശനം കാലാതീതമാണ്. മതവൈരത്തിനെതിരായ ശക്തമായ പ്രതിരോധമാണത്.

ഉത്തരേന്ത്യയിലെ സാധാരണക്കാർ നൂറ്റാണ്ടുകളായി പാടി നടന്ന കബീർ സൂക്തങ്ങളുടെ ആലാപന സൗകുമാര്യമുള്ള ഭാഷാന്തരീകരണമല്ല ഇത്. അങ്ങെനെയൊന്ന് ഉണ്ടായെങ്കിൽ!

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍